Connect with us

Articles

ഇത് ബജ്വ, ബൈഡന്‍ കൂട്ടുകെട്ട്

പാക് ജനാധിപത്യത്തെയും സൈനിക ഇടപെടലില്ലാത്ത സിവിലിയന്‍ ഭരണത്തെയും സംരക്ഷിക്കാനുള്ള ശ്രമം തന്നെയാണ് ഇംറാന്‍ ഖാന്‍ നടത്തിയത്. അതിന് സ്വീകരിച്ച മാര്‍ഗം ന്യായീകരിക്കാനാകില്ലെങ്കിലും ലക്ഷ്യം കൃത്യമാണ്.

Published

|

Last Updated

നമുക്കുള്ളതെല്ലാം ഉത്കൃഷ്ടവും അപരന്റേതെല്ലാം അധമവുമാകുന്നതിന്റെ പേരാണ് വകതിരിവില്ലാത്ത ദേശീയത. പാക്കിസ്ഥാന്‍ ഒരു പരാജിത രാഷ്ട്രമാണെന്നും ജനാധിപത്യ സ്ഥാപനങ്ങള്‍ അതിദുര്‍ബലമാണ് അവിടെയെന്നും ഏത് നിമിഷവും ബാരക്കില്‍ നിന്ന് സൈന്യം പാര്‍ലിമെന്റിലേക്കും അധികാരക്കസേരയിലേക്കും ഇരച്ചെത്താമെന്നുമാണല്ലോ പൊതുബോധം. ഇംറാന്‍ ഖാനെതിരായ പ്രതിപക്ഷ നീക്കവും അതിനെ മറികടക്കാന്‍ അദ്ദേഹം നടത്തിയ കൗശലപൂര്‍ണമായ നീക്കങ്ങളും ഈ പൊതു ബോധത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. സുപ്രീം കോടതി എന്ത് വിധിച്ചാലും അവിടെ കലാപം ഉറപ്പാണെന്നും ആ സംഘര്‍ഷാവസ്ഥയിലേക്ക് സൈന്യമിറങ്ങുമെന്നും ജനറല്‍ അയ്യൂബ് ഖാന്‍ തൊട്ടുള്ള സൈനികാധിപത്യത്തിന്റെ ചരിത്രം ആവര്‍ത്തിക്കുമെന്നുമുള്ള പ്രവചനത്തില്‍ അവസാനിപ്പിക്കാവുന്നതേയുള്ളൂ, പാക് വിശകലനം. പാക്കിസ്ഥാനല്ലേ, എന്തും സംഭവിക്കുമെന്ന് ഉപസംഹാരവാക്യം കൂടിയായാല്‍ സംഗതി ജോറായി.

