Connect with us

cover story

ആ ചരിത്ര സാക്ഷ്യങ്ങൾ

കൊളോണിയൽ താത്പര്യങ്ങൾ മുൻനിർത്തി ബ്രിട്ടീഷ് ചരിത്ര രചനാശാസ്ത്രം അപനിർമിച്ച ഹൈദരാലിയുടെയും മകൻ ടിപ്പു സുൽത്താന്റെയും വസ്തുതാപരമായ ചരിത്രത്തെ മറനീക്കി പുറത്തു കൊണ്ടുവന്നതിൽ പ്രൊഫ. ശൈഖ് അലിയുടെ പങ്ക് ചെറുതല്ല.

Published

|

Last Updated

തങ്ങളുടെ അധീന മേഖലകളിലെ ജനങ്ങളിൽ രൂപപ്പെടുന്ന ഐക്യബോധത്തെയും മാനസികമായ അടുപ്പത്തെയും തല്ലിത്തകർക്കാൻ മതം, ജാതി, വർണം പോലുള്ള സമൂഹഘടകങ്ങളെ ദുരുപയോഗപ്പെടുത്തുകയും അതിലൂടെ വിഭജിച്ചു ഭരിക്കൽ നയം വിജയകരമായി നടപ്പിലാക്കാനും ചരിത്രം പോലെയൊരു ഉപകരണത്തിന്റെ സാധ്യതകൾ അധിനിവേശ ശക്തികൾ നന്നായി തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യയെ കേന്ദ്രീകരിച്ചുള്ള തങ്ങളുടെ പഠനങ്ങളിലൂടെ ഓറിയന്റലിസ്റ്റുകൾ നിർവഹിച്ച സേവനങ്ങളെ പൂർണമായി നിരാകരിക്കുന്നില്ലെങ്കിലും ഇന്ത്യൻ ചരിത്രത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നതിന്റെയും വിദേശശക്തികളുടെ താത്പര്യങ്ങളോട് രാജിയാകാത്ത ഭരണാധികാരികളെ മതഭ്രാന്തന്മാരായി ചിത്രീകരിച്ചതിന്റെയും കൽപ്പിത കഥകൾ സ്ഥാപിച്ചെടുത്തതിന്റെയും പിന്നിലെ രാഷ്ട്രീയ താത്പര്യങ്ങൾ അങ്ങനെയായിരുന്നല്ലോ. രാജ്യത്ത് ഇന്നും സാമാനമായ പ്രവണതകൾ സജീവമാണ്. ഇത്തരം അപനിർമാണങ്ങളെ പതിറ്റാണ്ടുകൾക്ക് മുമ്പേ തിരിച്ചറിഞ്ഞു പ്രതിപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ഒരു രീതിശാസ്ത്ര ബദൽ രൂപവത്കരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഈയിടെ വിടപറഞ്ഞ പ്രമുഖ ഇന്ത്യൻ ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ പ്രൊഫ.ബി ശൈഖ് അലി.

ഹിസ്റ്ററി കോൺഗ്രസ്സിന്റെ അമരക്കാരൻ

1925 നവംബർ 10 ന് മൈസൂരിൽ ജനിച്ച പ്രൊഫ. ബി ശൈഖ് അലി 1945ൽ മൈസൂർ സർവകലാശാലയിൽ നിന്ന് ബി എ ഹിസ്റ്ററിയിൽ സ്വർണ മെഡലോടെയും എം എയിൽ രണ്ടാം റാങ്കോടെയുമായിരുന്നു തന്റെ ബിരുദ – ബിരുദാന്തര പഠനങ്ങൾ പൂർത്തിയാക്കിയത്. പിന്നീട് 1954ൽ അലീഗഢ് മുസ്്ലിം സർവകലാശാലയിൽ നിന്നും 1960ൽ ലണ്ടൻ സർവകലാശാലയിൽ നിന്നും പി എച്ച് ഡി പഠനം പൂർത്തിയാക്കി.
വിഖ്യാത ഇന്ത്യൻ ചരിത്രകാരനായ കെ എൻ പണിക്കർ ആയിരുന്നു തുടർന്ന് പ്രൊഫ. ശൈഖ് അലിയെ മൈസൂർ സർവകലാശാലയിൽ നിയമിക്കുന്നത്. 1980 ൽ സ്ഥാപിതമായ മംഗളുരു സർവകലാശാലയിലെയും 1985ൽ സ്ഥാപിതമായ ഗോവ സർവകലാശാലയുടെയും പ്രഥമ വൈസ് ചാൻസലറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇരു സർവകലാശാലകളുടെയും നിർമിതികളുടെ ഏറ്റവും വിഷമകരമായ ആരംഭഘട്ടത്തിലായിരുന്നു പ്രൊഫ. ശൈഖ് അലി ഈ സ്ഥാനങ്ങളിൽ നിയമിതനാകുന്നത്. അതിനാൽ തന്നെ അവകളുടെ വികസനവും വികാസവും വളർച്ചയും മുമ്പിൽ കണ്ട് അദ്ദേഹം സജീവമായി ഇടപെട്ടുകൊണ്ടേയിരുന്നു.

