Connect with us

Kerala

സ്കൂളുകളുടെ കാര്യത്തിൽ ഭരണപക്ഷ- പ്രതിപക്ഷ വിവേചനമില്ല: മന്ത്രി വി ശിവൻകുട്ടി

ചില സാമൂഹിക പ്രസ്ഥാനങ്ങളുടെ സേവനം പേപ്പറിൽ മാത്രം; മർകസിൻ്റെ പ്രവർത്തനങ്ങൾ എല്ലാവർക്കും നേരിട്ടനുഭവിക്കാമെന്നും മന്ത്രി

Published

|

Last Updated

കോഴിക്കോട് |  വിദ്യാഭ്യാസ മേഖലയിൽ പുരോഗതികൾ നടപ്പിലാക്കുന്നതിൽ ഭരണപക്ഷ-പ്രതിപക്ഷ വിവേചനമില്ലെന്നും കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്ന പദ്ധതികൾക്കാണ് പ്രഥമ പരിഗണനയെന്നും മന്ത്രി വി ശിവൻകുട്ടി. സർക്കാർ മേൽനോട്ടത്തിൽ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവരുന്ന മാറ്റങ്ങൾ എല്ലാവരുമായും കൂടിയാലോചിച്ചു മാത്രമേ നടപ്പിലാക്കുകയുള്ളൂ എന്നും കൂട്ടായ ആലോചനയും വിശ്വാസവുമാണ് നമ്മെ ഉന്നതിയിലേക്ക് നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും സയന്‍സ് ലബോറട്ടറിയുടെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസ മേഖലയിൽ ഗവണ്മെന്റും എയ്‌ഡഡ്‌- അൺ എയ്‌ഡഡ്‌ സ്ഥാപനങ്ങളും ഒരുമിച്ചു മുന്നോട്ട് പോയാൽ മാത്രമേ മാറ്റം സാധ്യമാവുകയുള്ളൂ. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ യാതൊരു വേർതിരിവും സർക്കാർ കാണിക്കുന്നില്ല. ഏറെ കാലമായി പരിഷ്കരിക്കപ്പെടാതെ കിടന്നിരുന്ന പാഠപുസ്തകങ്ങൾ പരിഷ്കരിക്കാനും സ്കൂൾ പൂട്ടുന്നതിന് മുമ്പുതന്നെ അടുത്ത അധ്യയന വർഷത്തെ പാഠഭാഗങ്ങൾ വിതരണം ചെയ്യാനും ഈ സർക്കാരിന് സാധിച്ചിട്ടുണ്ട്. സ്കൂളുകളിലെ എല്ലാ വിഭാഗം കുട്ടികൾക്കും തുല്യ പരിഗണ നൽകാനും വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് നൽകിയിട്ടുണ്ട്. സാമ്പത്തിക ഭദ്രതയില്ലാത്ത കുട്ടികളെ കൂടി ഉൾപ്പെടുത്തി മാത്രമേ പഠനയാത്രകൾ നടത്താവൂ എന്ന് നിർദേശം നൽകിയത് ഈ പരിഗണനയുടെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു.

മതേതരത്വത്തിനും ന്യൂനപക്ഷ സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്ന വ്യക്തിയാണ് ഞാൻ. ഗാന്ധിജിയെയും നെഹ്‌റുവിനെയും മുഗളരെയും ഗുജറാത്ത് കലാപത്തെയും കുറിച്ച് കേന്ദ്രസർക്കാർ വെട്ടിമാറ്റിയ ചരിത്ര സത്യമുള്ള അധ്യായങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി ഇപ്പോഴും പഠിപ്പിക്കുന്ന ഏകസംസ്ഥാനമാണ് കേരളം.  കാന്തപുരം ഉസ്താദിനോട് എനിക്ക് വ്യക്തിപരമായ അടുപ്പമുണ്ട്. ഈ വലിയ വിദ്യാഭ്യാസ പ്രവർത്തനം നേരിട്ട് കാണാൻ സാധിച്ചത് ഭാഗ്യമാണ്. ചില സാമൂഹിക പ്രസ്ഥാനങ്ങൾ പേപ്പറിൽ മാത്രമാണ് സേവനം ചെയ്യുന്നത്. എന്നാൽ മർകസിന്റെ പ്രവർത്തനങ്ങൾ എല്ലാവർക്കും നേരിട്ട് അനുഭവപ്പെടുന്നതാണ്. ഭാവിക്കാവശ്യമായ മികച്ച വിദ്യാഭ്യാസം ഒരുക്കുന്നതിൽ മർകസ് പുലർത്തുന്ന ശ്രദ്ധ അഭിനന്ദിക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.