First Gear
വാഹന മലിനീകരണ പരിശോധനയിൽ വലിയ മാറ്റം; അടുത്ത വർഷം മുതൽ പുതിയ മാനദണ്ഡങ്ങൾ നിലവിൽ വരും
നിലവിൽ ഇന്ത്യ പിന്തുടരുന്ന മോഡിഫൈഡ് ഇന്ത്യൻ ഡ്രൈവിംഗ് സൈക്കിളിന് (എം ഐ ഡി സി) പകരം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വേൾഡ് വൈഡ് ഹാർമണൈസ്ഡ് ലൈറ്റ് വെഹിക്കിൾ ടെസ്റ്റ് പ്രൊസീജ്യർ (ഡബ്ല്യു എൽ ടി പി) രീതിയായിരിക്കും ഇനി മുതൽ നടപ്പിലാക്കുക.
ന്യൂഡൽഹി | രാജ്യത്തെ വാഹന മലിനീകരണ പരിശോധനാ ചട്ടങ്ങൾ കൂടുതൽ കർശനമാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു. 2027 ഏപ്രിൽ മുതൽ എം 1, എം 2 വിഭാഗത്തിൽപ്പെട്ട വാഹനങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ ബാധകമാകും. നിലവിൽ ഇന്ത്യ പിന്തുടരുന്ന മോഡിഫൈഡ് ഇന്ത്യൻ ഡ്രൈവിംഗ് സൈക്കിളിന് (എം ഐ ഡി സി) പകരം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വേൾഡ് വൈഡ് ഹാർമണൈസ്ഡ് ലൈറ്റ് വെഹിക്കിൾ ടെസ്റ്റ് പ്രൊസീജ്യർ (ഡബ്ല്യു എൽ ടി പി) രീതിയായിരിക്കും ഇനി മുതൽ നടപ്പിലാക്കുക.
യൂറോപ്യൻ രാജ്യങ്ങൾ 2018 മുതൽ പിന്തുടരുന്ന ഈ രീതി വാഹനങ്ങൾ റോഡിലോടുമ്പോൾ പുറന്തള്ളുന്ന പുകയുടെ അളവ് കൂടുതൽ കൃത്യമായി കണക്കാക്കാൻ സഹായിക്കും. ഡ്രൈവർ ഉൾപ്പെടെ എട്ട് സീറ്റുകൾ വരെയുള്ള കാറുകളും ഹാച്ച്ബാക്കുകളും എം 1 വിഭാഗത്തിലും, ഒൻപതോ അതിലധികമോ സീറ്റുകളുള്ളതും അഞ്ച് ടണ്ണിൽ താഴെ ഭാരമുള്ളതുമായ മിനി ബസ്സുകൾ പോലുള്ള വാഹനങ്ങൾ എം 2 വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്.
ബി എസ്-6 നിലവാരത്തിലുള്ള എല്ലാ വാഹനങ്ങളും പുതിയ പരിശോധനയ്ക്ക് വിധേയമാകേണ്ടി വരും. കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡ് തുടങ്ങിയ വാതകങ്ങളുടെ അളവ് ലാബ് പരിശോധനയിൽ ലഭിക്കുന്നതിനേക്കാൾ കൃത്യമായി റോഡിലെ സാഹചര്യങ്ങളിൽ മനസ്സിലാക്കാൻ ഡബ്ല്യു എൽ ടി പി സഹായിക്കും. ഇത് വാഹന നിർമ്മാതാക്കളെ കൂടുതൽ പരിസ്ഥിതി സൗഹൃദമായ എഞ്ചിനുകൾ നിർമ്മിക്കാൻ പ്രേരിപ്പിക്കും.
ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വാഹനത്തിന്റെ മൈലേജ്, ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ച് എന്നിവയെക്കുറിച്ചുള്ള കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭ്യമാകാൻ ഈ മാറ്റം ഉപകരിക്കും. കേന്ദ്ര മോട്ടോർ വാഹന ചട്ടം 1989 ഭേദഗതി ചെയ്തുകൊണ്ടാണ് സർക്കാർ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ട കഫേ (സി എ എഫ് ഇ) മാനദണ്ഡങ്ങളും 2027 ഓടെ പുതിയ രീതിയിലേക്ക് മാറ്റാൻ നിർദ്ദേശമുണ്ട്.