അതേസമയം, ഇന്ത്യൻ ചരിത്ര സംബന്ധിയായ അക്കാദമിക് വേദികളിലെ ഒഴിച്ചുകൂടാനാകാത്ത വ്യക്തിത്വം കൂടിയായിരുന്നു പ്രൊഫ. ശൈഖ് അലി. 1971 ൽ ആസ്ത്രേലിയയിലെ കാൺബറിൽ നടന്ന ഇരുപത്തിയെട്ടാമത് അന്താരാഷ്ട്ര ഓറിയന്റലിസ്റ്റ് കോൺഗ്രസ്സിൽ ഇന്ത്യൻ ചരിത്ര സെഷന്റെയും 1985ലെ സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സിന്റെയും 1986ലെ നാൽപ്പത്തി ഏഴാമത് സെഷൻ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സിന്റെയും അധ്യക്ഷനായിരുന്നു അദ്ദേഹം. ഇതിനുപുറമേ സോവിയറ്റ് യൂനിയൻ, തുർക്കി, ബൾഗേറിയ, യു എ ഇ, ബ്രിട്ടൺ, ഫ്രാൻസ്, ജർമനി, സിറ്റ്സർലാൻഡ്, പോർച്ചുഗീസ്, കാനഡ, ഈജിപ്ത്, സഊദി അറേബ്യ, മലേഷ്യ, ബ്രൂണെ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ സംഘടിപ്പിക്കപ്പെട്ട ചരിത്ര സെമിനാറുകളിലും ചർച്ചകളിലും പ്രൊഫ. ശൈഖ് അലി പ്രതിനിധിയായും അതിഥിയായും പങ്കെടുത്തിരുന്നു. 1976-77 കാലത്ത് യു എസ് എയിലെ ജോർജിയ സർവകലാശാലയിൽ പുതുതായി ആരംഭിച്ച ഇന്ത്യൻ സ്റ്റഡീസ് വിഭാഗത്തിൽ ഉപദേശകനായും അധ്യാപകനായും അദ്ദേഹം ക്ഷണിക്കപ്പെട്ടിരുന്നു. കർണാടക ഹിസ്റ്ററി കോൺഗ്രസ്സ് ആരംഭിക്കുന്നതും പ്രൊഫ. ശൈഖ് അലിയുടെ നേതൃത്വത്തിലായിരുന്നു.

പ്രധാനമന്ത്രി അധ്യക്ഷനായ ഡോ. സാക്കിർ ഹുസൈൻ മെമ്മോറിയൽ ട്രസ്റ്റ്, അന്താരാഷ്ട്ര ആർക്കൈവ്സ് കൗൺസിൽ റീജിയണൽ ബ്രാഞ്ച്, ഇന്ത്യൻ ഹിസ്റ്റോറിക്കൽ റെക്കോർഡ്സ് കമ്മീഷൻ തുടങ്ങിയ നിരവധി സമിതികളിലെ അംഗമായും മൈസൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സുൽത്താൻ ശഹീദ് എജ്യുക്കേഷണൽ ട്രസ്റ്റ്, മുസ്്ലിം എജ്യുക്കേഷണൽ സൊസൈറ്റി, സെൻട്രൽ മുസ്്ലിം വെൽഫയർ സൊസൈറ്റി തുടങ്ങിയവയുടെ അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. അപ്പോഴും മതേതരത്വം അദ്ദേഹം ജീവിതത്തിലും പ്രവൃത്തിയിലും കാണിച്ചു. അദ്ദേഹത്തിന്റെ ചരിത്ര രചന, പ്രസംഗം, അക്കാദമിക പ്രവര്‍ത്തനം എല്ലാം അതിൽ അധിഷ്ഠിതമായിരുന്നു.

