Connect with us

Uae

ഇന്ത്യയുടെ പുതിയ കരട് വിമാന നിയമങ്ങൾ; ആശ്വാസമാവുമെന്ന് പ്രവാസികൾ

നവംബർ 30 വരെ അഭിപ്രായങ്ങൾ അറിയിക്കാം

Published

|

Last Updated

ദുബൈ|ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കും ഇന്ത്യയിൽ നിന്ന് വരുന്നവർക്കും ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ പിഴയില്ലാതെ ടിക്കറ്റ് റദ്ദാക്കാനോ മാറ്റം വരുത്താനോ കഴിയുന്ന പുതിയ മാർഗരേഖാ കരട് ഗൾഫ് യാത്രക്കാർക്ക് ഗുണകരമാവുമെന്ന് പ്രതീക്ഷ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) ആണ് ഇത് സംബന്ധിച്ച കരട് മാർഗരേഖ അവതരിപ്പിച്ചത്.
വിമാനം പുറപ്പെടുന്ന തീയതി ആഭ്യന്തര വിമാനങ്ങൾക്ക് കുറഞ്ഞത് അഞ്ച് ദിവസവും അന്താരാഷ്ട്ര വിമാനങ്ങൾക്ക് 15 ദിവസവും മുൻപ് ആയിരിക്കണം എന്ന വ്യവസ്ഥ കരട് മാർഗരേഖയിലുണ്ട്. ഈ പരിധിക്ക് പുറത്തുള്ള ടിക്കറ്റുകൾക്ക്, നിരക്കിലുള്ള വ്യത്യാസം ഒഴികെ മറ്റ് അധിക ചാർജുകളില്ലാതെ ടിക്കറ്റ് റദ്ദാക്കാനോ ഭേദഗതി വരുത്താനോ യാത്രക്കാർക്ക് കഴിയും.
ടിക്കറ്റ് നേരിട്ടോ ട്രാവൽ ഏജന്റ്‌വഴിയോ ബുക്ക് ചെയ്താലും 21 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ എയർലൈനുകൾ ടിക്കറ്റ് തുക തിരികെ നൽകണമെന്ന് കരട് മാർഗരേഖ നിർദേശിക്കുന്നു. ഏജന്റുമാർ റീഫണ്ട് നൽകുന്നത് വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഈ നടപടി സഹായിക്കും.
എയർലൈനിന്റെ വെബ്‌സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്താൽ, പേര് എഴുതിയതിലുള്ള ചെറിയ തെറ്റുകൾ 24 മണിക്കൂറിനുള്ളിൽ തിരുത്തുന്നതിന് അധിക ചാർജ് ഈടാക്കാനാവില്ല. മെഡിക്കൽ എമർജൻസി കാരണം യാത്ര റദ്ദാക്കുകയാണെങ്കിൽ, ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ നൽകുകയോ അല്ലെങ്കിൽ അടുത്ത യാത്രക്കായി ക്രെഡിറ്റ് ഷെൽ നൽകുകയോ ചെയ്യണമെന്നും ഇത് നിർദേശിക്കുന്നു.
ഈ കരട് നിയമങ്ങളെക്കുറിച്ച് വ്യോമയാന മേഖലയിലെ പങ്കാളികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും നവംബർ 30 വരെ അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടുണ്ട്.
പുതിയ നിയമങ്ങൾ നടപ്പാക്കുകയാണെങ്കിൽ ഇന്ത്യയുടെ വ്യോമയാന നിയമങ്ങൾ ആഗോള നിലവാരത്തിലേക്ക് ഉയരുകയും വിദേശ രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് വലിയ രീതിയിൽ പ്രയോജനപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.