Uae
ഇത്തിഹാദ് റെയില്‍ യാത്രക്കാര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു
കുട്ടികള്‍ക്ക് പകുതി നിരക്ക്, മുതിര്‍ന്ന പൗരന്മാര്‍ക്ക് 20 ശതമാനം ഇളവ്.
അബൂദബി | ഇത്തിഹാദ് റെയില്‍ യാത്രക്കാര്‍ക്കുള്ള ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. റെയിലിന്റെ പാസഞ്ചര്‍ ചാര്‍ട്ടര്‍ പ്രകാരം 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് എല്ലാ ടിക്കറ്റ് നിരക്കുകളിലും 50 ശതമാനം ഇളവ് ലഭിക്കും. പ്രായം തെളിയിക്കുന്നതിനായി യാത്രക്കാര്‍ സാധുതയുള്ള തിരിച്ചറിയല്‍ രേഖകള്‍ കാണിക്കണം. 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ മുതിര്‍ന്ന ഒരാളുടെ സഹായം നിര്‍ബന്ധമാണ്.
യു എ ഇ സ്വദേശികളും താമസക്കാരുമായ 60 വയസ്സും അതിന് മുകളിലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 20 ശതമാനം ഇളവ് ലഭിക്കും. 18നും 59നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്ന് സാധാരണ നിരക്ക് ഈടാക്കും. രണ്ട് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ മടിയില്‍ ഇരുന്ന് സൗജന്യമായി യാത്ര ചെയ്യാം. ഇവര്‍ക്ക് പ്രത്യേക സീറ്റോ ലഗേജ് ആനുകൂല്യമോ ഉണ്ടായിരിക്കില്ല. ഒരു മുതിര്‍ന്ന വ്യക്തിയുടെ കൂടെ ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ അധികമുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് എടുക്കണം.
അബൂദബി-ഫുജൈറ റൂട്ടിലെ പ്രാരംഭ നിരക്കുകള്‍ കംഫര്‍ട്ട് ക്ലാസിന് 55 ദിര്‍ഹവും പ്രീമിയം ക്ലാസിന് 120 ദിര്‍ഹവുമാണ്. വരാനിരിക്കുന്ന മറ്റ് റൂട്ടുകളിലെ നിരക്കുകള്‍ പിന്നീട് പ്രഖ്യാപിക്കും. ഇത്തിഹാദ് റെയിലിലെ എല്ലാ യാത്രകള്‍ക്കും മുന്‍കൂട്ടി ബുക്കിംഗ് നടത്തേണ്ടത് നിര്‍ബന്ധമാണ്. ട്രെയിന്‍ പുറപ്പെടുന്നതിന് അഞ്ച് മിനുട്ട് മുമ്പ് വരെ ടിക്കറ്റുകള്‍ ലഭ്യമാകും.
ഇതിനിടെ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അബൂദബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ ഇത്തിഹാദ് റെയില്‍ സ്റ്റേഷനില്‍ അബൂദബി പോലീസ് പുതിയ സുരക്ഷാ ഓഫീസ് തുറന്നതായും അധികൃതര്‍ അറിയിച്ചു.
Content Highlights:
Etihad Rail has officially announced ticket fare discounts and exemptions for various passenger categories under its new Passenger Charter. Children under the age of 18 will receive a 50 percent discount on all fares while senior citizens get a 20 percent reduction. Infants under two years old can travel completely free of charge.



