Uae
ദുബൈ ലൂപ്പ്: ഒന്നാം ഘട്ടത്തിന്റെ നിര്‍മാണം തുടങ്ങി
'തുരങ്കങ്ങളിലെ ടെസ്‌ല' എന്ന് വിളിക്കപ്പെടുന്ന ഈ പദ്ധതിയിലൂടെ നഗരത്തിന്റെ ഒരു ഭാഗത്തുനിന്ന് പ്രവേശിച്ച് മറ്റൊരു ഭാഗത്തേക്ക് അതിവേഗത്തില്‍ ട്രാഫിക് തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും.
ദുബൈ | ദുബൈയിലെ ഭൂഗര്‍ഭ യാത്രാ തുരങ്ക ശൃംഖലയായ ദുബൈ ലൂപ്പ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായുള്ള പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തുരങ്കത്തിന് പത്ത് കോടി പൗണ്ട് (4,53,59,237 കിലോഗ്രാം) ഭാരമുണ്ടാകുമെന്ന് പദ്ധതിയുടെ കരാര്‍ ലഭിച്ച ഇലോണ്‍ മസ്‌കിന്റെ ദ ബോറിംഗ് കമ്പനി വ്യക്തമാക്കി. ഒന്നാം ഘട്ടത്തിനായി 4,000 പൗണ്ട് വീതം ഭാരമുള്ള 25,000 കോണ്‍ക്രീറ്റ് സെഗ്മെന്റുകളാണ് ഉപയോഗിക്കുന്നത്.
ലാസ് വെഗാസിന് ശേഷം ഈ അത്യാധുനിക ഗതാഗത സംവിധാനം അവതരിപ്പിക്കുന്ന ലോകത്തിലെ രണ്ടാമത്തെ നഗരമാണ് ദുബൈ. ‘തുരങ്കങ്ങളിലെ ടെസ്‌ല’ എന്ന് വിളിക്കപ്പെടുന്ന ഈ പദ്ധതിയിലൂടെ നഗരത്തിന്റെ ഒരു ഭാഗത്തുനിന്ന് പ്രവേശിച്ച് മറ്റൊരു ഭാഗത്തേക്ക് അതിവേഗത്തില്‍ ട്രാഫിക് തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും.
ഒന്നാം ഘട്ടത്തില്‍ ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിനെയും (ഡി ഐ എഫ് സി) ദുബൈ മാളിനെയും ബന്ധിപ്പിച്ച് 6.4 കിലോമീറ്റര്‍ ദൂരത്തിലാണ് തുരങ്കം നിര്‍മിക്കുന്നത്. ബുര്‍ജ് ഖലീഫ, ഡി ഐ എഫ് സി 2, സഅബീല്‍ ദുബൈ മാള്‍ പാര്‍ക്കിംഗ്, ഐ സി ഡി ബ്രൂക്ക്ഫീല്‍ഡ് പ്ലേസ് എന്നിവയാണ് ആദ്യ ഘട്ടത്തിലെ നാല് സ്റ്റേഷനുകള്‍. ഇതിനായി 600 മില്യണ്‍ ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടത്തില്‍ 22.5 കിലോ മീറ്റര്‍ നീളത്തില്‍ 19 സ്റ്റേഷനുകളുമായി വ്യാപിപ്പിക്കുന്ന പദ്ധതി ബിസിനസ് ബേ, വേള്‍ഡ് ട്രേഡ് സെന്റര്‍ എന്നിവയെയും ബന്ധിപ്പിക്കും. മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന മുഴുവന്‍ പദ്ധതിയുടെയും ആകെ ചെലവ് 2.5 ബില്യണ്‍ ദിര്‍ഹമാണ്.
ദുബൈയിലെ കനത്ത ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുന്ന ദുബൈ ലൂപ്പ് വഴി നിലവിലുള്ള 20 മിനുട്ട് യാത്രാസമയം വെറും മൂന്ന് മിനുട്ടായി ചുരുങ്ങും. ആദ്യ ഘട്ടത്തില്‍ പ്രതിദിനം 13,000 പേര്‍ക്കും പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ദിവസേന 30,000 യാത്രക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. പരമ്പരാഗത ഗതാഗത നിര്‍മാണ രീതികളെ അപേക്ഷിച്ച് നിലവിലുള്ള റോഡുകളെ ബാധിക്കാതെ കുറഞ്ഞ ചെലവിലും വേഗത്തിലും തുരങ്കങ്ങള്‍ നിര്‍മിക്കാവുന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് ബോറിംഗ് കമ്പനി നടപ്പാക്കുന്നത്.
Content Highlights:
Construction has officially commenced on the first phase of the Dubai Loop project. This ambitious sustainable highway aims to promote green mobility and smart infrastructure in the city. The project will feature extensive cycling and walking tracks wrapped in a climate-controlled environment.



