Connect with us

Uae

സുഡാൻ അട്ടിമറി തടയുന്നതിൽ ലോകം പരാജയപ്പെട്ടു; അൻവർ ഗാർഗാഷ്

സുഡാനിലെ സഹായത്തിനായി യു എ ഇ പ്രഖ്യാപിച്ച 100 ദശലക്ഷം ഡോളർ സഹായം അന്താരാഷ്ട്ര, മാനുഷിക സംഘടനകൾ വഴിയാണ് നൽകുക എന്നും ഡോ. ഗാർഗാഷ്

Published

|

Last Updated

അബൂദബി| സുഡാനിലെ 2021-ലെ സൈനിക അട്ടിമറി തടയുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടുവെന്നും ഇത് നിലവിലെ ആഭ്യന്തരയുദ്ധത്തിന് കാരണമായ നിർണായകമായ തെറ്റായിരുന്നുവെന്നും യു എ ഇയിലെ മുതിർന്ന നയതന്ത്രജ്ഞൻ. ബഹ്റൈനിൽ നടന്ന മനാമ ഡയലോഗിൽ സംസാരിക്കവെയാണ് യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗാർഗാഷ് സുഡാൻ പ്രതിസന്ധിയെക്കുറിച്ച് വിലയിരുത്തൽ നടത്തിയത്.
വെടിനിർത്തൽ, സമാധാനത്തിനായുള്ള രാഷ്ട്രീയ സമീപനം, ഒമ്പത് മാസത്തിനുള്ളിൽ ഒരു ഇടക്കാല സർക്കാർ എന്നിവയ്ക്ക് ആഹ്വാനം ചെയ്യുന്ന “ക്വാഡ്’ പ്രസ്താവനയിലുള്ള യു എ ഇ-യുടെ പ്രതിബദ്ധത ഡോ. ഗാർഗാഷ് ആവർത്തിച്ചു. സുഡാനിലെ സഹായത്തിനായി യു എ ഇ പ്രഖ്യാപിച്ച 100 ദശലക്ഷം ഡോളർ സഹായം അന്താരാഷ്ട്ര, മാനുഷിക സംഘടനകൾ വഴിയാണ് നൽകുക എന്നും ഡോ. ഗാർഗാഷ് വ്യക്തമാക്കി.
സുഡാനീസ് ആംഡ് ഫോഴ്സും റാപ്പിഡ് സപ്പോർട്ട് ഫോഴ്സും ചേർന്ന് 2021-ൽ അട്ടിമറി നടത്തിയതിനെ തുടർന്ന് 2023 ഏപ്രിലിലാണ് രാജ്യത്ത് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഈ യുദ്ധം ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിക്ക് കാരണമാവുകയും പല പ്രദേശങ്ങളെയും ക്ഷാമത്തിലേക്ക് തള്ളിവിടുകയും ചെയ്തു. റിപ്പോർട്ടുകൾ അനുസരിച്ച് പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ഏകദേശം 13 ദശലക്ഷം ആളുകൾ പലായനം ചെയ്യുകയും ചെയ്തു.