എന്നാല്‍ അത്ര ലളിതമല്ല കാര്യങ്ങള്‍. ചില വസ്തുതകള്‍ കാണാതിരിക്കാനാകില്ല. ഇംറാന്‍ ഖാന്‍ അവിശ്വാസം അതിജീവിച്ചാല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് അമേരിക്കന്‍ വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി ഡൊണാള്‍ഡ് ലൂ പാക് നയതന്ത്ര പ്രതിനിധിയോട് പറഞ്ഞത് നിസ്സാരമായി തള്ളാനാകില്ല. അനൗപചാരിക കേബിള്‍ സന്ദേശമായി അതിനെ തള്ളാനാകില്ലെന്ന് വിലയിരുത്തിയത് പാക് ദേശീയ സുരക്ഷാ സമിതിയാണ്. എന്‍ എസ് സി ഈ വിലയിരുത്തല്‍ നടത്തിയതോടെ ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ വിദേശ കരങ്ങളുണ്ടാകാമെന്ന ഭയം ശക്തിപ്പെടുകയാണ്. ഈ സംഭാഷണത്തെ ഇംറാന്‍ ഖാന്‍ രാഷ്ട്രീയ ആയുധമാക്കുന്നു എന്നത് കൊണ്ട് മാത്രം യു എസ്- ചൈന നിഴല്‍ യുദ്ധത്തിന്റെ സാധ്യതയില്ലാതാകുന്നില്ല. പാക്കിസ്ഥാനെ പരാജിത രാഷ്ട്രമാക്കി നിലനിര്‍ത്തുന്നതില്‍ എക്കാലത്തും ഈ ഇടപെടല്‍ കാരണമായിട്ടുണ്ട്. എപ്പോഴൊക്കെ സിവിലിയന്‍ ഭരണം അട്ടമറിക്കപ്പെട്ടോ അപ്പോഴൊക്കെ വിദേശ ഇടപെടലുണ്ടായിട്ടുണ്ട്. പാക് സൈന്യം ഒരിക്കലും അമേരിക്കന്‍ ബാന്ധവം ഉപേക്ഷിച്ചിട്ടില്ല. അതുകൊണ്ട്, അമേരിക്കന്‍ താത്പര്യങ്ങളെ ചെറുതായൊന്ന് ചോദ്യം ചെയ്യാന്‍ ശ്രമിച്ചാല്‍ ആ ഭരണാധികാരിക്ക് പിന്നെ നിലനില്‍പ്പില്ലെന്നതാണ് സത്യം.

തീര്‍ച്ചയായും ഇംറാന്‍ ഖാന്‍ ഇപ്പോള്‍ അമേരിക്കന്‍ വിരുദ്ധ വികാരം കത്തിക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടി മാത്രമാണ്. മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ മുമ്പിലുള്ള ഏക ആയുധം അമേരിക്കന്‍വിരുദ്ധതയാണ്. യു എസിന്റെയും യൂറോപ്യന്‍ യൂനിയന്റെയും രാഷ്ട്രീയ വഞ്ചനയുടെ ഇരയാണ് തന്റെ സര്‍ക്കാറെന്നും തന്റെ പാര്‍ട്ടിയെ പിന്തുണക്കുകയാണ് ദേശസ്നേഹമുള്ള പാക് പൗരന്മാരുടെ മുന്നിലുള്ള ഏകവഴിയെന്നും പറഞ്ഞാകും ഇംറാന്‍ വോട്ട് തേടുക. അദ്ദേഹം ചോദിക്കുന്ന ചോദ്യങ്ങളുണ്ട്. യുക്രൈന്‍ വിഷയത്തില്‍ റഷ്യയെ പുന്തുണച്ചത് ഞാന്‍ മാത്രമല്ലല്ലോ. ഇന്ത്യയും അതേ നിലപാടെടുത്തില്ലേ. ഞാന്‍ മോസ്‌കോയില്‍ പോയതാണോ തെറ്റ്? ഇന്ത്യന്‍ പ്രധാനമന്ത്രി എത്ര തവണ റഷ്യന്‍ നേതൃത്വവുമായി സംസാരിച്ചു? എന്നിട്ട് അവിടെ വല്ല കുഴപ്പവുമുണ്ടോ? പാക്കിസ്ഥാനില്‍ പ്രതിപക്ഷത്തെ വിലക്കെടുത്ത് കുഴപ്പമുണ്ടാക്കുന്നു. ഇതെങ്ങനെ അംഗീകരിക്കാനാകും?

