Kerala
സത്യം പറഞ്ഞതിനാണ് തലച്ചിറ അസീസിനെ കോണ്‍ഗ്രസ് പുറത്താക്കിയത്;കേരള കോണ്‍ഗ്രസ് ബിയിലേക്ക് സ്വാഗതം ചെയ്ത് ഗണേഷ്‌കുമാര്‍
ഗണേഷ് കുമാര്‍ തലച്ചിറയിലെ വീട്ടിലെത്തിയാണ് അസീസിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്.
കൊല്ലം|ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് പുറത്താക്കിയ തലച്ചിറ അസീസിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ് ബി. ഗണേഷ് കുമാര്‍ തലച്ചിറയിലെ വീട്ടിലെത്തിയാണ് അസീസിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. സത്യം പറഞ്ഞതിനാണ് തലച്ചിറ അസീസിനെ കോണ്‍ഗ്രസ് പുറത്താക്കിയതെന്ന് കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ഇപ്പോള്‍ സത്യം പറയാന്‍ പാടില്ല. സത്യം പറയുന്നവരുടെ കണ്ണ് കുത്തിപ്പൊട്ടിക്കുകയാണ് കോണ്‍ഗ്രസിന്റെ രീതി. സന്തോഷത്തോടെ അസീസിനെ കേരള കോണ്‍ഗ്രസ് ബി യിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് അസീസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. തലച്ചിറയില്‍ നടന്ന റോഡ് ഉദ്ഘാടന വേദിയില്‍വച്ചാണ് അദ്ദേഹം ഗണേഷ് കുമാറിനെ പുകഴ്ത്തിയത്. ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കണമെന്നും ഗണേഷ് കുമാര്‍ കായ് ഫലമുള്ള മരമാണെന്നും അസീസ് പറഞ്ഞിരുന്നു. വോട്ട് ചോദിച്ചു വരുന്ന മച്ചി മരങ്ങളെ ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.തുടര്‍ന്ന് ഡിസിസി അസീസിനോട് വിശദീകരണം തേടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പതിവാതിലില്‍ നില്‍ക്കെ എല്‍ഡിഎഫ് മന്ത്രിക്ക് വോട്ട് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് നടപടി.




