National
ശശികല ഉള്‍പ്പെടെ പുറത്താക്കിയവരെ 10 ദിവസത്തിനകം തിരിച്ചെടുക്കണം; പളനിസ്വാമിയ്ക്ക് മുന്നില്‍ സമയപരിധി വച്ച് സെങ്കോട്ടയ്യന്‍
'പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരെ തിരിച്ചുകൊണ്ടുവരാതെ എ ഐ എ ഡി എം കെയ്ക്ക് വീണ്ടും അധികാരത്തിലെത്താന്‍ കഴിയില്ല.'

ചെന്നൈ | പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരെ തിരിച്ചുകൊണ്ടുവരാതെ എ ഐ എ ഡി എം കെയ്ക്ക് വീണ്ടും അധികാരത്തിലെത്താന്‍ കഴിയില്ലെന്ന് മുതിര്‍ന്ന നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ കെ എ സെങ്കോട്ടയ്യന്‍. 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തണമെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യമുണ്ടാകണം. ഭിന്നിച്ചു നിന്നാല്‍ പാര്‍ട്ടിക്ക് തനിച്ച് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധിക്കാതെ വരുമെന്നും സെങ്കോട്ടയ്യന്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വേലുമണി, തങ്കമണി, സി വി ഷണ്‍മുഖം, അന്‍പഴകന്‍, വി കെ ശശികല, ടി ടി വി ദിനകരന്‍, ഒ പനീര്‍ശെല്‍വം എന്നിവരെ 10 ദിവസത്തിനകം പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐ എ ഡി എം കെ നേതാവ് പറഞ്ഞു.
തങ്ങളുടെ ഉപദേശം സ്വീകരിക്കാനുള്ള പക്വതയോ മാനസികാവസ്ഥയോ പളനിസ്വാമിയ്ക്ക് ഉണ്ടാവാത്തതാണ് പ്രശ്‌നമെന്നും സെങ്കോട്ടയ്യന്‍ പ്രതികരിച്ചു. തമിഴ്നാട്ടില്‍ എന്‍ ഡി എ സഖ്യം വിടുകയാണെന്ന് ഒ പനീര്‍സെല്‍വവും ദിനകരനും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എ ഐ എ ഡി എം കെ സെക്രട്ടറിക്ക് അന്ത്യശാസനം നല്‍കുന്ന പരാമര്‍ശങ്ങളുമായി സെങ്കോട്ടയ്യന്‍ രംഗത്തെത്തിയത്.