Connect with us

Editorial

ചീഫ് ജസ്റ്റിസിനെതിരായ ട്രോളുകൾ

ജഡ്ജിമാരെ സ്വാധീനിക്കാനുള്ള തന്ത്രത്തിന്റെ ഭാഗം തന്നെയാണ് അനാരോഗ്യകരമായ വിമർശത്തിലൂടെയും ട്രോളുകളിലൂടെയും ശല്യപ്പെടുത്തി സ്വതന്ത്രമായ പ്രവർത്തനങ്ങളിൽ നിന്ന് അവരെ പിന്തിരിപ്പിക്കുകയെന്നതും. ഇത് ജൂഡീഷ്യറിയുടെ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കും.

Published

|

Last Updated

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ പരിഹസിക്കുന്ന ട്രോളുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിനും അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണിക്കും കത്ത് നൽകിയിരിക്കുകയാണ് പ്രതിപക്ഷ എം പിമാർ. മഹരാഷ്ട്രയിലെ ഭരണകക്ഷിയുമായി ബന്ധമുള്ളവരാണ് ട്രോളുകൾക്ക് പിന്നിലെന്നും ഇത്തരം ട്രോളുകൾ പ്രചരിപ്പിക്കുന്നവർക്കും അതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്കുമെതിരെ നടപടി എടുക്കണമെന്നുമാണ് 13 എം പിമാർ നൽകിയ കത്തിലെ ആവശ്യം. ട്രോളുകളിലെ വാക്കുകളും ഉള്ളടക്കവും അപലപനീയവും ജുഡീഷ്യറിയുടെ അന്തസ്സിന് നിരക്കാത്തതുമാണ്. ജുഡീഷ്യറിയുടെ അന്തസ്സ് കാത്തു സൂക്ഷിക്കാൻ ഭരണാധികാരികൾ ബാധ്യസ്ഥരാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്ര സർക്കാർ രൂപവത്കരണവും ശിവസേനയിലെ പിളർപ്പുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്ന ഭരണഘടനാ ബഞ്ചിന് നേതൃത്വം നൽകുന്നത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ വീഴ്ചക്ക് കാരണമായ വിശ്വാസ വോട്ടെടുപ്പിന് അനുമതി നൽകിയ മുൻ ഗവർണർ ഭഗത് സിംഗ് കോശിയാരിയുടെ നടപടിയുടെ സാധുത സംബന്ധിച്ച വാദം കേൾക്കലിന് ശേഷമാണ് സാമൂഹിക മാധ്യമങ്ങളിൽ ചീഫ് ജസ്റ്റിസിനെതിരായ ട്രോളുകൾ പ്രവഹിച്ചു തുടങ്ങിയത്.

കേസിൽ വാദം കേൾക്കലിനിടെ, ഗവർണർ ഭഗത്‌സിംഗ് കോശിയാരിയുടെ രാഷ്ട്രീയ പ്രേരിത നടപടിയാണ് ഉദ്ധവ് താക്കറെ സർക്കാറിന്റെ വീഴ്ചക്ക് വഴിവെച്ചതെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കുറ്റപ്പെടുത്തിയിരുന്നു. “ഭരണകക്ഷിയിൽ നിന്ന് അംഗങ്ങൾ കൂറുമാറുകയും ഗവർണർ അവർക്ക് സഖ്യകക്ഷിയാവുകയും ചെയ്താൽ സർക്കാറിന്റെ തകർച്ചയായിരിക്കും ഫലം. തിരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറക്കുന്നതിന് ഗവർണർ രാഷട്രീയം കളിക്കരുത്. ഇത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം മോശം കാഴ്ചയാണ്. ഗവർണർമാരിൽ നിന്ന് ഇത്തരം നടപടികൾ ഉചിതമല്ല. വിശ്വാസ വോട്ടെടുപ്പ് സഭാനേതാവിനെ തീരുമാനിക്കാനാണ്. പാർട്ടിയുടെ നേതാവിനെ തീരുമാനിക്കാനല്ല’- എന്നായിരുന്നു ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചത്.

വിമർശത്തിന് അതീതമല്ല കോടതിയും ജഡ്ജിമാരും. ഒരു ജഡ്ജിയുടെ വിധി പ്രസ്താവത്തിലോ, വിചാരണക്കിടെ നടക്കുന്ന പരാമർശങ്ങളിലോ അപാകതയുണ്ടെന്ന് തോന്നിയാൽ അത് ചൂണ്ടിക്കാണിക്കാനും വിമർശിക്കാനും രാജ്യത്തെ ഏതൊരു പൗരനും അവകാശമുണ്ട്. 2019 സെപ്തംബറിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചു അഹമ്മദാബാദിൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ സംസാരിക്കവെ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ദീപക് ഗുപ്ത തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. “ജുഡീഷ്യറി വിമർശനത്തിന് അതീതമല്ല. കോടതിയുടെ തീരുമാനങ്ങളെ വിമർശിക്കുന്നത് ഞാൻ സ്വാഗതം ചെയ്യും. എവിടെ വിമർശനങ്ങൾ ഉയരുന്നുവോ അവിടെയാണ് കൂടുതൽ പുരോഗതിയുണ്ടാകുക. കോടതികൾ എടുത്ത തീരുമാനത്തിൽ ഇനിയും തിരുത്തൽ വേണമോ എന്ന കാര്യം ആത്മപരിശോധന നടത്തുകയാണ് വേണ്ടത്’ -ജസ്റ്റിസ് ഗുപ്ത പറഞ്ഞു.

