Connect with us

International

തുർക്കിയുടെ സൈനിക വിമാനം അസർബൈജാനിൽ തകർന്നുവീണ് 20 മരണം

അസർബൈജാനിൽ നിന്ന് തുർക്കിയിലേക്ക് തിരികെ പോകുകയായിരുന്ന സി-130 വിമാനമാണ് തകർന്നത്

Published

|

Last Updated

ബാക്കു (അസർബൈജാൻ) | തുർക്കി സൈന്യത്തിന്റെ ചരക്ക് വിമാനം അസർബൈജാൻ-ജോർജിയ അതിർത്തിക്ക് സമീപം തകർന്നു വീണതായി തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദുരന്തത്തിൽ 20 സൈനികർ മരിച്ചതായാണ് സൂചന. അസർബൈജാനിൽ നിന്ന് തുർക്കിയിലേക്ക് തിരികെ പോകുകയായിരുന്ന സി-130 വിമാനമാണ് തകർന്നതെന്ന് മന്ത്രാലയം എക്സിൽ കുറിച്ചു.

അസർബൈജാൻ, ജോർജിയ അധികാരികളുമായി സഹകരിച്ച് ദുരന്തസ്ഥലത്ത് തിരച്ചിൽ രക്ഷാ പ്രവർത്തനം നടക്കുന്നതായും മന്ത്രാലയം അറിയിച്ചു. വിമാനം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അസർബൈജാൻ അതിർത്തിയിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെയുള്ള ജോർജിയയിലെ സിഗ്നാഗി മുനിസിപ്പാലിറ്റിയിലാണ് തുർക്കി ചരക്ക് വിമാനം തകർന്നുവീണതെന്ന് രാജ്യത്തെ ആഭ്യന്തര മന്ത്രാലയം ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

സൈനികരെ എത്തിക്കാനും മറ്റ് ലോജിസ്റ്റിക്കൽ ആവശ്യങ്ങൾക്കുമായാണ് തുർക്കി സായുധ സേന സി-130 സൈനിക ചരക്ക് വിമാനങ്ങൾ ഉപയോഗിച്ചുവരുന്നത്. ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിച്ച സി-130 ഹെർക്കുലീസിന് ഹെലികോപ്റ്ററുകളും ഉദ്യോഗസ്ഥരും ഉൾപ്പെടെ 42,000 പൗണ്ട് (19,000 കിലോഗ്രാം) വരെ ചരക്ക് വഹിക്കാൻ കഴിയുമെന്ന് യുഎസ് വ്യോമസേനയുടെ വെബ്‌സൈറ്റ് പറയുന്നു.

ദുരന്തത്തിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദോഗൻ അനുശോചനം രേഖപ്പെടുത്തി.

Latest