Uae
യു എ ഇ; വ്യാവസായിക കയറ്റുമതിയിൽ റെക്കോർഡ് വളർച്ച
യു എ ഇയുടെ നേട്ടം 26,200 കോടി
ദുബൈ | യു എ ഇയുടെ വ്യാവസായിക ഉത്പന്ന കയറ്റുമതിയിൽ റെക്കോർഡ് വളർച്ച. രാജ്യത്തെ വ്യാവസായിക ഉല്പന്നങ്ങളുടെ കയറ്റുമതി 26,200 കോടി ദിർഹം കവിഞ്ഞതായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അറിയിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 25 ശതമാനം വാർഷിക വളർച്ചയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്. മേഖലയിലെ മുൻനിര വ്യാവസായിക കയറ്റുമതി രാജ്യമായി യു എ ഇ മാറിയെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
മത്സരാധിഷ്ഠിത ദേശീയ സമ്പദ്്വ്യവസ്ഥയുടെ നട്ടെല്ല് ശക്തമായ വ്യാവസായിക അടിത്തറയാണ്. ദേശീയ വ്യാവസായിക സമ്പദ്്വ്യവസ്ഥ കൈവരിച്ച ഈ മുന്നേറ്റത്തിൽ അഭിമാനിക്കുന്നു. ആകെ കയറ്റുമതി ചെയ്ത ഉത്പന്നങ്ങളിൽ 9,000 കോടി ദിർഹവും സാങ്കേതികവിദ്യാധിഷ്ഠിത വ്യവസായങ്ങളിൽ നിന്നുള്ളതാണ് എന്നത് രാജ്യത്തിന്റെ ആധുനികവത്കരണത്തിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ നിയമനിർമാണങ്ങളും സ്വകാര്യ മേഖലയുടെ പങ്കാളിത്തവും തമ്മിലുള്ള കൃത്യമായ ഏകോപനമാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകം. അത്യാധുനികമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും സുസ്ഥിരമായ ബേങ്കിംഗ് സംവിധാനവുമാണ് യു എ ഇയുടെ വ്യാവസായിക കുതിപ്പിന് കരുത്തേകുന്നത്. രാജ്യത്തെ ഒരു ആഗോള വ്യാവസായിക ശക്തികേന്ദ്രമായി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ വർഷത്തെ മികച്ച പ്രകടനം തുടരാൻ സാധിക്കുമെന്നും വരും വർഷങ്ങളിൽ ഇതിലും വലിയ വളർച്ച കൈവരിക്കാൻ യു എ ഇക്ക് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.




