Connect with us

National

ഡൽഹി സ്ഫോടനം ചാവേറാക്രമണമല്ലെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ; പരിഭ്രാന്തിക്കിടെ അബദ്ധത്തിൽ പൊട്ടിയതെന്ന് നിഗമനം

പ്രതികൾ പരിഭ്രാന്തരായി സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നതിനിടെ സംഭവിച്ച പിഴവായിരിക്കാം കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി ഉന്നത ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു.

Published

|

Last Updated

ന്യൂഡൽഹി | ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ചയുണ്ടായ സ്ഫോടനം ചാവേർ ആക്രമണമല്ലെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ. പ്രതികൾ പരിഭ്രാന്തരായി സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നതിനിടെ സംഭവിച്ച പിഴവായിരിക്കാം കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി ഉന്നത ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു.

തിങ്കളാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരവാദ ബന്ധമുള്ളവരെ പിടികൂടാൻ റെയ്ഡ് നടന്നതും, ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം ബോംബ് നിർമാണ വസ്തുക്കൾ കണ്ടെടുത്തതും പ്രതികളെ പരിഭ്രാന്തരാക്കുകയും സ്ഥലം മാറ്റാൻ നിർബന്ധിതരാക്കുകയും ചെയ്തിരിക്കാമെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്. പ്രതികൾ നിർമ്മിച്ച ഐ ഇ ഡി (Improvised Explosive Device) ശരിയായ രീതിയിലായിരുന്നില്ല ഉറപ്പിച്ചതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അതിനാൽ സ്ഫോടനത്തിന്റെ ആഘാതം പരിമിതമായിരുന്നുവെന്നും ഇന്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തി.

ഐ ഇ ഡി കൊണ്ടുപോകുമ്പോൾ ഗതാഗതക്കുരുക്കിനിടെ ആകസ്മികമായി സംഭവിച്ച സ്ഫോടനമാണ് ഇതെന്നതിന് കൂടുതൽ പ്രാഥമിക തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. സ്ഫോടനം നടന്ന സ്ഥലത്ത് ഒരു ഗർത്തം (crater) രൂപപ്പെടാതിരുന്നതും, സ്ഫോടക വസ്തുക്കളുടെ ചീളുകൾ കണ്ടെത്താത്തതും ഇതിന് ബലം നൽകുന്നു. പരിഭ്രാന്തിയിലായ പ്രതികൾക്ക് പരമാവധി നാശനഷ്ടമുണ്ടാക്കുന്നതിനായി ഐ ഇ ഡി പ്രവർത്തനക്ഷമമാക്കാൻ കഴിഞ്ഞില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

ട്രാഫിക് കുരുക്കിൽ ഇഴഞ്ഞുനീങ്ങുകയായിരുന്ന ഐ20 കാറിലാണ് സ്ഫോടനം നടന്നത്. കാർ ഓടിക്കൊണ്ടിരുന്നത് കാരണം ഐ ഇ ഡി യ്ക്ക് എന്തെങ്കിലും സംഭവിച്ചിരിക്കാമെന്നും അത് പൊട്ടിത്തെറിക്ക് ഇടയാക്കിയെന്നും കരുതുന്നു.

വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ20 ഓടിച്ച പ്രധാന പ്രതി ജമ്മു കശ്മീർ സ്വദേശിയായ ഡോ. ഉമർ ആണെന്ന് തിരിച്ചറിഞ്ഞു. സ്ഫോടനം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ഇയാൾ ഫോൺ ഓഫ് ചെയ്യുകയും കുടുംബാംഗങ്ങളിൽ നിന്നുപോലും വിവരങ്ങൾ അറിയിക്കാതെ ഒളിവില്‍ പോകുകയും ചെയ്തിരുന്നു. തിങ്കളാഴ്ച അറസ്റ്റിലായവർ അടക്കം മറ്റ് പ്രതികളും ഡോക്ടർമാരാണ്.

തിങ്കളാഴ്ച വൈകീട്ട് ഹ്യുണ്ടായ് ഐ20 കാറിൽ ഉണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർ മരിക്കുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദേശീയ തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ ചാന്ദ്നി ചൗക്കിലെ ചെങ്കോട്ടയ്ക്ക് സമീപമായിരുന്നു സ്ഫോടനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ ചില കെട്ടിടങ്ങൾ കുലുങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

Latest