National
ബിലാസ്പുര്‍ ട്രെയിന്‍ അപകടം; മരണം 11 ആയി
പാസഞ്ചര്‍ ട്രെയിന്‍, ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മുന്നിലെ കോച്ച് പൂര്‍ണമായി തകര്‍ന്നു.
ബിലാസ്പുര്‍ | ഛത്തിസ്ഗഢിലെ ബിലാസ്പുരിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരണം 11 ആയി. സംഭവത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റിരുന്നു. മരണപ്പെട്ടവരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റ് വിദ്യാസാഗര്‍ (53), പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരായ ലോകുഷ് ശുക്ല (41), രണ്‍ജീത് പ്രഭാകര്‍ (40), ഷീല യാദവ് (25), പ്രിയ ചന്ദ്ര (21) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പാസഞ്ചര്‍ ട്രെയിനിലെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ട്രെയിന്‍ മാനേജര്‍, ഗുഡ്‌സ ട്രെയിനിലെ ഗാര്‍ഡ് എന്നിവര്‍ പരുക്കേറ്റവരില്‍ ഉള്‍പ്പെടും. ഒരു കുട്ടിയും പരുക്കേറ്റവരിലുണ്ട്.
ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. പാസഞ്ചര്‍ ട്രെയിന്‍, ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മുന്നിലെ കോച്ച് പൂര്‍ണമായി തകര്‍ന്നു. പാസഞ്ചര്‍ ട്രെയിനിന്റെ ആദ്യത്തെ മൂന്ന് കോച്ചുകളില്‍ ഉണ്ടായിരുന്നവരാണ് ദുരന്തത്തിനിരയായത്.
അയല്‍ ജില്ലയായ കോര്‍ബയിലെ ഗേവ്റയില്‍ നിന്ന് ബിലാസ്പുരിലേക്ക് പോവുകയായിരുന്ന മെമു ട്രെയിന്‍ മുന്നിലുണ്ടായിരുന്ന ഗുഡ് ട്രെയിനിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഗതോറയ്ക്കും ബിലാസ്പുര്‍ റെയില്‍വേ സ്റ്റേഷനും ഇടയിലായിരുന്നു അപകടം. പാസഞ്ചര്‍ ട്രെയിനിലെ ലോക്കോ പൈലറ്റ് അപകട മുന്നറിയിപ്പായ റെഡ് സിഗ്‌നല്‍ മറികടന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപയും നിസ്സാര പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് റെയില്‍വേ സുരക്ഷാ കമ്മീഷന്‍ ഉത്തരവിട്ടു.


