Connect with us

National

അഹമ്മദാബാദ് വിമാന ദുരന്തത്തിനു കാരണം ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയതെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

എന്തിനാണ് ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാക്കിയതെന്ന് പൈലറ്റ് സഹ പൈലറ്റിനോട് ചോദിക്കുന്നുണ്ട്. താന്‍ ഓഫാക്കിയിട്ടില്ലെന്ന് സഹപൈലറ്റിന്റെ മറുപടി

Published

|

Last Updated

ഡല്‍ഹി | അഹമ്മദാബാദ് വിമാന ദുരന്തത്തിനു കാരണം ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയത്. ടേക്ക് ഓഫിന് മുന്‍പ് തന്നെ സ്വച്ച് ഓഫായി. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.

വിമാനം പറന്നത് 32 സെക്കന്‍ഡ് മാത്രമാണ്. വിമാനത്തിന്റെ ഒരു എന്‍ജിന്‍ പ്രവര്‍ത്തിച്ചത് സെക്കന്‍ഡുകള്‍ മാത്രം രണ്ടാമത്തെ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാനായില്ലെന്നും കണ്ടെത്തല്‍. പൈലറ്റുമാരുടെ സംഭാഷണവും പുറത്ത് വന്നു. എന്തിനാണ് ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാക്കിയതെന്ന് പൈലറ്റ് സഹ പൈലറ്റിനോട് ചോദിക്കുന്നുണ്ട്. താന്‍ ഓഫാക്കിയിട്ടില്ലെന്ന് സഹപൈലറ്റിന്റെ മറുപടി. വിമാനം പക്ഷിയെ ഇടിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നില്ലെന്നും കണ്ടെത്തല്‍.

രണ്ട് പേജുള്ള റിപ്പോര്‍ട്ടാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറിയത്. ആദ്യ ഘട്ടത്തില്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയത്. അപകടം നടന്ന് പിറ്റേ ദിവസം തന്നെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സമിതി രൂപീകരിക്കുകയും നാലംഗ സംഘം അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. ജൂണ്‍ 12നായിരുന്നു അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ കെട്ടിടത്തില്‍ ഇടിച്ചിറങ്ങി കത്തിയമര്‍ന്ന് 260 പേര്‍ മരിച്ചത്.

വിമാനത്തില്‍ രണ്ട് എന്‍ഹാന്‍സ്ഡ് എയര്‍ബോണ്‍ ഫ്‌ലൈറ്റ് റെക്കോര്‍ഡറുകള്‍ ഉണ്ടായിരുന്നു. ഒരു ഇ എ എഫ് ആറില്‍ നിന്ന് ഏകദേശം 49 മണിക്കൂര്‍ ഫ്‌ലൈറ്റ് ഡാറ്റയും രണ്ടു മണിക്കൂര്‍ ഓഡിയോയും ലഭിച്ചു. എന്നാല്‍, പിന്‍ഭാഗത്തെ ഇ എ എഫ് ആറിന് കാര്യമായ തകരാര്‍ സംഭവിച്ചതിനാല്‍ വിവരങ്ങള്‍ വീണ്ടെടുക്കാനായില്ല.

അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍:
വിമാനം 08:07:37 സെക്കന്‍ഡില്‍ ടേക്ക് ഓഫ് റോള്‍ ആരംഭിച്ചു. 08:08:33 സെക്കന്‍ഡില്‍ വി1 സ്പീഡും 08:08:35 ന് വി ആര്‍ സ്പീഡും കൈവരിച്ചു.08:08:39 സെക്കന്‍ഡില്‍ വിമാനം ഉയര്‍ന്നു. 08:08:42 സെക്കന്‍ഡില്‍ വേഗത 180 നോട്ട്‌സ്ല്‍ എത്തിയതിന് തൊട്ടുപിന്നാലെ, എന്‍ജിന്‍ 1, എന്‍ജിന്‍ 2 എന്നിവയുടെ ഫ്യുവല്‍ കട്ട്ഓഫ് സ്വിച്ചുകള്‍ ‘റണ്‍’ പൊസിഷനില്‍ നിന്ന് ‘കട്ട് ഓഫ്’ പൊസിഷനിലേക്ക് മാറി.

ഒരു പൈലറ്റ് എന്‍ജിന്‍ കട്ട്ഓഫ് ചെയ്തതിനെക്കുറിച്ച് ചോദിക്കുന്നതും മറ്റേ പൈലറ്റ് താനല്ല ചെയ്തതെന്ന് മറുപടി പറയുന്നതും കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡിംഗില്‍ വ്യക്തമായി ഉണ്ട്. റാം എയര്‍ ടര്‍ബൈന്‍ വിന്യസിക്കപ്പെടുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ കാണാം. വിമാനത്തില്‍ നിന്ന് അപകട വിവരം നല്‍കുന്ന ‘മെയ് ഡേ’ കോള്‍ ലഭിച്ചത് 08:09:05 സെക്കന്‍ഡില്‍.

എന്‍ജിന്‍ ഫ്യുവല്‍ കട്ട്ഓഫ് സ്വിച്ചുകള്‍ 08:08:52 സെക്കന്റിലും 08:08:56 സെക്കന്റിലും ‘റണ്‍’ പൊസിഷനിലേക്ക് മാറ്റി എന്‍ജിനുകള്‍ക്ക് പൂര്‍ണ്ണമായി ത്രസ്റ്റ് വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഉടന്‍ വിമാനം തകര്‍ന്നു. വിമാനത്തിന്റെ മെയിന്റനന്‍സ് ചരിത്രത്തില്‍ 2019 ലും 2023 ലും ത്രോട്ടില്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ മാറ്റിയിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ഇത് ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുമായി ബന്ധപ്പെട്ടായിരുന്നില്ല.വിമാനത്തില്‍ ഉപയോഗിച്ച ഇന്ധനത്തിന്റെ സാമ്പിളുകള്‍ പരിശോധിക്കുകയും തൃപ്തികരമാണെന്ന് കണ്ടെത്തുകയും ചെയ്തു. വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ല. ഇരു പൈലറ്റുമാര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ആവശ്യത്തിന് വിശ്രമം ലഭിച്ചു. കൂടുതല്‍ വിവരങ്ങളും തെളിവുകളും പരിശോധിച്ചുള്ള സമഗ്ര അന്വേഷണം തുടരുന്നു.

 

 

Latest