ഗവർണർമാരുടെ രാഷ്ട്രീയ പ്രേരിതവും പക്ഷപാതപരവുമായ നടപടികളെ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ മുമ്പും വിമർശിച്ചിട്ടുണ്ട്. എസ് ആർ ബൊമ്മെയും കേന്ദ്രവും തമ്മിലുള്ള കേസിലും ബി പി സിംഗാളും കേന്ദ്രവുമായുള്ള കേസിലും അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കേസുകളിലും ഗവണർമാർ കോടതിയുടെ വിമർശങ്ങൾക്കു വിധേയമായിട്ടുണ്ട്. അക്കാലത്തൊന്നും ജഡ്ജിമാർ ഇത്രയും കടുത്ത വിമർശത്തിനോ ട്രോളുകൾക്കോ വിധേയമായിട്ടില്ല. മഹാരാഷ്ട്ര സംഭവമുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിനെതിരെ നടക്കുന്ന വിമർശങ്ങളും ട്രോളുകളും അത്തരത്തിലുള്ളതല്ല. സമ്മർദത്തിലാക്കി അദ്ദേഹത്തെ തങ്ങളുടെ രാഷ്ട്രീയനയം സ്വീകരിക്കാൻ നിർബന്ധിതനാക്കുകയെന്ന ജനാധിപത്യവിരുദ്ധ ചിന്താഗതിയാണിതിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വന്തം കാഴ്ചപ്പാടിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങൾ സ്വീകരിക്കാൻ തയ്യാറല്ലാത്തതാണ് ജഡ്ജിമാരെ ട്രോളാൻ കാരണമെന്നും പുതിയ കാലത്ത് ഏറ്റവും വലിയ വെല്ലുവിളി അസഹിഷ്ണുതയാണെന്നും രണ്ടാഴ്ച മുമ്പ് ഡൽഹിയിൽ അമേരിക്കൻ ബാർ അസ്സോസിയേഷന്റെ പരിപാടിയിൽ സംസാരിക്കവേ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തന്നെ ചൂണ്ടിക്കാട്ടുകയുണ്ടായി.

ജഡ്ജിമാരെ സ്വാധീനിക്കാനും ഭരണപക്ഷത്തിന്റെ ചട്ടുകങ്ങളാക്കാനും ഭരണകൂടം പലവിധ മാർഗങ്ങളും സ്വീകരിക്കാറുണ്ട്. സുപ്രീം കോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും വിമിച്ച ജഡ്ജിമാർക്ക് രാജ്യസഭാംഗത്വ, ഗവർണർ പദവികളും ട്രൈബ്യൂണലുകൾ, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങി ജൂഡീഷ്യറി സ്വഭാവമുള്ള സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിൽ നിയമനം നൽകലുമെല്ലാം ഇതിന്റെ ഭാഗമാണ്.

ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കമാൽ പാഷ ചൂണ്ടിക്കാട്ടിയത് പോലെ വിരമിക്കലിന് ശേഷം സർക്കാർ ജോലി പ്രതീക്ഷിക്കുന്ന ജഡ്ജിമാർ ഒരിക്കലും സർക്കാറിന് ഇഷ്ടക്കേടുണ്ടാക്കാൻ ശ്രമിക്കില്ല. ഇതാണ് ഇത്തരം നിയമനങ്ങളിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നതും. മുൻകാലങ്ങളിലേ കണ്ടുവരുന്നതാണ് ഇത്തരം നിയമനങ്ങളെങ്കിലും കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ഈ പ്രവണത വല്ലാതെ വർധിച്ചിട്ടുണ്ട്.

ഇതുപോലെ ജഡ്ജിമാരെ സ്വാധീനിക്കാനുള്ള തന്ത്രത്തിന്റെ ഭാഗം തന്നെയാണ് അനാരോഗ്യകരമായ വിമർശത്തിലൂടെയും ട്രോളുകളിലൂടെയും ശല്യപ്പെടുത്തി സ്വതന്ത്രമായ പ്രവർത്തനങ്ങളിൽ നിന്ന് അവരെ പിന്തിരിപ്പിക്കുകയെന്നതും. ഭരണഘടനയോടും നിയമവാഴ്ചയോടും സമർപ്പണവും ആത്മാർഥതയുമുള്ള ജഡ്ജിമാർ ഇതുപോലുള്ള സമ്മർദ തന്ത്രങ്ങളിൽ വീഴില്ലെങ്കിലും അർപ്പണബോധം കുറഞ്ഞവർ അതിൽ അകപ്പെടാൻ സാധ്യതയുണ്ടെന്ന് സമീപകാലത്ത് ജുഡീഷ്യറിയിൽ നിന്നുണ്ടായ ചില വിധിപ്രസ്താവങ്ങളും വ്യക്തമാക്കുന്നുണ്ട്. ഇത് ജൂഡീഷ്യറിയുടെ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കും. ഈ സാഹചര്യത്തിൽ പ്രതിപക്ഷ എം പിമാർ ചൂണ്ടിക്കാട്ടിയതു പോലെ, ജസ്റ്റിസുമാർക്കെതിരായ മോശം ട്രോളുകൾക്കെതിരെ നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

Latest