Kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള: മുഖ്യമന്ത്രിയുടെ മൊഴി എടുക്കണം; എസ്‌ഐടിയില്‍ സിപിഐഎം ഏജന്റുമാരുണ്ട്; വിഡി സതീശന്‍
നല്ല കമ്യൂണിസ്റ്റുകാര്‍ യുഡിഎഫിനൊപ്പമാണ്. സച്ചിദാനന്ദന്‍ അഭിപ്രായം തുറന്നു പറയാന്‍ ഭയമില്ലാത്തയാളാണ്.
തിരുവനന്തപുരം| ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം എന്താണെന്ന് അറിയണം. എസ്‌ഐടിയില്‍ സിപിഐഎമ്മിന്റെ ഏജന്റുമാരുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഏജന്റുമാരാണെന്നും വിഡി സതീശന്‍ ആരോപിച്ചു.
കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് നാല് ദിവസം കഴിഞ്ഞാണ് അറിഞ്ഞത്. അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ചോര്‍ത്തി നല്‍കി. ഇടതുമുന്നണി ശിഥിലമാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഘടകകക്ഷികള്‍ക്ക് പരസ്പര വിശ്വാസമില്ല. ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. പിണറായി 3.0 കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവെക്കുകയാണ്. നല്ല കമ്യൂണിസ്റ്റുകാര്‍ യുഡിഎഫിനൊപ്പമാണ്. സച്ചിദാനന്ദന്‍ അഭിപ്രായം തുറന്നു പറയാന്‍ ഭയമില്ലാത്തയാളാണ്. ജനങ്ങളുടെ അഭിപ്രായമാണ് സാംസ്‌കാരിക പ്രവര്‍ത്തകരിലൂടെ പുറത്തു വരുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
വയനാട് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ സഹായത്തിനായി ലിസ്റ്റ് തയ്യാറാക്കിയതില്‍ അപാകതയുണ്ടെന്ന് വിഡി സതീശന്‍ ആരോപിച്ചു. പ്രദേശത്തെ കെട്ടിട ഉടമകള്‍ക്കും വ്യാപാരികള്‍ക്കും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. തുടര്‍ ചികിത്സയ്ക്ക് സഹായവും നല്‍കിയിട്ടില്ല. ഞങ്ങള്‍ എല്ലാവരും സിഎംഡിആര്‍എഫില്‍ പണം കൊടുത്തിട്ടുണ്ട്. പണം കൊടുക്കരുത് എന്നാരോടും പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പു കാലത്ത് കള്ള പ്രചാരണം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു






