Connect with us

Health

മായമുണ്ട്, സൂക്ഷിക്കുക!

വരുംതലമുറയുടെ നല്ല ആരോഗ്യത്തിനായി ഭക്ഷണത്തിൽ മായം ചേർക്കുന്നതിനെതിരെ പൊതുവായ അവബോധം ജനങ്ങളിൽ കൊണ്ടുവരേണ്ടത് ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്.

Published

|

Last Updated

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കൽ സർവസാധാരണയായി മാറിയിരിക്കുകയാണ്. ഭക്ഷ്യവസ്തുവിൻ്റെ അളവ് കൂട്ടാനും വില കുറക്കാനും ആകർഷണം കൂട്ടാനുമാണ് പ്രധാനമായും മായം കലർത്തുന്നത്. ഇത് ഭക്ഷണത്തിൻ്റെ പോഷക മൂല്യം കുറക്കുന്നതിനു പുറമേ ഗുണമേന്മ ഇല്ലാതാക്കാനും കാരണമാകും. പൊതുജനങ്ങൾക്കിടയിൽ വ്യാപകമായ ആരോഗ്യ പ്രശ്നങ്ങൾ മാത്രമല്ല ഭക്ഷണത്തിലെ മായം പലപ്പോഴും മരണത്തിലേക്ക് വരെ നയിക്കും. ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ ശിക്ഷാർഹമായ കുറ്റമാണ്. പൗരന് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാനുള്ള സർക്കാറിൻ്റെ ഉത്തരവിൻ്റെ ഭാഗമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ വന്നു.
ചുരുക്കം ചില ഭക്ഷ്യവസ്തുക്കളും അവയിലെ മായവും കണ്ടുപിടിക്കുന്നതിനുള്ള മാർഗവും ചുവടെ കൊടുത്തിരിക്കുന്നു.

• അരി, ഗോതമ്പ് ഇവയിൽ മായമായി മാർബിൾ കഷ്ണം, ചെറിയ കല്ലുകൾ ചേർക്കുന്നു. ഇവ നമുക്ക് എടുത്തുമാറ്റാവുന്നതാണ്.
• ഗോതമ്പ് പൊടി, റവ, മൈദ പഴകിയാൽ അതിൽ ചെറു പ്രാണികളെ നമുക്ക് കാണാം. അതും മായമായി കണക്കാക്കാവുന്നതാണ്.
• പരിപ്പിൽ കേസരി ദാൽ മായമായി ചേർക്കുന്നു. ചെറുധാന്യങ്ങളിലും പയർ പരിപ്പ് വർഗങ്ങളിലും കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കാണാം.
• പച്ചക്കറി, പഴങ്ങൾ ഇവയിൽ ഫോർമാലിൽ, കാത്സ്യം കാർബേഡ് ചേർക്കുന്നു. കേടാകാതിരിക്കാനും പഴങ്ങൾ പെട്ടെന്ന് പഴുക്കാനുമാണ് ഇവ ചേർക്കുന്നത്. പഴങ്ങളുടെ ഞെട്ട് മാത്രം പച്ച നിറത്തിൽ കാണുന്നുണ്ടെങ്കിൽ അതിൽ കാത്സ്യം കാർബേഡ് ചേർന്നിട്ടുണ്ട്.
• തേനിലെ മായം വെല്ലം, പഞ്ചസാര ലായനി എന്നിവയാണ്. തേനിൽ അൽപ്പം വെള്ളം ഒഴിക്കുക. തേനിൽ ചേർന്ന് നിൽക്കുന്നുണ്ടെങ്കിൽ അത് മായമുള്ള തേനാണ്.
• ഒരു ഗ്ലാസ് വെള്ളത്തിൽ കാപ്പിപ്പൊടി എടുക്കുക. കാപ്പിപ്പൊടി പൊങ്ങിക്കിടക്കുന്നതും മായമായി ചേർത്തവ മുങ്ങിക്കിടക്കുന്നതും കാണാം.
• അൽപ്പം ചായപ്പൊടിയെടുത്ത് വെള്ളത്തിലിട്ടു കഴിഞ്ഞാൽ അതിൻ്റെ നിറം ഇളകുന്നത് കാണാം. കൃത്രിമ നിറമാണ് മായമായി ചേർത്തതെന്ന് മനസ്സിലാക്കാം.
• മുളക്, മല്ലി, മസാലപ്പൊടി ഇവയിൽ പ്രധാനമായും കൃത്രിമ നിറങ്ങൾ മായമായി ചേർത്തിട്ടുണ്ടെങ്കിൽ ഒരു ഗ്ലാസ് വെള്ളത്തിൽ അൽപ്പം പൊടിയിട്ട് അതിലേക്ക് അൽപ്പം അയഡിൻ ഒഴിച്ചുകൊടുക്കുക. നീല കലർന്ന നിറം ഉണ്ടാവുകയാണെങ്കിൽ അതിൽ മായം ചേർത്തിട്ടുണ്ട്.
• പാലിൽ വെള്ളം ചേർത്തിട്ടുണ്ടെങ്കിൽ ലാക്ടോമീറ്റർ ഉപയോഗിച്ച് നമുക്ക് കണ്ടെത്താം.
• വെളിച്ചെണ്ണ അൽപ്പം എടുത്ത് അരമണിക്കൂർ റഫ്രിജറേറ്ററിൽ വെക്കുക. ഫ്രീസറിൽ വെക്കരുത്. അര മണിക്കൂർ കഴിഞ്ഞ് എടുത്തുനോക്കുക. യഥാർഥ എണ്ണ കട്ടിയായിട്ടുണ്ടാകും. മായമായി ചേർത്ത എണ്ണ പ്രത്യേക പാളിയായി കാണാം.
• മത്സ്യത്തിൽ പ്രധാനമായും ഫോർമാലിൻ മായമായി ചേർത്തിട്ടുണ്ടെങ്കിൽ രൂപം, നിറം, രുചി, മണം, രസം, ആർദ്രത, ഘടന വഴി മനസ്സിലാക്കാം.

