National
ഉച്ചഭക്ഷണത്തിനിടെ ഉപ്പിന് പകരം നല്‍കിയത് ഡിറ്റര്‍ജന്റ്; 40 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ്
ഭുവനേശ്വര്‍| ബിഹാറിലെ നളന്ദയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനിടെ ഉപ്പിന് പകരം നല്‍കിയത് ഡിറ്റര്‍ജന്റ്. ഭക്ഷണം കഴിച്ച് അസ്വസ്ഥത ഉണ്ടായ നാല്‍പ്പതോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള വിദ്യാര്‍ത്ഥികളില്‍ 17 പേര്‍ പെണ്‍കുട്ടികളാണ്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു.
പാരാസി മിഡില്‍ സ്‌കൂളിലേക്ക് എന്‍ജിഒ വഴിയാണ് ഉച്ചഭക്ഷണം എത്തിച്ചിരുന്നത്. ചോറിനൊപ്പം സോയാബീനും ഉരുളക്കിഴങ്ങുകയറിയുമാണ് ഉണ്ടായിരുന്നത്. ഇതില്‍ സോയാബീന്‍ കറിയില്‍ ഉപ്പ് കുറവായിരുന്നതിനാല്‍ കുട്ടികള്‍ ഉപ്പ് വേണമെന്ന് പാചകകാരനോട് ആവശ്യപ്പെട്ടു. പിന്നാലെ ഉപ്പാണെന്ന് കരുതി പാചകകാരന്‍ ഡിറ്റര്‍ജന്റ് നല്‍കുകയായിരുന്നുവെന്ന് സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ശൈലേന്ദ്ര കുമാര്‍ സിങ് പറഞ്ഞു.
നൂര്‍സാരായി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവമുണ്ടായത്. നിലവില്‍ വിദ്യാര്‍ത്ഥികളെല്ലാം അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവം അറിഞ്ഞ് ബിഹാര്‍ ഗ്രാമവികസന മന്ത്രി ശ്രാവണ്‍ കുമാര്‍ ആശുപത്രിയിലെത്തി വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചു. മന്ത്രി ആശുപത്രിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
സ്‌കൂളില്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്നിടത്ത് എങ്ങനെ ഡിറ്റര്‍ജന്റ് വന്നു എന്ന കാര്യത്തിലാണ് ഇപ്പോള്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സ്‌കൂളിലേക്കുള്ള ഭക്ഷണവിതരണ നടപടികളിലും പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
Content Highlights:
Forty students fell ill at a government school in Bihar’s Nalanda after detergent was served instead of salt during lunch. The cook mistakenly handed detergent when children asked for extra salt. All affected students are currently stable, and the education department has ordered an inquiry.


