Connect with us

National

സ്പീക്കർ ഓം ബിർളക്കെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി

സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടാകുന്ന പക്ഷപാതപരമായ നിലപാടുകൾ, സംസാരിക്കാൻ സമയം അനുവദിക്കാത്ത സാഹചര്യം, സഭാനടപടികളിലെ തടസ്സങ്ങൾ എന്നിവയിലുള്ള പ്രതിഷേധമാണ് നോട്ടീസിന് ആധാരമെന്ന് പ്രതിപക്ഷ നേതാക്കൾ

Published

|

Last Updated

ന്യൂഡൽഹി | ലോക്സഭാ സ്പീക്കർ ഓം ബിർളക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. പാർലിമെന്റിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പോരാട്ടം ശക്തമാകുന്നതിനിടെയാണ് അസാധാരണ നീക്കം. ചട്ടങ്ങൾ പ്രകാരം ഉച്ചയ്ക്ക് 1:14 ന് ലോക്സഭാ സെക്രട്ടറി ജനറലിനാണ് നോട്ടീസ് കൈമാറിയതെന്ന് കോൺഗ്രസ് എം പി. ഗൗരവ് ഗൊഗോയ് അറിയിച്ചു. ഏകദേശം 118 എം പി.മാരുടെ ഒപ്പുകൾ അടങ്ങിയതാണ് ഈ പ്രമേയം.

സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടാകുന്ന പക്ഷപാതപരമായ നിലപാടുകൾ, സംസാരിക്കാൻ സമയം അനുവദിക്കാത്ത സാഹചര്യം, സഭാനടപടികളിലെ തടസ്സങ്ങൾ എന്നിവയിലുള്ള പ്രതിഷേധമാണ് നോട്ടീസിന് ആധാരമെന്ന് പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കി. എന്നാൽ പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നോട്ടീസിൽ ഒപ്പുവെച്ചിട്ടില്ല. സ്പീക്കർക്കെതിരെയുള്ള നീക്കത്തിൽ പ്രതിപക്ഷ നേതാവ് നേരിട്ട് ഒപ്പിടുന്നത് കീഴ്വഴക്കങ്ങൾക്ക് അനുയോജ്യമല്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

അസാധാരണമായ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നതെന്ന് കോൺഗ്രസ് എം പി. മാണിക്കം ടാഗോർ പറഞ്ഞു. ഭരണഘടനാപരമായ മര്യാദകളിൽ വിശ്വസിക്കുമ്പോഴും ജനകീയ വിഷയങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷത്തിന് അവസരം നിഷേധിക്കപ്പെടുന്നതിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി. വർഷങ്ങളായുള്ള പരാതികൾക്കൊടുവിലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം നോട്ടീസിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ബി ജെ പി. രംഗത്തെത്തി. നോട്ടീസിൽ നിലവിലെ വർഷത്തിന് പകരം 2025 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇത് രേഖയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ബി ജെ പി നേതാക്കൾ പരിഹസിച്ചു. ഇതിനിടെ ഫെബ്രുവരി 4 ന് സഭയിൽ നടന്ന ബഹളങ്ങളിൽ പ്രതിപക്ഷ എം പിമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി ജെ പി വനിതാ എം പി.മാർ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്.

Latest