സംസ്കരിച്ച ഭക്ഷണങ്ങളിൽ ചേർക്കുന്ന രാസവസ്തുക്കൾ ആണ് ഫുഡ് അഡിറ്റീവ്. നിർദിഷ്ടപരിധിയിൽ കൂടുതലായാൽ മാത്രമാണ് ഇവ ഉപഭോക്താവിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഫോർമാലിൻ, ലഡ് ക്രോമേറ്റ്, നോൺ പെർമിറ്റഡ് കളർ, അജിനോമോട്ടോ, കേസരിദാൽ, മധുര പലഹാരങ്ങളിൽ ചേർക്കുന്ന സാക്കറിൻ, അനുവദനീയമായ ചില പ്രിസർവേറ്റീവ് അമിതമായ അളവിൽ ഉപയോഗിക്കുക ഇവയെല്ലാം മനുഷ്യ ശരീരത്തിലെ ഒന്നിലധികം അവയവങ്ങളെ ബാധിക്കുന്നു. ഇത് മിക്കവാറും അർബുദം, അൾസർ, കരൾ വീക്കം, വിളർച്ച, വൃക്ക തകരാർ, ത്വക്ക് രോഗം, പക്ഷാഘാതം, വയറിളക്കം എന്നിവക്ക് കാരണമാകുന്നു.

• കാലഹരണപ്പെട്ട തീയതി, ഉത്പാദന തീയതി മാറ്റുക, അറിയപ്പെടുന്നതും സാക്ഷ്യപ്പെടുത്തിയതുമായ വ്യാപാര മുദ്രയുടെ ഉപയോഗം നിയമവിരുദ്ധമായും ക്രമരഹിതമായും ഉപയോഗിക്കുക, ഉത്പന്നത്തിൻ്റെ യഥാർഥ ഭാരത്തിലും വലിപ്പത്തിലും കൃത്രിമത്വം കാണിക്കുക, കേടായ വസ്തുക്കൾ ചേർക്കുക, പോഷകാഹാര സൂചികയിൽ കൃത്രിമത്വം കാണിക്കുക, ഭക്ഷ്യവസ്തുവിൻ്റെ ഉദ്ഭവ സ്ഥലത്തിൽ മാറ്റം വരുത്തുക തുടങ്ങിയ പ്രവൃത്തികളെല്ലാം ഫുഡ് അഡൾട്രേഷൻ പരിധിയിൽ വരുന്ന കുറ്റകൃത്യമാണ്.

ജങ്ക് ഭക്ഷണങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കിയും ഭക്ഷ്യ ഉത്പന്നങ്ങൾ വൃത്തിയായും ലൈസൻസ് നമ്പർ, നിർമിച്ച തീയതി, കാലഹരണപ്പെട്ട തീയതി, ചേരുവകൾ എന്നിവക്കൊപ്പം FSSAI സാധുതയുള്ള ലേബലുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ പരിശോധിച്ചു വാങ്ങുന്നത് ഉറപ്പാക്കുക, ശുചിത്വം പാലിക്കാത്ത സ്ഥലങ്ങളിൽ നിന്നും ഭക്ഷ്യവസ്തുക്കൾ വാങ്ങാതിരിക്കുക.
വരുംതലമുറയുടെ നല്ല ആരോഗ്യത്തിനായി ഭക്ഷണത്തിൽ മായം ചേർക്കുന്നതിനെതിരെ പൊതുവായ അവബോധം ജനങ്ങളിൽ കൊണ്ടുവരേണ്ടത് ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്.

ഡയറ്റീഷ്യൻ, കമ്മ്യൂണിറ്റി നൂട്രിഷ്യൻ ഫോറം, തലശ്ശേരി

Latest