Connect with us

National

ഉത്തർപ്രദേശിൽ 3700 കോടി രൂപയുടെ സെമികണ്ടക്ടർ യൂണിറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

രാജ്യത്തെ ആറാമത്തെ സെമി കണ്ടക്ടർ യൂണിറ്റ്

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യ സെമികണ്ടക്ടർ മിഷന് കീഴിൽ ഒരു സെമികണ്ടക്ടർ യൂണിറ്റ് കൂടി സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകി. എച്ച്‌സി‌എല്ലിന്റെയും ഫോക്‌സ്‌കോണിന്റെയും സംയുക്ത സംരംഭത്തിനാണ് അംഗീകാരം നലകിയതെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. യമുന എക്‌സ്‌പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി അഥവാ യെയ്ഡയിലെ ജെവാർ വിമാനത്താവളത്തിന് സമീപമാകും പ്ലാന്റ് സ്ഥാപിക്കുക. ഇതിനകം അഞ്ച് സെമികണ്ടക്ടർ യൂണിറ്റുകൾ നിർമ്മാണം പുരോഗമിച്ചുവരികയാണ്. ആറാമത്തെ യൂണിറ്റാണ് ജെവാറിൽ സ്ഥാപിക്കുന്നത്.

മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, വാഹനങ്ങൾ, പേഴ്സണൽ കംപ്യൂട്ടറുകൾ, ഡിസ്‌പ്ലേ ഉള്ള മറ്റ് നിരവധി ഉപകരണങ്ങൾ എന്നിവയ്‌ക്കായി ഡിസ്‌പ്ലേ ഡ്രൈവർ ചിപ്പുകൾ ഈ പ്ലാന്റ് നിർമ്മിക്കും. പ്രതിമാസം 20,000 വേഫറുകൾക്കായാണ് പ്ലാന്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഡിസൈൻ ഔട്ട്‌പുട്ട് ശേഷി പ്രതിമാസം 36 ദശലക്ഷം യൂണിറ്റാണ്. പദ്ധതി 3,700 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കും.

ഹാർഡ്‌വെയർ വികസിപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും എച്ച്‌സി‌എല്ലിന് നീണ്ട ചരിത്രമുണ്ട്. ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ ആഗോളതലത്തിൽ ഒരു പ്രധാന സ്ഥാപനമാണ് ഫോക്‌സ്‌കോൺ.

രാജ്യത്ത് ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, സെർവർ, മെഡിക്കൽ ഉപകരണങ്ങൾ, പവർ ഇലക്ട്രോണിക്‌സ്, പ്രതിരോധ ഉപകരണങ്ങൾ, ഉപഭോക്തൃ ഇലക്ട്രോണിക്‌സ് നിർമ്മാണം എന്നിവയുടെ ദ്രുതഗതിയിലെ വളർച്ചക്കൊപ്പം സെമികണ്ടക്ടറിനുള്ള ആവശ്യവും വർധിക്കുകയാണ്.