National
ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാര്‍; പ്രിയ സുഹൃത്ത് മോദിയുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ്
ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒരു അന്തിമ തീരുമാനത്തിലെത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ട്രംപ്

വാഷിങ്ടണ്‍ | ഉഭയകക്ഷി ബന്ധം അസുഖകരമായി തുടരവെ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്നുവെന്ന് ട്രംപ് തന്റെ സമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ പറയുന്നു
വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വരും ആഴ്ചകളില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒരു അന്തിമ തീരുമാനത്തിലെത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ട്രംപ് കുറിച്ചു.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവയും 25 ശതമാനം അധിക പിഴയും ചുമത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന. അടുത്തിടെ വൈറ്റ് ഹൈസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെ ഇന്ത്യയുമായി പ്രത്യേക ബന്ധമുണ്ടെന്നും, മോദി അടുത്ത സുഹൃത്താണെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം റഷ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ ഇന്ത്യക്കും ചൈനക്കും മേല്‍ 100 ശതമാനം വരെ താരിഫ് ചുമത്തണമെന്ന് ട്രംപ് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടു.അലാസ്‌ക കൂടിക്കാഴ്ചയ്ക്ക് ശേഷം പുടിനെ തുടര്‍ ചര്‍ച്ചകള്‍ക്കോ വെടിനിര്‍ത്തല്‍ കരാറിലേക്കോ എത്തിക്കാനുള്ള തന്റെ ശ്രമങ്ങള്‍ ഫലവത്താകുന്നില്ലെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് ട്രംപ് പറഞ്ഞിരുന്നു. യുദ്ധത്തിനുള്ള റഷ്യയ്ക്കുള്ള സാമ്പത്തിക ചെലവ് വര്‍ധിപ്പിക്കുന്നത് ചര്‍ച്ച ചെയ്യുന്നതിനായി വാഷിങ്ടണില്‍ മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥരും യൂറോപ്യന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള യോഗത്തിലാണ് ട്രംപ് 100 ശതമാനം തീരുവ ചുമത്തണമെന്ന ആവശ്യം ഉന്നയിച്ചത്.