National
വ്യാപാര കരാര്‍ ചര്‍ച്ച; വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ അമേരിക്കയിലേക്ക്
വ്യാപാര കരാറിന്റെ തുടര്‍ ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ സംഘത്തെ അമേരിക്ക ക്ഷണിക്കുകയായിരുന്നു

ന്യൂഡല്‍ഹി | അമേരിക്ക അടിച്ചേല്‍പ്പിച്ച പ്രതികാരച്ചുങ്കത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്കായി വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ അടുത്തയാഴ്ച വാഷിംഗ്ടണ്ണില്‍ എത്തും. വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ നേതൃത്വത്തിലും ചര്‍ച്ച നടക്കും.
യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായും ചര്‍ച്ച നടത്തും. അമേരിക്കന്‍ പ്രതിനിധി കഴിഞ്ഞ 16 ന് ഇന്ത്യയിലെത്തി നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് കേന്ദ്രമന്ത്രിമാരുടെ ചര്‍ച്ച. അമേരിക്കന്‍ പ്രതിനിധികളുമായി ഇന്ത്യയില്‍ നടന്ന ചര്‍ച്ച ഫലപ്രദമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. വ്യാപാര കരാറിന്റെ തുടര്‍ ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ സംഘത്തെ അമേരിക്ക ക്ഷണിക്കുകയായിരുന്നു. കാര്‍ഷിക ഉത്പന്നങ്ങളിലടക്കം ചര്‍ച്ചയോട് എതിര്‍പ്പില്ലെന്ന നിലപാട് ഇന്ത്യ അറിയിച്ചതായാണ് സൂചന. തീരുവ ചുമത്തിയുള്ള ഭീഷണിക്കൊടുവില്‍ നരേന്ദ്ര മോദിയെ ഡോണള്‍ഡ് ട്രംപ് വിളിച്ചത് അമേരിക്ക നിലപാട് മാറ്റുന്നു എന്ന സൂചനയായാണ് ഇന്ത്യ കാണുന്നത്.
ഇന്ത്യ – അമേരിക്ക ചര്‍ച്ചയില്‍ വ്യപാര കരാറിനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് ധാരണയിലെത്തിയത്. കാര്‍ഷിക ഉത്പന്നങ്ങളില്‍ ഇന്ത്യ നിലപാട് മാറ്റിയിട്ടില്ല എന്നാണ് സൂചന. ജനിതകമാറ്റം വരുത്തിയ ചോളം ഇന്ത്യ വാങ്ങണം എന്ന ആവശ്യം യു എസ് ആവര്‍ത്തിച്ചു. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാം എന്നാണ് ഇന്ത്യ മറുപടി നല്‍കിയത്.