National
തിരുമല അനിലിന്റെ മരണം: മാധ്യമങ്ങളോട് ക്ഷുഭിതനായി രാജീവ് ചന്ദ്രശേഖര്‍
മരണപ്പെട്ടയാളെ കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കി പറയാന്‍ നാണമില്ലേ. സി പി എമ്മിന്റെ തന്ത്രമാണിത്. സത്യം എന്താണെന്ന് വരും ദിവസങ്ങളില്‍ പുറത്തുവരും.

തിരുവനന്തപുരം | ബി ജെ പി കൗണ്‍സിലര്‍ തിരുമല അനിലിന്റെ മരണം സംബന്ധിച്ച ചോദ്യത്തിന് മാധ്യമങ്ങളോട് ചൊടിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മരണപ്പെട്ടയാളെ കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കി പറയാന്‍ നാണമില്ലേ എന്ന് അദ്ദേഹം ചോദിച്ചു. സി പി എമ്മിന്റെ തന്ത്രമാണിത്. സത്യം എന്താണെന്ന് വരും ദിവസങ്ങളില്‍ പുറത്തുവരും.
സി പി എമ്മിനെ സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുത്. അനിലിനെ പോലീസ് ഭീഷണിപ്പെടുത്തിയതിന്റെ തെളിവ് കൈയിലുണ്ട്. അനില്‍ വിഷയത്തില്‍ നീതി ലഭ്യമാക്കും. അനിലിനെ പ്രതിസന്ധി സമയത്ത് ബി ജെ പി സംരക്ഷിച്ചില്ലെന്നത് കള്ളമാണ്. ഇല്ലെന്ന് ആരാണ് പറഞ്ഞത്. വേണ്ടാത്ത കാര്യങ്ങള്‍ പറയരുതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തിരുവനന്തപുരം തിരുമല വാര്‍ഡിലെ കൗണ്‍സിലറും ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ തിരുമല അനിലിനെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനില്‍ ഭാരവാഹിയായ വലിയശാല ടൂര്‍ സൊസൈറ്റിയില്‍ സാമ്പത്തിക പ്രശ്നമുണ്ടായപ്പോള്‍ പാര്‍ട്ടി സഹായിച്ചില്ലെന്നും താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും ആത്മഹത്യാ കുറിപ്പിലുണ്ടെന്നാണ് സൂചന. രണ്ടാഴ്ച മുമ്പ് അനില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനെ കണ്ടിരുന്നുവെന്നും ബേങ്കിന്റെ ബാധ്യതയെക്കുറിച്ച് അറിയിച്ചിരുന്നുവെന്നുമാണ് വിവരം.