Kerala
ഗ്യാസ് ക്രിമിറ്റോറിയത്തില്‍ തീ പടര്‍ന്ന് മൂന്ന് പേര്‍ക്ക് പരുക്ക്
ശ്മശാനത്തിലെ ജീവനക്കാര്‍ അലക്ഷ്യമായി ഗ്യാസ് തുറന്നുവിട്ടതാണ് അപകടകാരണമെന്ന് നിഗമനം

റാന്നി | വയോധികയുടെ മൃതശരീരം പൊതുശ്മശാനത്തിൽ സംസ്‌കരിക്കാന്‍ തീ കൊളുത്തുന്നതിനിടെ ആളിപ്പടര്‍ന്ന് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മരിച്ച ആളുടെ ചെറുമക്കളായ റാന്നി തോട്ടമണ്‍ മേപ്പുറത്ത് രാജേഷ് (38), പുതമണ്‍ പുത്തന്‍പുരയ്ക്കല്‍ ജിജോ, ഇവരുടെ സുഹൃത്ത് പ്രദീപ് എന്നിവര്‍ക്കാണ് പരുക്കേറ്റു.
ശ്മശാനത്തിലെ ജീവനക്കാര്‍ അലക്ഷ്യമായി ഗ്യാസ് തുറന്നുവിട്ടതാണ് അപകടകാരണമെന്നാണ് നിഗമനം. ഉച്ചക്ക് ഒന്നോടെ റാന്നി- പഴവങ്ങാടി പഞ്ചായത്തിൻ്റെ ജണ്ടായിക്കല്‍ പൊതു ശ്മശാനത്തിലാണ് സംഭവം. റാന്നി തോട്ടമണ്‍ മേപ്പുറത്ത് പരേതനായ രാജന്‍ നായരുടെ ഭാര്യ മാതാവ് ജാനകിയമ്മയുടെ മൃതദേഹം സംസ്‌കരിക്കാനാണ് ബന്ധുക്കള്‍ എത്തിയത്.
മൃതദേഹം ഗ്യാസ് ക്രിമിറ്റോറിയത്തില്‍ വെച്ച ശേഷം ചെറുമകന്‍ ജിജോ കര്‍മം ചെയ്യാനായി തീ കത്തിച്ചപ്പോഴാണ് തീ ക്രിമിറ്റോറിയത്തിനുള്ളില്‍ നിന്ന് ആളിപ്പടര്‍ന്ന് പുറത്തേക്ക് കത്തിയത്. രാജേഷിന് കാലിനാണ് പരുക്ക്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.