Kerala
പാലിയേക്കരയില്‍ ടോള്‍ പിരിക്കാം; ഉത്തരവുമായി ഹൈക്കോടതി
ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയെങ്കിലും കേസ് തീര്‍പ്പാക്കിയിട്ടില്ല.
കൊച്ചി|പാലിയേക്കരയില്‍ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി ഉത്തരവ്. 71 ദിവസത്തിനുശേഷമാണു ടോള്‍ വിലക്ക് നീക്കി അനുമതി നല്‍കിയത്. ഉപാധികളോടെയാണ് ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയത്. പുതിയ നിരക്കില്‍ പിരിക്കരുത്. പഴയ നിരക്ക് തുടരണം. ജനങ്ങളെയും ദേശീയപാത അതോറിറ്റിയെയും പരിഗണിച്ചുള്ള ഉത്തരവാണെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.
പാലിയേക്കരയില്‍ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയെങ്കിലും കേസ് തീര്‍പ്പാക്കിയിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പത്ത് ദിവസത്തിനുശേഷം വിഷയം കോടതി വീണ്ടും പരിഗണിക്കും. പാലിയേക്കരയിലെ എല്ലാ പ്രശ്‌നങ്ങളും വേഗത്തില്‍ തീര്‍പ്പാക്കാമെന്ന് കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായത്. ടോള്‍ പിരിവ് വിലക്കിയ നടപടി പിന്‍വലിക്കണം. പാതയിലെ സ്ഥിതിഗതികള്‍ ഏറെക്കുറെ മെച്ചപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിലെ ചെറിയ തിരക്ക് മാത്രമാണിപ്പോള്‍ ഉള്ളതെന്നും വാഹന ഗതാഗതം ഏറെക്കുറെ സുഗമമാണെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.



