മതം / വിദ്യാഭ്യാസം
വെളിച്ചം വിതറുന്ന മദ്റസകള്‍
16 നൂറ്റാണ്ടിലധികം വരുന്ന ചരിത്രം മദ്റസകള്‍ക്ക് പറയാനുണ്ട്. അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ) ദാറുല്‍ അര്‍ഖമില്‍ ആരംഭിച്ച ഈ വിദ്യാലയം അതിവേഗം ലോകം മുഴുവന്‍ സ്ഥാപിതമായി. ഖിലാഫത്തുര്‍റാശിദയുടെയും തുടര്‍ന്നു വന്ന ഉമവി, അബ്ബാസി, ഉസ്മാനി ഖിലാഫത്തുകളുടെയും മറ്റു ഭരണകൂടങ്ങളുടെയും കാലത്ത് ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും മുസ്‌ലിം ഭരണത്തിന് കീഴിലായി. ഇക്കാലത്ത് ലോകം മുഴുവന്‍ മദ്റസകള്‍ വ്യാപിച്ചു.
മാനവരാശിയെ അഭ്യസ്ഥവിദ്യരാക്കുന്നതിലും സംസ്‌കാര സമ്പന്നരാക്കുന്നതിലും ലോകത്തെ നവീകരിക്കുന്നതിലും ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതിയിലും വലിയ പങ്കുവഹിച്ച സ്ഥാപനമാണ് മദ്റസ. 16 നൂറ്റാണ്ടിലധികം വരുന്ന ചരിത്രം മദ്റസകള്‍ക്ക് പറയാനുണ്ട്. അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ) ദാറുല്‍ അര്‍ഖമില്‍ ആരംഭിച്ച ഈ വിദ്യാലയം അതിവേഗം ലോകം മുഴുവന്‍ സ്ഥാപിതമായി. ഖിലാഫത്തുര്‍റാശിദയുടെയും തുടര്‍ന്നു വന്ന ഉമവി, അബ്ബാസി, ഉസ്മാനി ഖിലാഫത്തുകളുടെയും മറ്റു ഭരണകൂടങ്ങളുടെയും കാലത്ത് ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും മുസ്‌ലിം ഭരണത്തിന് കീഴിലായി. ഇക്കാലത്ത് ലോകം മുഴുവന്‍ മദ്റസകള്‍ വ്യാപിച്ചു. കുത്താബ്, ഓത്തുപള്ളി, മദ്റസ തുടങ്ങിയ പേരുകളില്‍ അവ അറിയപ്പെട്ടു.
പാഠ്യപദ്ധതി
മദ്റസകളുടെ പാഠ്യപദ്ധതിയില്‍ മതവിഷയങ്ങള്‍ മാത്രമായിരുന്നില്ല പഠിപ്പിച്ചിരുന്നത്. മത ഭൗതിക സമന്വയ വിദ്യാഭ്യാസമാണ് അവിടെ നല്‍കിയിരുന്നത്. ഇസ്‌ലാം മത തത്ത്വങ്ങളോടൊപ്പം അറബി, പേര്‍ഷ്യന്‍, ഉറുദു തുടങ്ങിയ ഭാഷകളും ഗണിത ശാസ്ത്രം, ഫിലോസഫി, സോഷ്യല്‍ സയന്‍സ്, ആസ്ട്രോണമി തുടങ്ങിയ വിഷയങ്ങളും പഠിപ്പിച്ചിരുന്നു. ഈ മദ്റസകളില്‍ മുസ്‌ലിംകളും അമുസ്‌ലിംകളും വിദ്യ അഭ്യസിച്ചു. മുസ്‌ലിം ഭരണാധികാരികളുടെ പരിലാളനയില്‍ അവ വളര്‍ന്നു വലുതായി.
ഇന്ത്യയില്‍
1192ല്‍ മുഹമ്മദ് ഗോറി അജ്മീറില്‍ ഇന്ത്യയിലെ ആദ്യത്തെ മദ്റസ സ്ഥാപിച്ചു എന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നു. എന്നാല്‍ ഇത് സൂക്ഷ്മമാകാന്‍ നിര്‍വാഹമില്ല. പ്രവാചകന്റെ കാലത്തു തന്നെ ഇസ്‌ലാം കേരളത്തിലെത്തിയെന്നതിന് തെളിവുകളുണ്ട്. അന്ന് മുതല്‍ ഇവിടെ മതപഠനം ആരംഭിക്കുകയുണ്ടായി. സ്വാഭാവികമായും ഗോറി മദ്റസ നിര്‍മിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കേരളത്തില്‍ മദ്റസകള്‍ ആരംഭിച്ചിട്ടുണ്ടാകാം. പാകിസ്താന്‍ പുരാതന ഇന്ത്യയുടെ ഭാഗമായിരുന്നു. ഉമവി കാലത്ത് തന്നെ സിന്ധ് മുസ്‌ലിം ഭരണത്തിന് കീഴിലായിട്ടുണ്ട്. അപ്പോള്‍ ഗോറിക്കു മുമ്പ് തന്നെ അവിടെയും മദ്റസകള്‍ ആരംഭിച്ചിരിക്കാം.
ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ഭരണകര്‍ത്താക്കള്‍ മുന്‍കൈ എടുത്ത് ധാരാളം മദ്റസകള്‍ സ്ഥാപിച്ചു. ഫിറോസ് ഷാ തുഗ്ലക്കിന്റെ ഭരണകാലത്ത് ഡല്‍ഹിയില്‍ മാത്രം ആയിരത്തോളം മദ്റസകള്‍ പ്രവര്‍ത്തിച്ചിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ഇന്ത്യന്‍ മദ്റസകളും മത-ഭൗതിക സമന്വയ വിദ്യാഭ്യാസ രീതിയാണ് അനുവര്‍ത്തിച്ചത്. എല്ലാ മത വിശ്വാസികള്‍ക്കും അവിടങ്ങളില്‍ പ്രവേശനവും അനുവദിച്ചിരുന്നു. ഈ മദ്റസകളില്‍ പഠനം, ഭക്ഷണം, താമസം എന്നിവ സൗജന്യമായി നല്‍കിയിരുന്നതിനു പുറമെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് കൂടി ഏര്‍പ്പെടുത്തിയിരുന്നു.
സുതാര്യമായ വിദ്യാലയം
ആധുനിക ഇന്ത്യയിലെ മദ്റസകളെല്ലാം രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25, 26, 27, 28 എന്നിവ ഉറപ്പു തരുന്ന ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും പ്രചരിപ്പിക്കാനും പഠിക്കാനും പഠിപ്പിക്കാനുമുള്ള അവകാശത്തെ അടിസ്ഥാനമാക്കിയാണ് അവ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ അംഗീകരിച്ച മതവിദ്യാഭ്യാസ ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്ത,് പെര്‍മിറ്റുകളെടുത്ത് ബില്‍ഡിംഗ് നിര്‍മിച്ചും നികുതിയടച്ചും പ്രത്യേകം ബോര്‍ഡുകള്‍ സ്ഥാപിച്ചും എല്ലാവര്‍ക്കും ദൃശ്യമാകുന്ന വിധത്തിലാണ് അവയുടെ പ്രവര്‍ത്തനം. അവിടെ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങള്‍ മാര്‍ക്കറ്റില്‍ ആര്‍ക്കും വിലകൊടുത്ത് വാങ്ങാന്‍ കഴിയും. മദ്റസകളുടെ പ്രവര്‍ത്തനങ്ങളില്‍ എവിടെയും ദുരൂഹതയോ സ്വകാര്യതയോ ഇല്ല.
ഉള്ളടക്കം
ധാര്‍മിക മൂല്യങ്ങളാണ് മദ്റസകളിലെ പ്രധാന പാഠ്യവിഷയം. മനുഷ്യരുടെ സൗഹൃദം, നിയമങ്ങള്‍ പാലിച്ച് ജീവിക്കാനുള്ള പരിശീലനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മഹത്വം, അവ ചെയ്യാനുള്ള പരിശീലനം, മാതാപിതാക്കളെയും മുതിര്‍ന്നവരെയും ഗുരുനാഥന്മാരെയും അനുസരിക്കല്‍, രാജ്യസ്നേഹം, രാജ്യനിയമങ്ങള്‍ അനുസരിക്കേണ്ടതിന്റെ അനിവാര്യത, പ്രകൃതി സൗഹൃദ ജീവിത പരിശീലനം, മത സഹിഷ്ണുത, മദ്യപാനം, വ്യഭിചാരം, ചൂതാട്ടം, പലിശ വ്യാപാരം തുടങ്ങിയ തിന്മകള്‍ വര്‍ജിക്കുക എന്നിങ്ങനെയുള്ള ആശയങ്ങളാണ് മദ്റസയിലെ ധാര്‍മിക വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം. ഇവയെല്ലാം സമൂഹത്തെ സംസ്‌കാര സമ്പന്നരാക്കുന്നു എന്നതില്‍ സംശയമില്ല. ഇത് മദ്റസയില്‍ പഠിക്കുന്ന വ്യക്തിക്കു മാത്രമല്ല രാജ്യത്തിനും അവിടെ അധിവസിക്കുന്ന സര്‍വ ജനങ്ങള്‍ക്കും വലിയ പ്രയോജനം ഉണ്ടാക്കുകയും ചെയ്യുന്നു.
