Connect with us

International

സംഘർഷം നിർത്തി; വെടിനിർത്തൽ പ്രഖ്യാപിച്ച് ഇന്ത്യയും പാക്കിസ്ഥാനും

വെടിനിർത്തൽ ശനിയാഴ്ച അഞ്ച് മണിക്ക് പ്രാബല്യത്തിൽ വന്നതായി ഇന്ത്യ

Published

|

Last Updated

വാഷിംഗ്ടൺ/ന്യൂഡൽഹി | കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിന്നിരുന്ന സംഘർഷത്തിന് ഒടുവിൽ വിരാമമാകുന്നു. ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഹ്രസ്വമായ വാർത്താസമ്മേളനത്തിൽ വിക്രം മിശ്രി വിശദാംശങ്ങൾ നൽകി. “ഇന്ന് ഉച്ചയ്ക്ക് 3:35 ന് പാകിസ്ഥാൻ ഡിജിഎംഒ ഇന്ത്യൻ ഡിജിഎംഒയെ വിളിച്ചു. കരയിലും, നാവിക, വ്യോമ മേഖലകളിലും ഇരു വിഭാഗവും വൈകുന്നേരം 5 മണി മുതൽ വെടിവയ്പ്പും സൈനിക നടപടികളും അവസാനിപ്പിക്കാൻ ധാരണയായി. ഈ ധാരണ നടപ്പാക്കാൻ ഇരുവശത്തും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ മെയ് 12 ന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും കൂടിക്കാഴ്ച നടത്തും” – അദ്ദേഹം വ്യക്തമാക്കി.

വെടിനിർത്തൽ ധാരണയെ തുടർന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രതികരിച്ചു. “വെടിവയ്പ്പും സൈനിക നടപടികളും അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തിയിരിക്കുന്നു” – അദ്ദേഹം എക്സിൽ കുറിച്ചു. ഭീകരവാദത്തിനെതിരെ അതിന്റെ എല്ലാ രൂപങ്ങളിലും ഭാവങ്ങളിലും ഇന്ത്യ സ്ഥിരവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അത് തുടർന്നും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വെടിനിർത്തലിന് ഇരു രാജ്യങ്ങളും സമ്മതിച്ചെന്ന വാർത്ത ആദ്യം പുറത്തുവിട്ടത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ്. യുഎസ്സിന്റെ മധ്യസ്ഥതയിൽ കഴിഞ്ഞ രാത്രി നടന്ന ചർച്ചകൾക്ക് ശേഷമാണ് ധാരണയായതെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ഇതിനെക്കുറിച്ച് അദ്ദേഹം ഒരു കുറിപ്പ് പങ്കുവെച്ചു.

“അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ദീർഘമായ രാത്രി ചർച്ചകൾക്ക് ശേഷം, ഇന്ത്യയും പാകിസ്ഥാനും ഒരു പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചതായി ഞാൻ സന്തോഷത്തോടെ അറിയിക്കുന്നു. ബുദ്ധിപൂർവം പെരുമാറിയതിന് ഇരു രാജ്യങ്ങൾക്കും അഭിനന്ദനങ്ങൾ” – ഇതായിരുന്നു ട്രംപിന്റെ വാക്കുകൾ.

ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ഈ അവകാശവാദം ശരിവെച്ചു. “പാകിസ്ഥാനും ഇന്ത്യയും ഉടനടി പ്രാബല്യത്തിൽ വരുന്ന വെടിനിർത്തലിന് സമ്മതിച്ചു. പാകിസ്ഥാൻ്റെ പരമാധികാരത്തിലും പ്രാദേശിക അഖണ്ഡതയിലും വിട്ടുവീഴ്ച ചെയ്യാതെ, മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി എപ്പോഴും പരിശ്രമിച്ചിട്ടുണ്ട്” – അദ്ദേഹം വ്യക്തമാക്കി.

എങ്കിലും, അമേരിക്കയുടെ മധ്യസ്ഥതയെക്കുറിച്ച് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പാകിസ്ഥാൻ ഡിജിഎംഒയും ഇന്ത്യൻ ഡിജിഎംഒയും തമ്മിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തൽ ധാരണയായതെന്നാണ് ഇന്ത്യയുടെ വിശദീകരണം.

കഴിഞ്ഞ മാസം 22 ന് ജമ്മു കശ്മീരിലെ പഹൽഗാം താഴ്‌വരയിലുണ്ടായ ഭീകരാക്രമണമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കിയത്. ആക്രമണത്തിൽ ഒരു മലയാളി ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നിൽ പാകിസ്ഥാനിൽ നിന്നുള്ള ഭീകര സംഘടനകളാണെന്ന് ഇന്ത്യ ശക്തമായി ആരോപിച്ചു. ഇതിന് മറുപടിയായി മെയ് 7 ന് ഇന്ത്യ “ഓപ്പറേഷൻ സിന്ദൂർ” എന്ന സൈനിക നീക്കത്തിലൂടെ പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തു. ഇതിനുശേഷം പാകിസ്ഥാൻ ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളിൽ ഷെല്ലാക്രമണവും മിസൈൽ ആക്രമണവും നടത്തി. മൂന്ന് ദിവസത്തോളം യുദ്ധസമാനമായ സ്ഥിതി നിലനിന്നിരുന്നതിനിടെയാണ് ഇപ്പോൾ അപ്രതീക്ഷിത വെടിനിർത്തൽ പ്രഖ്യാപനം വരുന്നത്.

---- facebook comment plugin here -----

Latest