National
കൊല്‍ക്കത്തയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; ഒമ്പത് പേര്‍ മരിച്ചു, ആറുപേര്‍ക്ക് പരുക്ക്
പുലര്‍ച്ചെ രണ്ടോടെയാണ് നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നായ ന്യൂ മാര്‍ക്കറ്റിന് സമീപത്തെ ഹോട്ടലില്‍ തീപിടിത്തമുണ്ടായത്.
കൊല്‍ക്കത്ത | കൊല്‍ക്കത്തയില്‍ മിര്‍സാ ഗാലിബ് സ്ട്രീറ്റിലെ ഒരു ഹോട്ടലിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു. ആറുപേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ രണ്ടോടെയാണ് നഗരത്തിലെ ഏറ്റവും തിരക്കേറിയതും ജനസാന്ദ്രതയേറിയതുമായ ഭാഗങ്ങളിലൊന്നായ ന്യൂ മാര്‍ക്കറ്റിന് സമീപത്തെ ഹോട്ടലില്‍ തീപിടിത്തമുണ്ടായത്. ദുരന്തത്തില്‍ മരിച്ച ഒമ്പത് പേരും ചികിത്സക്കായി കൊല്‍ക്കത്തയിലെത്തിയ ബംഗ്ലാദേശ് പൗരന്മാരാണെന്ന് അഗ്നിശമന സേനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപോര്‍ട്ട് ചെയ്തു. എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. എന്നാല്‍, ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നാല് അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. കനത്ത പുക കാരണം അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് മുകളിലത്തെ നിലകളിലേക്ക് എത്താന്‍ ബുദ്ധിമുട്ട് നേരിട്ടുവെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ആശങ്കപ്പെടുന്നതായും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയെ അറിയിച്ചു.
ഇക്കഴിഞ്ഞ 17-ന് പശ്ചിമ ബംഗാളിലെ തന്നെ ബിര്‍ഭും ജില്ലയില്‍ താരാപീഠ് ക്ഷേത്രത്തിന് സമീപത്തെ ഒരു ബിദേശിനി ഹോട്ടലില്‍ വന്‍ തീപിടിത്തമുണ്ടായിരുന്നു. താരപീഠിലെ ഹോട്ടല്‍ ബിദേശിനിയിലുണ്ടായ ദുരന്തത്തില്‍ എട്ടുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Content Highlights:
A severe fire erupted at a hotel in Kolkata resulting in nine fatalities and six injuries. Emergency responders arrived promptly at the scene to carry out rescue operations and extinguish the flames. Authorities have initiated a detailed investigation to identify the exact cause of the disaster.


