Connect with us

Web Special

ഈ ഹാം റേഡിയോ ഹാംഫുൾ അല്ല

ഏപ്രിൽ 18 ന് ലോക അമച്വർ റേഡിയോ ദിനമായി ആചരിക്കുന്നു.

Published

|

Last Updated

ഇക്കാലത്തെ യുവാക്കളുടെ ഹോബികളിലധികവും ഇന്‍റര്‍നെറ്റും സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ടതായിരിക്കും. എന്നാല്‍ മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റും വാട്സാപ്പും വരുന്നതിന് മുമ്പുള്ള കാലം, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യര്‍ തമ്മില്‍ സൗഹൃദങ്ങള്‍ പങ്കിട്ടിരുന്നത് എങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ടോ?

പലതരത്തിലുള്ള ഹോബികളെപ്പറ്റി കേട്ടിട്ടുണ്ടാകും. എന്നാൽ ലോകം മുഴുവൻ സുഹൃത്തുക്കളെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു ഹോബിയുണ്ട്; അതാണ് ഹാം റേഡിയോ. സാധാരണ റേഡിയോയിലൂടെ നമുക്ക് കേൾക്കാൻ മാത്രമല്ലേ കഴിയൂ? എന്നാൽ ഹാം റേഡിയോയിലൂടെ കേൾക്കാനും സംസാരിക്കാനും സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹാം റേഡിയോ ഓപ്പറേറ്റർമാരോട് നിങ്ങളുടെ വീട്ടിലിരുന്നു സംസാരിക്കുന്നതിനെക്കുറിച്ച് ഒന്ന് സങ്കല്പിച്ചു നോക്കൂ.

വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, അടിയന്തരസന്ദർഭങ്ങളിലെ വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് സ്വകാര്യവ്യക്തികൾ‌ നടത്തുന്ന ഈ സന്ദേശങ്ങളെയാണ്  ഹാം റേഡിയോ അല്ലെങ്കില്‍ അമ്വേച്ചര്‍ റേഡിയോ  എന്നു പറയുന്നത്. രാജകീയ വിനോദമെന്നും ഹാം റേഡിയോ അറിയപ്പെടുന്നു. ഹാം റേഡിയോ ഉപയോഗിച്ച് ആശയ വിനിമയം നടത്തുന്നവരുടെ സമൂഹം ഹാം സൊസൈറ്റി എന്നറിയപ്പെടുന്നു.

ലോകവ്യാപകമായി ഇരുപത്തിയെട്ട് ലക്ഷത്തിലധികം ആളുകൾ ഹാം റേഡിയോ പതിവായി ഉപയോഗിക്കുന്നുവെന്ന് കണക്കാക്കുന്നു. ഇവരിൽ ആരോട് വേണമെങ്കിലും സൗജന്യമായി സംസാരിക്കാൻ ഹാം റേഡിയോ ഉപയോഗിക്കാം. മതപരമായ കാര്യങ്ങൾ, ബിസിനസ് പ്രൊമോഷൻ, രാഷ്ട്രീയം, മ്യൂസിക് ബ്രോഡ്കാസ്‌റ് തുടങ്ങിയവ ഒഴികെ പ്രപഞ്ചത്തിലെ എന്തിനെക്കുറിച്ചും ഹാം റേഡിയോയിലൂടെ ചർച്ച ചെയ്യാം. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവുമ്പോൾ വൈദ്യുതിയും സാധാരണ ഉപയോഗത്തിലുള്ള വാർത്താവിനിമയ ഉപാധികളും താറുമാറാകുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയുള്ള ഹാമുകൾ അവരുടെ ഉപകരണങ്ങളുപയോഗിച്ച് പുറം ലോകവുമായുള്ള ബന്ധം നിലനിർത്താൻ സഹായിക്കാറുണ്ട്.

ഏപ്രിൽ 18 ന് ലോക അമച്വർ റേഡിയോ ദിനമായി ആചരിക്കുന്നു. 1925-ലെ ഇതേ ദിവസം ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരീസിലാണ് ഇൻ്റർനാഷണൽ അമച്വർ റേഡിയോ യൂണിയൻ (IARU) സ്ഥാപിതമായത് .

വാര്‍ത്ത വിതരണ മന്ത്രാലയം നല്‍കുന്ന ലൈസന്‍സെടുത്ത് ഇന്ത്യയിലും നിങ്ങള്‍ക്ക് നിയമപരമായി ഹാം റേഡിയോ ആരംഭിക്കാനാവും. മറ്റു ഹാമുകളുമായി സംസാരിക്കുകയോ , സ്വന്തം നിലയം സ്ഥാപിച്ച് പ്രക്ഷേപണം നടത്തുകയോ ചെയ്യാം.

Latest