Uae
അധ്യാപകരുടെ നിർണായക പങ്കിനെ പ്രശംസിച്ച് യു എ ഇ നേതാക്കൾ
മാനവരാശിക്ക് അറിയാവുന്ന ഏറ്റവും മഹത്തായ തൊഴിലാണ് അധ്യാപനമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം

അബൂദബി|വരും തലമുറയെ നയിക്കുന്നതിലും പ്രചോദിപ്പിക്കുന്നതിലും അധ്യാപകർ നിർണായക പങ്ക് വഹിക്കുന്നുവെന്ന് യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ പറഞ്ഞു. ഇന്നലെ ആചരിച്ച അധ്യാപക ദിനത്തിന്റെ ഭാഗമായി അധ്യാപകർക്ക് ആശംസ അർപ്പിക്കുകയായിരുന്നു അദ്ദേഹം. ജിജ്ഞാസ വളർത്തുന്നതിനും മൂല്യങ്ങൾ പരിപോഷിപ്പിക്കുന്നതിനും യുവ മനസ്സുകളെ രൂപപ്പെടുത്തുന്നതിനുമുള്ള അധ്യാപകരുടെ പ്രതിബദ്ധത ശക്തമായ സമൂഹങ്ങളെയും ശോഭനമായ ഭാവിയെയും കെട്ടിപ്പടുക്കുന്നതിൽ പ്രധാനമാണ് – ശൈഖ് മുഹമ്മദ് പറഞ്ഞു.
മാനവരാശിക്ക് അറിയാവുന്ന ഏറ്റവും മഹത്തായ തൊഴിലാണ് അധ്യാപനമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു. “ഒരു മാതാവിനെ ബഹുമാനിക്കുന്നത് അവൾ ഒരു വിദ്യാലയം ആയതുകൊണ്ടാണ്. ഒരു അധ്യാപകൻ കൂടിയല്ലെങ്കിൽ ഒരു നേതാവിന് യഥാർഥ നേതാവാകാൻ കഴിയില്ല. പ്രവാചകന്മാരും ജ്ഞാനത്തിന്റെയും നന്മയുടെയും അധ്യാപകരാണ്. അധ്യാപകർ നമ്മുടെ ജീവിതത്തിന്റെ കഥ രൂപപ്പെടുത്തിയിട്ടുണ്ട്. അവർ നമ്മുടെ രാജ്യത്തിന്റെ പുരോഗതിയുടെ തിരക്കഥയൊരുക്കി, വരും തലമുറകളുടെ ഭാവിയെ രൂപപ്പെടുത്തുന്നതിൽ തുടരുന്നു. ഏറ്റവും മഹത്തായ ദൗത്യത്തിന്റെയും ഏറ്റവും ആദരണീയമായ സന്ദേശത്തിന്റെയും വാഹകർക്ക് നന്ദി. ലോക അധ്യാപക ദിനത്തിലും എല്ലാ ദിവസവും എല്ലാ അധ്യാപകർക്കും നന്ദി.’ എന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബൈ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ദിനാചരണത്തിന്റെ ഭാഗമായി 200-ൽ അധികം മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ നൽകാൻ നിർദേശിച്ചിരുന്നു.