Connect with us

Kerala

വയനാട് പനവല്ലിയിൽ ഭീതി പടർത്തുന്ന കടുവയെ മയക്കുവെടി വെക്കും

കടുവകളെ പിടിക്കുന്നതിന് പനവല്ലി ആദണ്ട, സർവാണി, പുഴക്കര എന്നിവിടങ്ങളിലായി മൂന്ന് കൂടുകൾ സ്ഥാപിച്ചിട്ട് ദിവസങ്ങളായി.

Published

|

Last Updated

മാനന്തവാടി | വടക്കേ വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തിൽപ്പെട്ട പനവല്ലിയിലും സമീപങ്ങളിലുമുള്ളവരുടെ ഉറക്കം കെടുത്തുന്ന കടുവയെ മയക്കുവെടി വെക്കും. ഇതുസംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കി. കടുവയെ പിടികൂടാൻ മൂന്ന് കൂടുകൾ സ്ഥാപിച്ചിട്ടും കാര്യമുണ്ടായിരുന്നില്ല. മാത്രമല്ല, കടുവ വീടുകളിൽ എത്തുന്നുമുണ്ട്.

കഴിഞ്ഞ ദിവസം രാത്രി നായയെ പിന്തുടർന്നെത്തിയ കടുവ പനവല്ലി പുഴക്കര കോളനിയിൽ വീട്ടിൽ കയറിയ സംഭവം ജനങ്ങളുടെ ഭയം വർധിപ്പിച്ചിരുന്നു. വീട്ടിലും രക്ഷയില്ലെന്ന സ്ഥിതി വന്നതോടെ ജനങ്ങൾ ആശങ്കയിലാണ്. ഇരുൾ വീഴുംമുമ്പേ വീടിനകത്തുകയറി വാതിലുകൾ ബന്ധിക്കേണ്ട അവസ്ഥയിലാണ് ആളുകൾ. പനവല്ലി പുഴക്കരയിൽ കയമയുടെ വീട്ടിലാണ് കടുവ കയറിയത്. കയമയും ഭാര്യയും ഈ സമയം വീടിനു പുറത്തായിരുന്നു. വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ കടുവ വരുന്നതുകണ്ട് മച്ചിൽ കയറുകയായിരുന്നു.

ആക്രമണത്തിനു തുനിയാതെ കടുവ മടങ്ങിയ ആശ്വാസത്തിലാണ് വീട്ടുകാർ. വീടിന്റെ തറയിൽ മാന്തിയ ശേഷമായിരുന്നു കടുവയുടെ മടക്കം. കയമയും കുടുംബാംഗങ്ങളും പറയുന്നതിൽ കളവില്ലെന്നു തെളിയിക്കുന്നതായി കടുവയുടെ നഖപ്പാടുകൾ. വടക്കേ വയനാട് വനം ഡിവിഷനിലെ ബേഗൂർ റേഞ്ച് പരിധിയിലാണ് പനവല്ലി. സമീപത്തുള്ള സർവാണി, പുഴക്കര പ്രദേശങ്ങളിലും കടുവകളുടെ ശല്യമുണ്ട്. കുഞ്ഞും തള്ളയും ഉൾപ്പെടെ മൂന്ന് കടുവകളാണ് ജനവാസകേന്ദ്രങ്ങളിൽ നിരന്തരം എത്തുന്നത്. ഇതിൽ കൂടുതൽ കടുവകൾ പ്രദേശത്തുണ്ടെന്നും നാട്ടുകാർ പറയുന്നു. കുഞ്ഞിനൊപ്പം നടക്കുന്ന തള്ളക്കടുവയെയും തനിച്ചു വിഹരിക്കുന്ന കടുവയെയും പലകുറി കണ്ടവർ പനവല്ലിയിലുണ്ട്.

നാട്ടിലിറങ്ങുന്ന കടുവകളെ പിടികൂടി ഉൾവനത്തിലാക്കി ജനങ്ങളുടെ ഭീതിയകറ്റാൻ വനസേന നടത്തുന്ന പരിശ്രമം ഫലവത്താകുന്നില്ല. കടുവകളെ പിടിക്കുന്നതിന് പനവല്ലി ആദണ്ട, സർവാണി, പുഴക്കര എന്നിവിടങ്ങളിലായി മൂന്ന് കൂടുകൾ സ്ഥാപിച്ചിട്ട് ദിവസങ്ങളായി. കൂടുകൾക്ക് അടുത്തുവരെ എത്തുന്ന കടുവകൾ അകത്തേക്ക് കയറുന്നില്ല. കടുവകളെ അകലേക്കു തുരത്താൻ ജനപങ്കാളിത്തത്തോടെ വനസേന നാടിളക്കിയതും ഫലം കണ്ടില്ല.

സൗത്ത് വയനാട്, നോർത്ത് വയനാട്, വൈൽഡ് ലൈഫ് എന്നിങ്ങനെ മൂന്ന് വനം ഡിവിഷനുകളാണ് ജില്ലയിൽ. മൂന്നു ഡിവിഷനുകളിലും ജനവാസ മേഖലകളിൽ കടുവകളുടെ സാന്നിധ്യമുണ്ട്. സൗത്ത് വയനാട് ഡിവിഷനിലെ വാകേരിയിൽ തോട്ടം തൊഴിലാളി സ്ത്രീകൾ കടുവക്കു മുന്നിൽപ്പെട്ടത് ദിവസങ്ങൾ മുമ്പാണ്. ഇതേ ഡിവിഷനിലെ പുൽപ്പള്ളി കേളക്കവലയിലും കഴിഞ്ഞ ദിവസം കടുവ എത്തി. വയനാട് വന്യജീവി സങ്കേതത്തോടു ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ കടുവ സാന്നിധ്യം തുടർക്കഥയാണ്.

Latest