Kerala
പാളയം മാര്‍ക്കറ്റ് മാറ്റുന്നതില്‍ പ്രതിഷേധിച്ചുള്ള ഉപവാസ സമരത്തില്‍ നിന്ന് പിന്മാറി വ്യാപാരികള്‍
എന്നാല്‍ കടയടപ്പ് സമരം തുടരുമെന്നും വ്യാപാരികള്‍ അറിയിച്ചു.

കോഴിക്കോട്| പാളയത്തെ പഴം, പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ചുള്ള ഉപവാസ സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്‍മാറി. കോഴിക്കോട് മേയര്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചതോടെയാണ് തീരുമാനം. എന്നാല്‍ കടയടപ്പ് സമരം തുടരുമെന്നും വ്യാപാരികള്‍ അറിയിച്ചു. കല്ലുത്താന്‍ കടവിലെ പുതിയ കെട്ടിടത്തിലേക്ക് മാര്‍ക്കറ്റ് മാറ്റാനുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാകാനിരിക്കെയാണ് വ്യാപാരികള്‍ പ്രതിഷേധം ആരംഭിച്ചത്.
ഇത് വ്യാപാരികളുടെയും അനുബന്ധ തൊഴിലാളികളുടെയും ഉപജീവന മാര്‍ഗം ഇല്ലാതാക്കുമെന്നും പാളയത്ത് തന്നെ കൂടുതല്‍ സൗകര്യം ഒരുക്കുകയുമാണ് വേണ്ടതെന്നാണ് സമരക്കാരുടെ ആവശ്യം.നവംബര്‍ 17 ന് നടക്കുന്ന ചര്‍ച്ചയില്‍ വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മേയര്‍ ബീന ഫിലിപ്പ് ഉറപ്പ് നല്‍കിയതോടെയാണ് ഉപവാസ സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറിയത്.
പാളയത്ത് നിന്ന് മാര്‍ക്കറ്റ് മാറ്റുന്നത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഒരു വിഭാഗം വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ഞൂറോളം കടകളാണ് പാളയത്ത് പ്രവര്‍ത്തിക്കുന്നത്.