Connect with us

local body election 2025

കോട്ടപ്പടിയിൽ ആകെ കൺഫ്യൂഷൻ

ഇനി യു ഡി എഫ് വോട്ടർമാർ ആകെ കൺഫ്യൂഷനായ കഥ പറയാം.

Published

|

Last Updated

മലപ്പുറം | “കൺഫ്യൂഷൻ തീർക്കണമേ….എന്റെ കൺഫ്യൂഷൻ തീർക്കണമേ….’ ജില്ലാ ആസ്ഥാന നഗരസഭയിലെ 19-ാം വാർഡ് കോട്ടപ്പടിയിൽ യു ഡി എഫ് വോട്ടർമാരുടെ മൂളിപ്പാട്ടാണിത്. ഗിരീഷ് പുത്തഞ്ചേരി രചിച്ച വിദ്യാസാഗർ സംഗീതം നൽകിയ എം ജി ശ്രീകുമാർ പാടി ഈ പാട്ടിലെ വരികൾ കോട്ടപ്പടിയിലെ വോട്ടർമാർ തിരഞ്ഞെടുപ്പ് കാലത്ത് വെറുതെ പാടുകയല്ല. ആകെ ആശയയക്കുഴപ്പത്തിലായിട്ട് പാടുകയാണ്. ഇനി യു ഡി എഫ് വോട്ടർമാർ ആകെ കൺഫ്യൂഷനായ കഥ പറയാം.

മലപ്പുറം നഗരസഭയിലെ 19-ാം വാർഡ് കോട്ടപ്പടിയിൽ യു ഡി എഫിന് വോട്ട് ചോദിക്കുന്നത് “രണ്ട് സ്ഥാനാർഥികൾ’ ആണ്. ഇതാണ് വോട്ടർമാരെ ആകെ ആശയക്കുഴപ്പത്തിലാക്കുന്നത്. യു ഡി എഫ് സംവിധാനത്തിൽ കോൺഗ്രസ്സ് മത്സരിക്കുന്ന വാർഡാണ് കോട്ടപ്പടി. സീറ്റ് നിർണയത്തിൽ ഈ സംവിധാനം തകിടംമറിഞ്ഞു. അതോടെ ഇവിടെ കഥ മാറി. കോട്ടപ്പടിയിൽ കോൺഗ്രസ്സ് അവരുടെ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത് കുട അടയാളത്തിൽ മത്സരിക്കുന്ന ഉണ്ണിപ്പേരിയെ ആണ്. വോട്ട് ചോദിക്കാൻ കോൺഗ്രസ്സ് പ്രവർത്തകരും ഒപ്പമുണ്ട്.

എന്നാൽ മുസ്‍ലിംലീഗിന്റെ പിന്തുണ വെൽഫെയർ പാർട്ടിയുടെ ഖൈറുന്നീസക്കാണ്. കപ്പും സോസറും ചിഹ്നത്തിൽ മത്സരിക്കുന്ന ഖൈറുന്നീസക്കുവേണ്ടി ലീഗ് പ്രവർത്തകരും യു ഡി എഫ് ബാനറിൽ വീടുകളിൽ വോട്ട് ചോദിച്ച് രംഗത്തുണ്ട്. കഴിഞ്ഞ ദിവസം വാർഡിൽ ഖൈറുന്നീസയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്തത് നഗരസഭാധ്യക്ഷൻ മുജീബ് കാടേരിയായിരുന്നു. ജില്ലാ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് വാർഡിൽ പത്രിക നൽകിയതെന്ന് ഉണ്ണിപ്പേരി പറയുന്നു. കോൺഗ്രസ്സ് സ്ഥാനാർഥി ഉണ്ണിപ്പേരിയാണെന്നാണ് കോട്ടപ്പടിയിലെ കോൺഗ്രസ്സ് നേതൃത്വം പറയുന്നത്.

ഫലത്തിൽ യു ഡി എഫിന്റെ സാധാരണ വോട്ടർമാർ ആർക്ക് വോട്ട് ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ഏതായാലും ആരാണോ ജയിക്കുന്നത്, അവരെ യു ഡി എഫ് അംഗമാക്കി മാല അണിയിക്കുമെന്നാണ് ഇപ്പോൾ കേൾക്കുന്ന വാർത്ത.
എൻ യമുനയാണ് എൽ ഡി എഫ് സ്ഥാനാർഥി. സി പി എം സിറ്റിംഗ് സീറ്റായ കോട്ടപ്പടിയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയത് ബി ജെ പിയായിരുന്നു. അശ്വതി ഗുപ്തകുമാറാണ് ബി ജെ പി സ്ഥാനാർഥി.

---- facebook comment plugin here -----

Latest