ഗ്രന്ഥങ്ങൾ

ഇംഗ്ലീഷ്, ഉറുദു ഭാഷകളിലായി നാൽപ്പതോളം പുസ്തകങ്ങളുടെയും നൂറിൽപരം പ്രബന്ധങ്ങളുടെയും കർത്താവും എഡിറ്ററും കൂടിയായിരുന്നു പ്രൊഫ. ശൈഖ് അലി. ലോക നാഗരികതകൾ, ഇന്ത്യൻ സംസ്കാരം, ആധുനിക ഏഷ്യ, തെക്കൻ ഏഷ്യ മുതൽ കർണാടകയുടെ ചരിത്രം, മൈസൂർ സുൽത്താന്മാർ, ഇസ്്ലാമിക് സ്റ്റഡീസ്, ഹോയസാല രാജവംശം, ഗോവയിലെ സ്വാതന്ത്ര്യ സമരം, ബ്രാഹ്മണി – ബീജാപൂർ ഭരണാധികാരികൾ സർ സയ്യിദ് അഹ്്മദ് ഖാൻ, അബുൽ കലാം ആസാദ്, ഡോ. സാക്കിർ ഹുസൈൻ, അല്ലാമാ ഇഖ്ബാൽ, ജലാലുദ്ദീൻ റൂമി, ഇമാം ഗസ്സാലി, ഹാഫിസ് ശീറാസി, സഅദി, മിർസാ ഗാലിബ്, ഉർദു കവി അൽത്വാഫ് ഹുസൈൻ ഹാലി തുടങ്ങിയ വ്യക്തിത്വങ്ങളെ വരെ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ അവയിലുണ്ട്. ചരിത്ര രചനാ ശാസ്ത്രവുമായി ബന്ധപ്പെട്ട “History: Its Theory and Method’ (1978) എന്ന രചനയും കർണാടക ചരിത്രവുമായി ബന്ധപ്പെട്ട പഠനങ്ങളും അവയിൽ ഏറെ പ്രധാനപ്പെട്ടതാണ്. “മൈ ലൈഫ്’ (2009) എന്ന പേരിൽ ഒരു ആത്മകഥയും അദ്ദേഹം എഴുതിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ സാലാർ എന്ന പേരിൽ ഒരു ഉറുദുപത്രവും ആഴ്ചപ്പതിപ്പും അദ്ദേഹം ബംഗളൂരു കേന്ദ്രീകരിച്ച് പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു.

കർണാടക സർക്കാറിന്റെ രാജ്യോത്സവ അവാർഡടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ച പ്രൊഫ. ശൈഖ് അലിയെ കന്നഡ സർവകലാശാല, കർണാടക സ്റ്റേറ്റ് ഓപൺ യൂണിവേഴ്സിറ്റി, തുംകൂർ സർവകലാശാല, മൈസൂർ സർവകലാശാല എന്നിവ ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.

