Connect with us

Kerala

വിശ്വാസി ലക്ഷങ്ങളുടെ അകതാരിൽ അതിരുകളില്ലാത്ത സന്തോഷം വിടർത്തി ഇന്ന് മീലാദുന്നബി

വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചും സ്‌നേഹം പങ്കിട്ടും ഭക്ഷണം വിതരണം ചെയ്തും മുസ്‌ലിം ലോകം നബിദിനം സമുചിതമായി ആഘോഷിക്കുകയാണ്.

Published

|

Last Updated

കോഴിക്കോട് | വിശ്വാസി ലക്ഷങ്ങളുടെ അകതാരിൽ അതിരുകളില്ലാത്ത സന്തോഷം വിടർത്തി ഇന്ന് മീലാദുന്നബി. നാടും നഗരവും പ്രവാചക പ്രകീർത്തനങ്ങളിൽ തരളിതമാകുന്ന റബീഉൽ അവ്വൽ 12. ലോകാനുഗ്രഹി തിരുനബിയുടെ ജന്മം കൊണ്ടനുഗ്രഹീതമായ പുണ്യദിനം. സ്‌നേഹഗീതികൾ എങ്ങും അലയടിക്കുന്നു. വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചും സ്‌നേഹം പങ്കിട്ടും ഭക്ഷണം വിതരണം ചെയ്തും മുസ്‌ലിം ലോകം നബിദിനം സമുചിതമായി ആഘോഷിക്കുകയാണ്. റബീഉൽ അവ്വലിനെ വരവേറ്റ് പള്ളികളും മദ്‌റസകളും വീടകങ്ങളും വർണ ബൾബുകളാലും തോരണങ്ങളാലും അലങ്കരിച്ചിട്ടുണ്ട്. മിന്നിത്തിളങ്ങുന്ന പാതയോരങ്ങൾ റസൂലിനോടുള്ള സ്‌നേഹ വെളിച്ചത്താൽ സത്യവിശ്വാസികളെ വഴി നടത്തുന്നു.

പുതുവസ്ത്രങ്ങളണിഞ്ഞ് മദ്‌റസകളിലേക്കെത്തുന്ന കുരുന്നുകൾ മീലാദുശ്ശരീഫിന്റെ വർണക്കാഴ്ചയാണ്. കൊടികളേന്തിയും റാലികളിൽ അണിനിരന്നും പരിപാടികൾ അവതരിപ്പിച്ചും അവർ ഈ ദിനത്തെ ധന്യമാക്കുന്നു. സ്വന്തത്തെക്കാൾ സത്യവിശ്വാസികൾ ഏറെ സ്‌നേഹിക്കുന്ന പ്രവാചകരെ പകർന്നുകൊടുക്കുക എന്ന സത്കർമമാണ് ആഘോഷങ്ങളിലൂടെ നടക്കുന്നത്. മീലാദുശ്ശരീഫിനെ വരവേറ്റ് മദ്‌റസകളിലും ദർസുകളിലും ദഅ്‌വാ കോളജുകളിലുമുൾപ്പെടെ വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. റബീഉൽ അവ്വൽ ഒന്ന് മുതൽ നടക്കുന്ന പ്രഭാത മൗലിദുകൾ ആഘോഷത്തിന് മാറ്റുകൂട്ടുന്നു. പ്രാസ്ഥാനിക കുടുംബത്തിന്റെ ആഭിമുഖ്യത്തിൽ തിരുവസന്തം 1500 എന്ന പേരിൽ വിവിധങ്ങളായ പരിപാടികളാണ് നടത്തിവരുന്നത്.

 

 

Latest