Education
കമ്മ്യൂണിറ്റി ലൈബ്രറി; ജനസൗഹൃദ പദ്ധതിയുമായി മര്‍കസ് കോളജ്
കോളജ് പരിസരത്തെ 20 ഓളം വീടുകളെ തിരഞ്ഞെടുത്താണ് പദ്ധതി ആരംഭിച്ചത്. കോളജ് ലൈബ്രറിയുടെ പ്രവര്‍ത്തനം പൊതു ജനങ്ങളിലേക്കും എത്തിക്കുക എന്നതാണ് ലക്ഷ്യം.
മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കമ്മ്യൂണിറ്റി ലൈബ്രറി ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് സാലിഹ് നിര്‍വഹിക്കുന്നു
കുന്ദമംഗലം | മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് എക്‌സ്റ്റെന്‍ഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്മ്യൂണിറ്റി ലൈബ്രറിക്ക് തുടക്കം കുറിച്ചു. കോളജ് പരിസരത്തെ 20 ഓളം വീടുകളെ തിരഞ്ഞെടുത്താണ് പദ്ധതി ആരംഭിച്ചത്. കോളജ് ലൈബ്രറിയുടെ പ്രവര്‍ത്തനം പൊതു ജനങ്ങളിലേക്കും എത്തിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. തിരഞ്ഞെടുത്ത വീടുകളിലെ അംഗങ്ങള്‍ക്ക് പുസ്തകങ്ങള്‍ അവരുടെ വീടുകളില്‍ റീഡേഴ്‌സ് ഫോറം വിദ്യാര്‍ഥികള്‍ എത്തിച്ചു നല്‍കും. പുസ്തകം വായിക്കാന്‍ രണ്ടാഴ്ച കാലയളവ് നല്‍കാനും ശേഷം പുതിയ പുസ്തകങ്ങള്‍ നല്‍കുകയും ചെയ്യുന്ന രീതിയാണ് ലൈബ്രറി ഡിപാര്‍ട്ട്‌മെന്റ് ആലോചിക്കുന്നത്.
കേരളത്തിലെ വളരെ കുറഞ്ഞ ക്യാമ്പസുകള്‍ മാത്രമാണ് ഇത്തരത്തില്‍ പബ്ലിക് ലൈബ്രറിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പരിസരത്തെ 18 വീടുകളില്‍ നിന്നും അംഗങ്ങള്‍ പങ്കെടുത്തു . കോളജ് മുന്നോട്ട് വെച്ച ആശയത്തെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും പുതിയ പ്രവര്‍ത്തനത്തെ എല്ലാ വിധത്തിലും അഭിനന്ദിക്കുന്നുവെന്നും പരിസരവാസികള്‍ അഭിപ്രായപ്പെട്ടു .
കമ്മ്യൂണിറ്റി ലൈബ്രറി പ്രവര്‍ത്തങ്ങള്‍ വിവിധ പദ്ധതികളുടെ തുടക്കമായാണ് കോളജ് മുന്നോട്ട് വെക്കുന്നത്. പരിസരവാസികളായവര്‍ക്ക് ഇംഗ്ലീഷ് ബേസിക് പരിശീലനം, വിദ്യാഭ്യാസ പ്രവര്‍ത്തങ്ങളില്‍ സഹകരണം തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാനാണ് കോളജ് ഉദ്ദേശിക്കുന്നത്. മാര്‍കസുസ്സഖാഫത്തി സ്സുന്നിയ്യ മുന്നോട്ട് വെക്കുന്ന ജനസൗഹൃദ സ്ഥാപനം എന്ന ആശയം മുന്‍ നിര്‍ത്തിയാണ് മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഒ മുഹമ്മദ് സാലിഹ് അഭിപ്രായപ്പെട്ടു. കോളജിന്റെ പരിസരവാസികളുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക മുന്നേറ്റമാണ് കോളജ് ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോളജ് ലൈബ്രറി ഹാളില്‍ നടന്ന കമ്മ്യൂണിറ്റി ലൈബ്രറി ഉദ്ഘാടനം കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് സാലിഹ് നിര്‍വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. രാഘവന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രേറിയന്‍ കെ എസ് ബിന്ദു പദ്ധതി വിശദീകരണം നടത്തി. ഹാഷിര്‍ കാരന്തൂര്‍, സഫിയ, ജസീല തുടങ്ങിയവര്‍ സംസാരിച്ചു. റീഡേഴ്സ് ഫോറം അംഗങ്ങളായ ഫാത്തിമ റെജ, ഫാത്തിമ മുഷ്രീഫ, റിഹ നസ്മീന്‍, ആദിലക്ഷ്മി, ഹനീന, മുഹമ്മദ് ജഹാന്‍ഷ തുടങ്ങിയവര്‍ പങ്കെടുത്തു. നൗഫ് നന്ദി പറഞ്ഞു.