ഈ ദിശയിലാണ് ഇംറാന്‍ ക്യാമ്പ് തുടക്കത്തിലേ കരുക്കള്‍ നീക്കിയത്. ബിലാവല്‍ ഭൂട്ടായുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരന്‍ ശഹബാസ് ശരീഫും മകള്‍ മറിയം ശരീഫും നേതൃത്വം നല്‍കുന്ന പാക്കിസ്ഥാന്‍ മുസ്ലിം ലീഗും ഇംറാന്‍ സര്‍ക്കാറിനെതിരെ യോജിച്ച ആക്രമണം തുടങ്ങിയപ്പോള്‍ കുലുങ്ങാതിരുന്ന ഇംറാന്‍ ഖാന്‍ പറഞ്ഞത് അവസാന പന്തും ഞാന്‍ നേരിടുമെന്നാണ്. എന്നാല്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും കടക്കെണിയും ഇന്ധന വിലവര്‍ധനവും വ്യാപാര പ്രതിസന്ധിയും ഭരണവിരുദ്ധ വികാരം ആളിക്കത്താനിടയാക്കിയിരുന്നു. ജനവികാരം മാറുന്നത് ഇംറാന്റെ പാര്‍ട്ടിയായ തെഹ്രീകെ ഇന്‍സാഫിലും അലയൊലികള്‍ സൃഷ്ടിച്ചു. ഇനി ഇംറാനൊപ്പം നില്‍ക്കുന്നതില്‍ അര്‍ഥമില്ലെന്ന് മനസ്സിലാക്കിയ എം പിമാര്‍ മറുകണ്ടം ചാടാന്‍ തീരുമാനിച്ചതോടെ കളി മാറാന്‍ തുടങ്ങി. പ്രതിപക്ഷ സഖ്യമായ പാക്കിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് (പി ഡി എം) നാഷനല്‍ അസംബ്ലിയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. പ്രമേയം ചര്‍ച്ചക്കെടുക്കുന്നത് വൈകിപ്പിച്ച് സ്പീക്കര്‍ സാവകാശം അനുവദിച്ചെങ്കിലും അപ്പുറം ചാടിയവരെയൊന്നും തിരിച്ചെത്തിക്കാന്‍ ഇംറാനായില്ല. ഒടുവില്‍ അവിശ്വാസ പ്രമേയം വോട്ടിനിടുന്ന ദിനമെത്തി. ഏപ്രില്‍ മൂന്ന് ഇംറാന്റെ പതന ദിനമാണെന്ന് ഉറപ്പിക്കാവുന്ന അംഗബലം തങ്ങള്‍ക്കുണ്ടെന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രതിപക്ഷം. അത് സത്യമാണെന്ന് തെളിയുകയും ചെയ്തു. ഭരണപക്ഷം ഇറങ്ങിപ്പോയ അസംബ്ലിയില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയം പ്രതീകാത്മകമായി വോട്ടിനിട്ടപ്പോള്‍ 197 പേരാണ് പിന്തുണച്ചത്. പാസ്സാകാന്‍ വേണ്ടിയിരുന്നത് 172 ആയിരുന്നു.

ഈ ഘട്ടത്തിലാണ് പാക് ക്രിക്കറ്റിനെ കുറിച്ചുള്ള പഴയ പൊതു ബോധം ദേശീയ അസംബ്ലിയില്‍ പുലര്‍ന്നത്. പാക് മൈതാനത്താണ് നിങ്ങള്‍ കളിക്കുന്നതെങ്കില്‍ ഒരു പാക് താരത്തെ നിങ്ങള്‍ക്ക് എല്‍ ബി ഡബ്ലിയുവില്‍ കുടുക്കാനാകില്ല. റണ്‍ ഔട്ടുമാക്കാനാകില്ല. വിക്കറ്റെടുക്കണമെങ്കില്‍ കുറ്റി തെറിപ്പിക്കണം. അല്ലെങ്കില്‍ ക്ലിയര്‍ ക്യാച്ച് വേണം. അത്രക്ക് നീതിരഹിതമായിരുന്നുവത്രേ പാക് അമ്പയറിംഗ്. ഏതായാലും ഇതു തന്നെയാണ് പാര്‍ലിമെന്റിന്റെ അധോ സഭയില്‍ നടന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി അവിശ്വാസ പ്രമേയം ഭരണഘടനാവിരുദ്ധമാണെന്ന് റൂളിംഗ് നല്‍കി. വിദേശ ഗൂഢാലോചനക്ക് സഭ വഴങ്ങില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സഭയിലെത്താതെ ഇംറാന്‍ ഖാനും പ്രധാന നേതാക്കളും ഈ നാടകത്തിന്റെ സൂചന നല്‍കിയതാണ്. ഇത് മനസ്സിലാക്കിയ ബിലാവല്‍ ഭൂട്ടോ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരികയും ചെയ്തു. അതോടെ അമ്പയറുടെ ചുമതല ഡെപ്യൂട്ടി സ്പീക്കറില്‍ വന്നു ചേര്‍ന്നു. അദ്ദേഹം ഇംറാനെ ക്രീസില്‍ നിര്‍ത്താനുള്ള തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു.

