Connect with us

International

എണ്ണായിരം കിലോമീറ്റർ പ്രദേശം മുക്കിയ സുനാമിത്തിര; മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പത്തിന് തെളിവ് കണ്ടെത്തി ശാസ്ത്രജ്ഞർ

ഇപ്പോഴത്തെ വടക്കന്‍ ചിലിയിലാണ് അതിശക്തമായ ഇൗ ഭൂകമ്പമുണ്ടായതത്രെ. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമി 66 അടി ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ത്തി. ചിലിയില്‍ നിന്ന് ഉത്ഭവിച്ച ഈ തിരമാലകള്‍ ദക്ഷിണധ്രുവത്തിനടുത്തുള്ള ന്യൂസിലന്‍ഡില്‍ എത്തിയിരുന്നു.

Published

|

Last Updated

വാഷിംഗ്ടണ്‍ | മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പത്തെക്കുറിച്ച് മനസ്സിലാക്കിയെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞര്‍. ചിലി സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഡീഗോ സലാസറാണ് ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയത്. ഏകദേശം 3,800 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇപ്പോഴത്തെ വടക്കന്‍ ചിലിയിലാണ് അതിശക്തമായ ഇൗ ഭൂകമ്പമുണ്ടായതത്രെ. ഈ ഭൂകമ്പത്തെത്തുടര്‍ന്ന് 8000 കിലോമീറ്റര്‍ വരെ ദൈര്‍ഘ്യത്തില്‍ സുനാമി ഉണ്ടായെന്നും അക്കാലത്ത് ഭൂമിയില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ക്ക് 1000 വര്‍ഷത്തേക്ക് ചുറ്റുമുള്ള ബീച്ചുകള്‍ ഉപേക്ഷിക്കേണ്ടിവന്നുവെന്നും സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ കുറിപ്പില്‍ പറയുന്നു.

റിക്ടര്‍ സ്‌കെയിലില്‍ 9.5 തീവ്രത രേഖപ്പെടുത്തുന്ന അത്രയും ശക്തമായിരുന്നു ഈ ഭൂകമ്പമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമി 66 അടി ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ത്തി. ചിലിയില്‍ നിന്ന് ഉത്ഭവിച്ച ഈ തിരമാലകള്‍ ദക്ഷിണധ്രുവത്തിനടുത്തുള്ള ന്യൂസിലന്‍ഡില്‍ എത്തിയിരുന്നു. ഈ തിരമാലകള്‍ക്കൊപ്പം തീരങ്ങളില്‍ നിന്നും മലകളില്‍ നിന്നും സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നുമുള്ള കല്ലുകള്‍ ആയിരക്കണക്കിന് കിലോമീറ്ററുകളോളം ദൂരേക്ക് എടുത്തെറിയപ്പെട്ടുവെന്നും ഗവേഷകര്‍ പറയുന്നു.

ചരിത്രത്തിലെ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഭൂകമ്പം 1960 ലെ വാല്‍ഡിവിയ ഭൂകമ്പമായിരുന്നു. 9.4 മുതല്‍ 9.6 വരെ തീവ്രതയില്‍ അനുഭവപ്പെട്ട ഈ ഭൂകമ്പം തെക്കന്‍ ചിലിയെ വിറപ്പിച്ചു. 6,000 പേരാണ് ഈ ഭൂകമ്പത്തില്‍ മരിച്ചത്. ഇതുമൂലം പസഫിക് സമുദ്രത്തില്‍ അടിക്കടി സുനാമി ഉണ്ടായി.

വാല്‍ഡിവിയ ഭൂകമ്പത്തിന് കാരണമായ ടെക്‌റ്റോണിക് പ്ലേറ്റിന് (ഭൂമിയുടെ കനം കുറഞ്ഞ പുറംതോട് വലിയ കഷണങ്ങളായി വിഘടിച്ച് രൂപംകൊള്ളുന്ന കഷ്ണങ്ങളാണ് ടെക്റ്റോണിക് പ്ലേറ്റുകള്‍) 800 കിലോമീറ്റര്‍ നീളമുണ്ടായിരുന്നു. എന്നാല്‍ പുതിയതായി കണ്ടെത്തിയ ഈ ഭയാനകമായ ഭൂകമ്പം ഇതിനെക്കാള്‍ വളരെ വലുതാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഈ ഭൂകമ്പത്തില്‍ തകര്‍ന്ന ടെക്‌റ്റോണിക് പ്ലേറ്റിന്റെ നീളം ഏകദേശം 1,000 കിലോമീറ്ററാണൊണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഭൂമിയുടെ ടെക്‌റ്റോണിക് പ്ലേറ്റ് മറ്റൊന്നില്‍ മുകളിലേക്കും താഴേക്കും നീങ്ങുമ്പോഴാണ് ഇത്തരം ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത്. ഈ ഭീമാകാരമായ ഭൂകമ്പത്തിന്റെ തെളിവുകള്‍ സമുദ്ര, തീരദേശ വസ്തുക്കളായ പാറ നിക്ഷേപങ്ങള്‍, കല്ലുകള്‍, മണല്‍, കടല്‍ പാറകള്‍, ഷേലുകള്‍, സമുദ്രജീവികള്‍ എന്നിവയില്‍ ദൃശ്യമാണെന്ന് ശാസത്രജ്ഞര്‍ പറയുന്നു.

ചിലിയിലെ അറ്റകാമ മരുഭൂമിയില്‍ നിന്നാണ് ഗവേഷകര്‍ ഈ തെളിവുകള്‍ കണ്ടെത്തിയത്. ഇവയെല്ലാം എങ്ങനെയാണ് സമുദ്രത്തില്‍ നിന്ന് ഇത്രയും ദൂരം വന്നത് എന്നറിയാന്‍, ഗവേഷകര്‍ റേഡിയോകാര്‍ബണ്‍ ഡേറ്റിംഗ് ഉപയോഗിച്ചുവെന്നും ഗവേഷണ ഫലത്തില്‍ വ്യക്തമാക്കുന്നു.

Latest