UAE
ഇത്തിഹാദ് റെയിലില്‍ യാത്രക്കാരെ ഇറക്കിവിടാനും വിലക്കാനും അധികാരം
മദ്യപാനം, ശല്യം, സുരക്ഷാനിയമ ലംഘനം എന്നിവയില്‍ കര്‍ശന നടപടി.
അബൂദബി | ഇത്തിഹാദ് റെയില്‍ യാത്രക്കാരുടെ സുരക്ഷക്കും നിയമാനുസൃത പെരുമാറ്റത്തിനുമായി സ്റ്റേഷനുകളിലും ട്രെയിനുകളിലും അപ്രതീക്ഷിത സുരക്ഷാ പരിശോധനകള്‍ നടത്തുന്നു. യാത്രക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവരോട് ട്രെയിനില്‍ നിന്നോ സ്റ്റേഷനില്‍ നിന്നോ ഉടന്‍ പുറത്തുപോകാന്‍ ആവശ്യപ്പെടാന്‍ അധികൃതര്‍ക്ക് അധികാരമുണ്ട്. ട്രെയിനില്‍ ശബ്ദം അമിതമായി ഉയര്‍ത്തി ശല്യമുണ്ടാക്കുന്നവര്‍ക്ക് അടുത്ത സ്റ്റേഷനില്‍ ഇറങ്ങാന്‍ നിര്‍ദേശം നല്‍കാം. മദ്യപിച്ച നിലയിലുള്ളവരെയോ ലഹരിപദാര്‍ഥങ്ങള്‍ കൈവശമുള്ളവരെയോ ട്രെയിനില്‍ പ്രവേശിപ്പിക്കാതിരിക്കാനും പുറത്താക്കാനും അധികാരമുണ്ട്. വസ്ത്രധാരണം അനുചിതമായിരിക്കുകയോ മറ്റുള്ളവരുടെ വസ്തുവകകള്‍ക്ക് കേടുവരുത്താന്‍ സാധ്യതയുള്ള രീതിയില്‍ യാത്ര ചെയ്യുകയോ ചെയ്യുന്നവരെയും തടയാം.
പുകവലി, ഇ-സിഗരറ്റ് ഉപയോഗം, കത്തുന്ന വസ്തുക്കള്‍ കൈവശം വെക്കല്‍, മയക്കുമരുന്ന് കൈവശം വെക്കല്‍, ഭീഷണിപ്പെടുത്തല്‍, അപമര്യാദയായ പെരുമാറ്റം, ട്രെയിന്‍ വാതിലുകളിലും സുരക്ഷാ സംവിധാനങ്ങളിലും ഇടപെടല്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. ടിക്കറ്റ് ഇല്ലാതെ ആവര്‍ത്തിച്ച് യാത്ര ചെയ്താല്‍ ഇത്തിഹാദ് റെയിലിന്റെ സേവനങ്ങളില്‍ പ്രവേശനം നിഷേധിക്കാനും കഴിയും. സാധുവായ ടിക്കറ്റില്‍ ശരിയായ തീയതി, സമയം, യാത്രക്കാരന്റെ പേര് എന്നിവ ഉണ്ടായിരിക്കണം. അധികൃതരുടെ നിര്‍ദേശം ലഭിച്ചിട്ടും യാത്രക്കാരന്‍ പുറത്തുപോകാന്‍ വിസമ്മതിച്ചാല്‍ നിയമപരമായ പരിധിയില്‍ ആവശ്യമായ ബലം ഉപയോഗിച്ച് പുറത്താക്കാനും ചട്ടം അനുവദിക്കുന്നു.
ദുബൈയിലെ അല്‍ യലായിസ് സ്റ്റേഷന്‍ ഉള്‍പ്പെടെ കൂടുതല്‍ സ്റ്റേഷനുകള്‍ അടുത്ത ഘട്ടത്തില്‍ ശൃംഖലയില്‍ ചേരുന്നതിനാല്‍ ട്രെയിന്‍ യാത്ര കൂടുതല്‍ സജീവമാകും.
Content Highlights: Etihad Rail has published comprehensive passenger charter regulations defining strict rules and travel obligations across the UAE network. Authorities hold full power to interrupt journeys, remove disruptive commuters, or ban individuals who violate safety guidelines. Violations carry severe financial penalties ranging from AED 100 up to AED 10,000 depending on severity.