അടുത്ത നീക്കം അതിനേക്കാള്‍ മാരകമായിരുന്നു. പ്രസിഡന്റ് ആരിഫ് ആല്‍വിയോട് അസംബ്ലി പിരിച്ചുവിടാന്‍ ഇംറാന്‍ ശിപാര്‍ശ ചെയ്തു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 58 പ്രകാരം പ്രധാനമന്ത്രി അത്തരമൊരു ശിപാര്‍ശ നല്‍കിയാല്‍ പ്രസിഡന്റ് അംഗീകരിച്ചേ തീരൂ. സഭ പിരിച്ചു വിട്ടു, മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പെന്ന് ആല്‍വി തീര്‍പ്പ് പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍, പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവര്‍ എടുത്ത തീരുമാനങ്ങളാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ഉമര്‍ അതാ ബാണ്ടിയാല്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇംറാന്‍ ക്യാമ്പിനെതിരാണ്. ഡെപ്യൂട്ടി സ്പീക്കറുടെ നടപടി തിടുക്കത്തിലായി, പ്രസിഡന്റ് സ്വീകരിച്ചത് അവിശ്വാസം നിലനില്‍ക്കുന്ന പ്രധാനമന്ത്രിയുടെ വാക്കായിപ്പോയി എന്നീ പരാമര്‍ശങ്ങള്‍ അന്തിമ വിധിയിലേക്കുള്ള സൂചനയായി കാണാവുന്നതാണ്. എന്നാല്‍ പ്രതിപക്ഷത്തിന് വിശ്വാസം പോരാ. അവര്‍ സമ്പൂര്‍ണ ബഞ്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഈ സംഭവ വികാസങ്ങളില്‍ നിന്ന് രണ്ട് വസ്തുതകളാണ് ചികഞ്ഞെടുക്കാനാകുന്നത്. ഒന്നര ദശകമായി ബാരക്കില്‍ കഴിയുന്ന സൈന്യത്തിന് സിവിലിയന്‍ ഭരണത്തിലെ ഇടപെടല്‍ കൂടുതല്‍ ശക്തമാക്കണമെന്ന് ആഗ്രഹമുണ്ട്. നേരത്തേ നവാസ് ശരീഫ് കൈക്കൊണ്ടതും (അന്ന് ഇംറാന്‍ സൈന്യത്തിന്റെ കൂടെയായിരുന്നു) ഇപ്പോള്‍ ഇംറാന്‍ ഖാന്‍ തുടരുന്നതും ഈ പൂതി അനുവദിക്കില്ലെന്ന സമീപനമാണ്. ആ അര്‍ഥത്തില്‍ പാക് ജനാധിപത്യത്തെയും സിവിലിയന്‍ ഭരണത്തെയും സംരക്ഷിക്കാനുള്ള ശ്രമം തന്നെയാണ് ഇംറാന്‍ നടത്തിയത്. അതിന് സ്വീകരിച്ച മാര്‍ഗം ന്യായീകരിക്കാനാകില്ലെങ്കിലും ലക്ഷ്യം കൃത്യമാണ്. ഇതാണ് ഒന്നാമത്തെ വസ്തുത. ഇംറാനെ തുടക്കത്തില്‍ വിളിച്ചിരുന്നത് സെലക്ടഡ് പി എം എന്നായിരുന്നു. സൈന്യത്തിന്റെ സെലക്്ഷനിലൂടെ വന്നയാളെന്നര്‍ഥം. അവിടെ നിന്ന് വളര്‍ന്ന് ഇലക്ടഡ് പ്രൈം മിനിസ്റ്ററാകാന്‍ ശ്രമിച്ചതാണ് വിനയായത്.

