Connect with us

Kerala

കേരള സര്‍വകലാശാല വി സിക്കെതിരെ എസ് എഫ് ഐ പ്രതിഷേധം; സംഘര്‍ഷത്തില്‍ കലാശിച്ചു

സര്‍വകലാശാല കലോത്സവം നടത്തുന്നതിന് സര്‍വകലാശാല യൂണിയന് വി സി അനുമതി നല്‍കുന്നില്ല, കായിക വിദ്യാര്‍ഥികള്‍ക്ക് ടി എ നല്‍കുന്നില്ല തുടങ്ങിയവയാണ് ആരോപണങ്ങള്‍.

Published

|

Last Updated

തിരുവനന്തപുരം | കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന്റെ വിദ്യാര്‍ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ എസ് എഫ് ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് കവാടത്തില്‍ പോലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പിന്നീട് സംഘടനാ നേതാക്കളില്‍ ചിലരെ കസ്റ്റഡിയിലെടുത്ത് പോലീസ് ബസില്‍ കയറ്റി. എന്നാല്‍ ബസ് പുറത്തേക്കെടുക്കാന്‍ അനുവദിക്കാതെ പ്രവര്‍ത്തകര്‍ തടഞ്ഞു. ഗേറ്റ് പുറത്തുനിന്ന് അടച്ച് കയറുകൊണ്ട് കെട്ടി. പോലീസ് ഏറെ പണിപ്പെട്ടാണ് ഗേറ്റ് തുറന്ന് ബസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് കന്റോണ്‍മെന്റ് സ്‌റ്റേഷനിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

സര്‍വകലാശാല കലോത്സവം നടത്തുന്നതിന് സര്‍വകലാശാല യൂണിയന് വി സി അനുമതി നല്‍കുന്നില്ലെന്നാണ് എസ് എഫ് ഐയുടെ പ്രധാന ആരോപണം. കായിക വിദ്യാര്‍ഥികള്‍ക്ക് ടി എ നല്‍കുന്നില്ലെന്നും സംഘടന ആരോപിക്കുന്നു.

കലോത്സവം നടത്താന്‍ അനുമതി നല്‍കണമെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടും വിസി മോഹനന്‍ കുന്നുമ്മല്‍ അനുകൂല നിലപാട് സ്വീകരിച്ചില്ല. സര്‍വകലാശാലയില്‍ ആര്‍ട്‌സും സ്‌പോര്‍ട്‌സും അനുവദിക്കില്ല എന്ന വി സിയുടെ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെയാണ് എസ് എഫ് ഐയുടെ പ്രതിഷേധം. കഴിഞ്ഞ ബുധനാഴ്ച മുതല്‍ സര്‍വകലാശാല ആസ്ഥാനത്ത് രാപ്പകല്‍ സമരം ആരംഭിച്ചിരുന്നു. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സംസ്ഥാന സെക്രട്ടറി എസ് സഞ്ജീവ് തുടങ്ങിയ നേതാക്കളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

 

---- facebook comment plugin here -----

Latest