മദ്റസകളടെ സ്വാധീനം
മുസ്‌ലിം ലോകത്തെ മദ്റസകളിലും യൂനിവേഴ്സിറ്റികളിലും പഠിച്ചവരാണ് യൂറോപ്യന്‍ നവോത്ഥാനത്തിന് അടിത്തറ പാകിയത്. പാശ്ചാത്യ ചരിത്രകാരന്മാരും നെഹ്റുവിനെപ്പോലെയുള്ള പൗരസ്ത്യ പണ്ഡിതന്മാരും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ഇന്ത്യയുടെ നവോത്ഥാനത്തില്‍ മദ്റസകള്‍ വലിയ സ്വാധീനം ചെലുത്തുകയുണ്ടായി. ബ്രഹ്മ സമാജത്തിന്റെ സ്ഥാപകനായ രാജാറാം മോഹന്‍ റായ് പാറ്റ്നയിലെ മദ്റസയിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ദൈവവിശ്വാസത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും ജാതി വിവേചനം, സതി പോലെയുള്ള അനാചാരങ്ങള്‍ക്കെതിരെ സമൂഹത്തെ ബോധവത്കരിക്കുകയും ചെയ്ത മോഹന്‍ റായ് “ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
മദ്റസകളിലെ ബഹുസ്വരത
ആധുനിക ഇന്ത്യയിലും മദ്റസകളില്‍ അമുസ്‌ലിംകള്‍ പഠിക്കുന്നുണ്ട്. പതിനയ്യായിരത്തോളം കുട്ടികള്‍ ഈ നിലയില്‍ ഇപ്പോള്‍ മദ്‌റസയില്‍ പഠനം നടത്തുന്നു എന്നാണ് കണക്ക്. ഈ കുട്ടികള്‍ മദ്റസകളില്‍ പഠിക്കുന്നത് ഇസ്‌ലാമിക വിഷയങ്ങളല്ല, ഗണിതം, സയന്‍സ്, ഭാഷ തുടങ്ങിയവയാണ്. അവരാരും ഇസ്‌ലാം മതം പഠിക്കുകയോ തങ്ങളുടെ മതത്തില്‍ നിന്ന് പരിവര്‍ത്തനം നടത്തുകയോ ചെയ്യുന്നില്ല. ഇന്ത്യയില്‍ നിലവിലുള്ള വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് ഓരോ പൗരനും വിദ്യ നല്‍കലും അതിന് ആവശ്യമായ സ്‌കൂളുകള്‍ സ്ഥാപിക്കലും സര്‍ക്കാറിന്റെ ബാധ്യതയാണ്.
സര്‍ക്കാര്‍ ഈ ബാധ്യത നിര്‍വഹിക്കാത്തതു കാരണം സ്‌കൂളുകള്‍ ഇല്ലാത്ത പ്രദേശങ്ങളിലാണ് അമുസ്‌ലിം കുട്ടികള്‍ മദ്റസകളില്‍ നിന്ന് വിദ്യ അഭ്യസിക്കുന്നത്. ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ മദ്റസകള്‍ക്ക് നേരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെല്ലാം അസ്ഥാനത്താണെന്ന് മുകളില്‍ വിവരിച്ചതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും.
കേരളത്തിലെ മദ്റസകള്‍
ഇന്ത്യയില്‍ ഏറ്റവും വ്യവസ്ഥാപിതമായി മദ്റസകള്‍ നടക്കുന്ന പ്രദേശമാണ് കേരളം. പത്തോളം വിദ്യാഭ്യാസ ബോര്‍ഡുകളുടെ നേതൃത്വത്തില്‍ ഇവിടെ മുപ്പതിനായിരത്തോളം മദ്റസകള്‍ വ്യവസ്ഥാപിതമായി നടന്നുവരുന്നു. ഇവയില്‍ തൊണ്ണൂറ് ശതമാനവും സുന്നി ബോര്‍ഡുകളുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കരിക്കുലം, സിലബസ്, പാഠപുസ്തകം, അധ്യാപക ട്രൈനിംഗ് മേല്‍നോട്ടം, പരീക്ഷ തുടങ്ങിയവയെല്ലാം ഈ ബോര്‍ഡുകളുടെ കീഴില്‍ നടക്കുന്നു.