അമേരിക്ക എത്ര നിഷേധിച്ചാലും ഈ സംഭവ വികാസങ്ങളുടെ അന്താരാഷ്ട്ര ചരട് മറച്ചു വെക്കാനാകില്ലെന്നതാണ് രണ്ടാമത്തെ കാര്യം. റഷ്യയുടെ ഏറ്റവും പുതിയ പ്രതികരണം ഇത് ശരിവെക്കുന്നു. ഇംറാന്‍ ഖാന്‍ മോസ്‌കോ സന്ദര്‍ശിച്ചതിനുള്ള ശിക്ഷയാണ് ഏറ്റുവാങ്ങുന്നതെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നത്. യു എസ് എക്കാലത്തേക്കും പാക്കിസ്ഥാനെ കൈയൊഴിഞ്ഞുവെന്നല്ല. എന്നാല്‍ താത്കാലികമായി ഒരു ഭരണമാറ്റം വേണം. ശഹബാസ് ശരീഫോ ബിലാവല്‍ ഭൂട്ടോയോ വരട്ടെ. ഇന്ത്യയുമായും യു എസുമായും അടുപ്പം പുലര്‍ത്തുന്ന, ചൈനയെ അകറ്റുന്ന വിദേശനയം വരട്ടെയെന്നും വൈറ്റ് ഹൗസ് ആഗ്രഹിക്കുന്നു.
സൈനിക മേധാവി ജനറല്‍ ബജ്വ കഴിഞ്ഞ ശനിയാഴ്ച അഥവാ പാര്‍ലിമെന്റ് പിരിച്ചുവിടുന്നതിന്റെ തലേന്ന് പറഞ്ഞത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം. ‘യു എസിനെ അകറ്റി നിര്‍ത്തി പാക്കിസ്ഥാന് മുന്നോട്ട് പോകാനാകില്ല. യുക്രൈനില്‍ റഷ്യ നടത്തിയത് അധിനിവേശം തന്നെയാണ്. അതില്‍ നിഷ്പക്ഷ നിലപാട് ആരെടുത്താലും തെറ്റാണ്’. നോക്കൂ, സൈന്യത്തിന്റെയും യു എസിന്റെയും ശബ്ദത്തിന് എന്തൊരു ചേര്‍ച്ച! തിരഞ്ഞെടുപ്പിന് ശേഷം അധികാരം പിടിക്കാന്‍ പോകുന്ന പ്രതിപക്ഷ പാര്‍ട്ടിക്ക് പോലും ഈ വസ്തുതകളെ അവഗണിക്കാനാകില്ല. അതുകൊണ്ട് പാക് പൗര സമൂഹവും രാഷ്ട്രീയ മണ്ഡലവും ഈ പരീക്ഷണ ഘട്ടം പിന്നിടുമ്പോള്‍ കൂടുതല്‍ കരുത്തു നേടുമെന്നു തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. തെരുവുകളില്‍ ചോര വീഴ്ത്തുന്ന രാഷ്ട്രീയ കലാപത്തിന്റെ വിത്തുകള്‍ അവിടെ കരിയാതെ കിടപ്പുണ്ട്. ഒരു പ്രധാനമന്ത്രിയും കാലാവധി തികച്ചില്ലെങ്കിലും കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സിവിലിയന്‍ ഭരണം തുടരുന്നത് ഈ കലാപ വാസനയെ അടക്കി നിര്‍ത്തി തന്നെയാണ്.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest