Connect with us

local body election 2025

യു ഡി എഫിന് വലിയ മുന്നേറ്റമുണ്ടാകും: എ പി അനിൽകുമാർ

2010ൽ യു ഡി എഫിന് കേരളത്തിലുണ്ടായ വലിയ മുന്നേറ്റം ഇപ്രാവശ്യവും ആവര്‍ത്തിക്കും. ജില്ലയിൽ വലിയ ഐക്യമാണ് ഇത്തവണയുള്ളത്.

Published

|

Last Updated

മലപ്പുറം | മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി ശക്തമായ കെട്ടുറപ്പോടെയാണ് യു ഡി എഫ് ജില്ലയിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് എ പി അനിൽകുമാർ. മലപ്പുറം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മീറ്റ ദി ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2010ൽ യു ഡി എഫിന് കേരളത്തിലുണ്ടായ വലിയ മുന്നേറ്റം ഇപ്രാവശ്യവും ആവര്‍ത്തിക്കും. ജില്ലയിൽ വലിയ ഐക്യമാണ് ഇത്തവണയുള്ളത്. ഒന്നോ രണ്ടോ ഇടങ്ങളിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കും.

നടപടിയുണ്ടാകും

മുന്നണി തീരുമാനത്തിന് വിരുദ്ധമായി എന്തെങ്കിലും പ്രവർത്തനങ്ങൾ ഉണ്ടായാൽ പാർട്ടിതലത്തിൽ നടപടിയുണ്ടാകും. പൊന്മുണ്ടത്ത് 25 വർഷമായി യു ഡി എഫ് സംവിധാനം ഇല്ല. സംഘടനാ വിരുദ്ധ നടപടികള്‍ പൊന്മുണ്ടത്ത് മാത്രമല്ല എവിടെ നടന്നാലും നടപടിയുണ്ടാകും.

ലീഗിനർഹമായ പരിഗണന നൽകിയിട്ടുണ്ട്

തെക്കൻ ജില്ലകളിൽ സീറ്റ് നൽകുന്നതിൽ മുസ്‍ലിം ലീഗിന് അർഹമായ പരിഗണന നൽകിയില്ലെന്ന ആരോപണം തെറ്റാണെന്നായിരുന്നു മറുപടി. അർഹമായ പ്രാതിനിധ്യം നൽകണമെന്നും അവർക്ക് കിട്ടിക്കൊണ്ടിരുന്ന സീറ്റ് അവർക്ക് തന്നെ നൽകണമെന്നും ആവശ്യപ്പെട്ടതാണ്. ഘടകകക്ഷികൾക്ക് നൽകിയ സീറ്റ് പിടിച്ചടക്കാൻ പാടില്ലെന്ന് നിർദേശം നൽകിയതാണ്.

സഖ്യം യു ഡി എഫ് ഘടകകക്ഷികളുമായി

വെൽഫെയർ പാർട്ടിയുമായി കോൺഗ്രസ്സ് സംഖ്യത്തിലാണെന്ന പ്രചാരണം തെറ്റാണ്.
തദ്ദേശ തിരഞ്ഞെടുപ്പാകുമ്പോൾ പ്രാദേശിക തലത്തിൽ നീക്കുപോക്കുണ്ടാകും. അങ്ങനെ കണ്ടാൽ മതി. ഞങ്ങൾക്ക് ആര് വോട്ട് ചെയ്താലും അത് സ്വീകരിക്കും.

അൻവർ: യു ഡി എഫ് തീരുമാനിക്കും

പി വി അൻവറിനോടുള്ള സമീപനം യു ഡി എഫ് നേതാക്കൾ ഉടന്‍ തീരുമാനിക്കും. വിഷയത്തിൽ എന്റെ അഭിപ്രായം പാർട്ടി നേതാക്കളോട് പറഞ്ഞിട്ടുണ്ട്. പാർട്ടി എന്ത് നിലപാട് എടുത്താലും സ്വീകരിക്കും. എല്ലാവരുടെയും വോട്ട് യു ഡി എഫിന് വേണം.

സർക്കാറിനെതിരെ ജനവികാരം

ഒരു കാലത്തുമില്ലാത്ത തരത്തിൽ സർക്കാറിനെതിരെ ജനവികാരമുള്ള തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. എം എൽ എയായ സി പി എം നേതാവ് ശബരിമലയിലെ കവർച്ചയുടെ പേരിൽ ഇപ്പോൾ ജയിലിലാണ്. കോൺഗ്രസ്സ് ശക്തമായി ഇതെല്ലാം ജനങ്ങളുടെ മുന്നിൽ എത്തിച്ചിട്ടുണ്ട്.

മികച്ച സ്ഥാനാർഥികൾ

ജില്ലാ പഞ്ചായത്തിലേക്ക് കോൺഗ്രസ്സ് പ്രഖ്യാപിച്ചത് മികച്ച സ്ഥാനാർഥികളെയാണ്. എല്ലാവർക്കും പരിഗണന നൽകിയുള്ള പട്ടികയാണ് പുറത്തിറക്കിയത്.
ഓരോ ഡിവിഷനിലേക്കും ഒന്നിലധികം പേരുകൾ വന്നതിനാൽ ചർച്ച ചെയ്യേണ്ടി വന്നതിനാലാണ് പ്രഖ്യാപനം വൈകിയത്.

കഴിവും പ്രാപ്തിയുമുള്ള നിരവധി പേരില്‍നിന്നും എല്ലാ ഘടകങ്ങളും പരിശോധിച്ചാണ് സ്ഥാനാർഥികളെ കണ്ടെത്തിയത്.

ഇപ്പോൾ കോണ്‍ഗ്രസ്സിൽ ഗ്രൂപ്പ് രാഷ്ട്രീയമില്ല. അതുകൊണ്ട് തന്നെ സ്ഥാനാർഥി നിർണയത്തിലടക്കം ഏകപക്ഷിയ നിലപാട് സ്വീകരിക്കാതെ എല്ലാവരുമായി ചർച്ച ചെയ്താണ് തീരുമാനത്തിലെത്തിത്. എ പി അനിൽകുമാർ പറഞ്ഞു.
പരിപാടിയിൽ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എസ് മഹേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി പി നിസാർ സ്വാഗതവും മുജീബ് പുള്ളിച്ചോല നന്ദിയും പറഞ്ഞു. എ പി അനിൽകുമറിനുള്ള മൊമന്റോ ജില്ലാ കമ്മിറ്റിയംഗം ജയേഷ് വില്ലോടി നൽകി.

Latest