Connect with us

Kerala

ടി എന്‍ പ്രതാപന്‍ എ ഐ സി സി സെക്രട്ടറി

കെ എസ് യുവിലൂടെ പൊതുരംഗത്ത് വന്ന ടി എന്‍ പ്രതാപന്‍ യൂണിറ്റ് പ്രസിഡന്റ് മുതല്‍ സംസ്ഥാന വൈസ്പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

Published

|

Last Updated

തൃശൂര്‍ | എ ഐ സി സി സെക്രട്ടറിയായി മുന്‍ എം പിയും കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി എന്‍ പ്രതാപനെ തിരഞ്ഞെടുത്തു. പുതുച്ചേരി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്.

കെ എസ് യുവിലൂടെ പൊതുരംഗത്ത് വന്ന ടി എന്‍ പ്രതാപന്‍ യൂണിറ്റ് പ്രസിഡന്റ് മുതല്‍ സംസ്ഥാന വൈസ്പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ബൂത്ത്, വാര്‍ഡ്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളുടെ പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു. കെ പി സി സി മെമ്പര്‍, സെക്രട്ടറി, വര്‍ക്കിങ് പ്രസിഡന്റ്, തുടങ്ങിയ ചുമതലകള്‍ വഹിച്ച ടി എന്‍ പ്രതാപന്‍ ഇപ്പോള്‍ എ ഐ സി സി അംഗം കൂടിയാണ്. മത്സ്യതൊഴിലാളി കോണ്‍ഗ്രസ് പ്രഥമ ദേശീയ അധ്യക്ഷനായിരുന്നു.

ടി എന്‍ പ്രതാപന്‍, മത്സരിച്ച ഒരു തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 2001 മുതല്‍ 2011 വരെ നാട്ടികയില്‍ നിന്നും 2011 മുതല്‍ 2016 വരെ കൊടുങ്ങല്ലൂരില്‍ നിന്നുമാണ് നിയമസഭയിലെത്തിയത്. 2019-ല്‍ തൃശൂരില്‍ നിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ ജില്ലയിലെ നാട്ടിക തളിക്കുളം സ്വദേശിയാണ്.

ആറ് പുസ്തകങ്ങളുടെ രചയിതാവാണ്. കലാ-കായിക മേഖലകളില്‍ മികച്ച സംഘാടകനായി അറിയപ്പെടുന്നു. രാഷ്ട്രീയത്തിന് അതീതമായി വലിയ സൗഹൃദവലയങ്ങളുള്ള പൊതുപ്രവര്‍ത്തകന്‍ കൂടിയാണ് പ്രതാപന്‍.

Latest