Connect with us

National

ഇനി സംയമനം ഇല്ല; പാക്കിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കണം: ശക്തമായ മുന്നറിയിപ്പുമായി കരസേനാ മേധാവി

പാക്കിസ്ഥാൻ ഭൂഗോളത്തിൽ നിലനിൽക്കണോ വേണ്ടയോ എന്ന് അവർക്ക് തന്നെ ചിന്തിക്കേണ്ടിവരുമെന്നും നിലനിൽക്കണമെങ്കിൽ അവർ സർക്കാർ പിന്തുണയോടെയുള്ള തീവ്രവാദം അവസാനിപ്പിക്കണമെന്നും കരസേന മേധാവി

Published

|

Last Updated

ന്യൂഡൽഹി | തീവ്രവാദം വളർത്തുന്ന പാക് നടപടിക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. സർക്കാർ പിന്തുണയോടെയുള്ള ഭീകരവാദം പാക്കിസ്ഥാൻ അവസാനിപ്പിച്ചില്ലെങ്കിൽ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് സ്വീകരിച്ച പോലെ ഒരു സംയമനം ഇന്ത്യൻ സൈന്യം ഇനി പാലിക്കില്ലന്നെ് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ ഭൂഗോളത്തിൽ നിലനിൽക്കണോ വേണ്ടയോ എന്ന് അവർക്ക് തന്നെ ചിന്തിക്കേണ്ടിവരുമെന്നും നിലനിൽക്കണമെങ്കിൽ അവർ സർക്കാർ പിന്തുണയോടെയുള്ള തീവ്രവാദം അവസാനിപ്പിക്കണമെന്നും കരസേന മേധാവി വ്യക്തമാക്കി.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങൾ കഴിഞ്ഞിട്ടും സർ ക്രീക്ക് (Sir Creek) വിഷയത്തിൽ ചർച്ചകൾ സ്തംഭിച്ചതിന് കാരണം പാകിസ്താന്റെ നിലപാടുകളാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കരസേനാ മേധാവിയുടെ പ്രതികരണം. പാകിസ്താന്റെ ഏത് ശ്രമത്തെയും ശക്തമായ നടപടികളിലൂടെ നേരിടുമെന്നും അദ്ദേഹം അസന്നിഗ്ധമായി പറഞ്ഞു.

“ഇന്ത്യൻ സൈന്യവും ബി എസ് എഫ്. ഉം സംയുക്തമായി അതിർത്തികൾ ജാഗ്രതയോടെ സംരക്ഷിക്കുന്നുണ്ട്. സർ ക്രീക്ക് മേഖലയിൽ പാകിസ്താന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും ദുഷ്കരമായ ശ്രമങ്ങൾ ഉണ്ടായാൽ, ചരിത്രവും ഭൂമിശാസ്ത്രവും മാറുന്ന ഒരു നിർണ്ണായക മറുപടി അവർക്ക് ലഭിക്കും. 1965-ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന് ലാഹോറിലെത്താനുള്ള കഴിവ് പ്രകടിപ്പിക്കാൻ സാധിച്ചിരുന്നു. ഇന്ന് 2025-ൽ കറാച്ചിയിലേക്കുള്ള ഒരു വഴി ക്രീക്കിലൂടെ കടന്നുപോകുന്നുണ്ടെന്ന് പാകിസ്താൻ ഓർമ്മിക്കണം,” എന്നാണ് രാജ്‌നാഥ് സിങ് ഇന്നലെ പറഞ്ഞത്.

സൈനിക നടപടി ഇന്ത്യ താൽക്കാലികമായി നിർത്തിവയ്ക്കുക മാത്രമാണ് ചെയ്തതെന്നും, ഭാവിയിൽ ഉണ്ടാകുന്ന ഏത് ഭീകരാക്രമണത്തിനും നിർണ്ണായകമായി പ്രതികരിക്കാൻ രാജ്യം സജ്ജമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ്, ഓപ്പറേഷൻ സിന്ദർ സമയത്ത് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന പാകിസ്താന്റെ അവകാശവാദങ്ങളെ ‘മനോഹരമായ ഭാവന’യെന്ന് പരിഹസിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ 4-5 പാക് യുദ്ധവിമാനങ്ങൾ നശിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

---- facebook comment plugin here -----

Latest