മൈസൂരിന്റെ ചരിത്ര പുനർനിർമിതി

കൊളോണിയൽ താത്പര്യങ്ങൾ മുൻനിർത്തി ബ്രിട്ടീഷ് ചരിത്ര രചനാശാസ്ത്രം അപനിർമിച്ച ഹൈദരാലിയുടെയും മകൻ ടിപ്പു സുൽത്താന്റെയും വസ്തുതാപരമായ ചരിത്രത്തെ മറനീക്കി പുറത്തു കൊണ്ടുവന്നതിൽ പ്രൊഫ. ശൈഖ് അലിയുടെ പങ്ക് ചെറുതല്ല. Tipu Sultan, a Study in Diplomacy and Confrontation (1982), Tipu Sultan (1972), Tipu Sultan, a Great Martyr: (1993), British Relations with Hyder Ali (1963) തുടങ്ങിയ പുസ്തകങ്ങളിലൂടെയാണ് മൈസൂർ സുൽത്താന്മാരുടെ മതേതര സ്വഭാവത്തിനും സാമ്രാജ്യത്വ വിരുദ്ധതക്കും പ്രാധാന്യം നല്‍കി തന്റെ ഈ ദൗത്യം അദ്ദേഹം നിർവഹിച്ചത്. ഇതിന്റെ ഭാഗമായി ബ്രിട്ടീഷ് ആർക്കൈവ്സിലുള്ള 1500 പേജുകൾ വരുന്ന ടിപ്പുവിന്റെ കൈയെഴുത്ത് പ്രതികളുടെ പകർപ്പുകൾ അദ്ദേഹം തന്റെ വീട്ടിൽ സൂക്ഷിച്ചിരുന്നു. തന്റെ ഗ്രന്ഥങ്ങളിലുടനീളം ടിപ്പു സുൽത്താനെ സുൽത്താൻ ശഹീദ് എന്നാണ് പ്രൊഫ. ശൈഖ് അലി സംബോധന ചെയ്തിരിക്കുന്നതും.

കേരളവുമായുള്ള ബന്ധങ്ങൾ

കേരളവുമായും മലയാളികളായ ചരിത്രഗവേഷകരുമായും അടുപ്പം പുലർത്തിയിരുന്ന ചരിത്രകാരനും വിദ്യാഭ്യാസപ്രവർത്തകനുമായിരുന്നു പ്രൊഫ. ശൈഖ് അലി. പല തവണ കേരളത്തിൽ എത്തിയിരുന്ന അദ്ദേഹം പല രാഷ്ട്രീയ നേതാക്കളുമായും സൗഹൃദം പങ്കിട്ടിരുന്നു. കേരളത്തിലെ പ്രമുഖ ചരിത്രകാരനായ കെ കെ എൻ കുറുപ്പ് 1983ൽ പ്രൊഫ. ശൈഖ് അലിയുടെ കൂടെ പ്രൊഫസർ, ഡീൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തന്റെ പി എച്ച് ഡി പ്രബന്ധത്തിന്റെ പരിശോധനാ സമിതി ചെയർമാൻ കൂടിയായിരുന്നു പ്രൊഫ. ശൈഖ് അലിയുടെ “ബ്രിട്ടീഷ് റിലേഷൻസ് വിത്ത് ഹൈദരാലി’ എന്ന പഠനം മലയാളത്തിലേക്ക് കൊണ്ടുവന്നതും കെ കെ എൻ കുറുപ്പ് ആയിരുന്നു. മലബാറിലെ അക്കാദമിക് സ്ഥാപനങ്ങളെയും അവരുടെ ഗവേഷണങ്ങളെയും അദ്ദേഹം നന്നായി പിന്തുണച്ചിരുന്നു. നാല് വർഷം മുമ്പ് തലശ്ശേരി ബ്രണ്ണൻ കോളജ് സംഘടിപ്പിച്ച ദേശീയ ഉറുദു സെമിനാറിൽ പങ്കെടുക്കാനായിരുന്നു അവസാനമായി അദ്ദേഹം കേരളത്തിൽ വന്നത്. എന്നാൽ, ദക്ഷിണേന്ത്യയിലെ ഏറവും മികച്ച ചരിത്ര ഗവേഷകരിലൊരാളായ പ്രൊഫ. ശൈഖ് അലിയെ അക്കാദമിക് തലത്തിനപ്പുറത്തെ മലയാളികൾക്ക് പരിചിതമായിരുന്നില്ല എന്നതാണ് സത്യം. ചരിത്ര വസ്തുതകളെ തമസ്കരിക്കാനും വർഗീയവത്കരിക്കാനും സംഘടിതശ്രമങ്ങൾ അരങ്ങേറുന്ന ഈ കാലത്ത് ഈ വിയോഗം മൂലം ഉണ്ടാകുന്ന ഒഴിവ് ചെറുതല്ല.
.

Latest