1951ല്‍ സമസ്തയുടെ നേതൃത്വത്തില്‍ ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് സ്ഥാപിതമായതോടെയാണ് ഇവിടെ മദ്റസാ വിദ്യാഭ്യാസ രംഗത്ത് വലിയ പുരോഗതിയുണ്ടായത്. 1989ല്‍ സമസ്തയിലെ പുനഃസംഘടനയെ തുടര്‍ന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് രൂപവത്കൃതമായി. ഇന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും മികച്ച പാഠ്യപദ്ധതിയും വിദ്യാഭ്യാസ സംവിധാനവും സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെതാണ്. “അടിയുറച്ച വിശ്വാസമുള്ള മുസ്‌ലിമായി ജീവിക്കുന്ന വ്യക്തിയെ വളര്‍ത്തിയെടുക്കുക’ എന്ന ലക്ഷ്യത്തിലൂന്നിയാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്.
എസ് എം എ
സുന്നി മാനേജ്മെന്റ് അസ്സോസിയേഷന്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. മത സ്ഥാപനങ്ങളുടെ ഏകീകരണത്തിലൂടെ ഗുണനിലവാരം ഉയര്‍ത്തുക, മദ്റസകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കുക, മഹല്ലുകളിലും സ്ഥാപനങ്ങള്‍ക്കിടയിലുമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക, സ്ഥാപനങ്ങളെ സഹായിക്കുക, അഹ്്ലുസ്സുന്നയുടെ സ്ഥാപനങ്ങളിലെ ബിദഈ കടന്നുകയറ്റം ചെറുക്കുക, മതവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി ഉറപ്പുവരുത്തുക, രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുക, മതസൗഹാർദവും സഹിഷ്ണുതയും നിലനിര്‍ത്തുക, സ്ഥാപനങ്ങളില്‍ സേവനം ചെയ്യുന്നവരുടെ ക്ഷേമം ഉറപ്പു വരുത്തുക, അവരെ സാമ്പത്തികമായും വൈജ്ഞാനികമായും തൊഴില്‍പരമായും ശാക്തീകരിക്കുക മുതലായവയാണ് സംഘടനയുടെ ലക്ഷ്യമായി ഭരണഘടന മുന്നോട്ടു വെക്കുന്നത്.
സംസ്ഥാന പ്രതിനിധി സമ്മേളനം
സമസ്ത സെന്‍ിനറിയുടെ ഭാഗമായി ഇന്ന് എസ് എം എ സ്റ്റേറ്റ് പ്രതിനിധി സമ്മേളനം തിരൂര്‍ വാഗണ്‍ട്രാജഡി ടൗണ്‍ ഹാളില്‍ നടക്കുകയാണ്. “മദ്റസകള്‍ സമൂഹ നന്മക്ക്’ എന്ന പ്രമേയത്തില്‍ മുന്‍ പ്രസിഡന്റ് മര്‍ഹൂം കട്ടിപ്പാറ അഹ്്മദ് കുട്ടി മുസ്‌ലിയാര്‍ നഗറിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
മദ്റസകള്‍ വിവിധ നിലയില്‍ ഭീഷണികള്‍ നേരിടുകയും നിരര്‍ഥകമായ ആരോപണങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് മദ്റസകളുടെ സമൂഹ സേവനത്തെ സമ്മേളനം പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. മദ്റസകള്‍ ചെയ്യുന്ന മഹത്തായ മാനവ സേവനം വിശദീകരിക്കുകയും ആ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്താന്‍ മാനേജ്‌മെന്റിനെ പരിശീലിപ്പിക്കുകയും മദ്റസകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ തിരുത്തുകയും ചെയ്യാന്‍ സംഘടന ഉദ്ദേശിക്കുന്നു. കേരളത്തിലെ പ്രമുഖ സുന്നി നേതാക്കളും പ്രഭാഷകരും അണിനിരക്കുന്ന ഈ പ്രതിനിധി സമ്മേളനം സംഘടനയുടെ ചരിത്രത്തിലെ വലിയ നാഴികക്കല്ലായിരിക്കും എന്ന് പ്രതീക്ഷിക്കാം.



