Connect with us

Kerala

ബി ജെ പി ഭാരവാഹി പട്ടിക: പുതുതായി ചേക്കേറിയവര്‍ താക്കോല്‍ സ്ഥാനങ്ങളില്‍; പരമ്പരാഗത സംഘപരിവാറുകാര്‍ക്ക് അതൃപ്തി

മുരളീധര-സുരേന്ദ്ര പക്ഷത്തെ സമ്പൂര്‍ണമായി അകറ്റി

Published

|

Last Updated

തിരുവനന്തപുരം | പുതുതായി ബി ജെ പിയില്‍ ചേക്കേറിയവരെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചുകൊണ്ട് ബി ജെ പി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോള്‍ മുരളീധര-സുരേന്ദ്ര പക്ഷത്തെ സമ്പൂര്‍ണമായി അകറ്റി.

ചിരകാലമായി പാര്‍ട്ടിയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന മുരളീധര പക്ഷത്തെ അകറ്റിയതോടൊപ്പം ഇവരുമായി ഇടഞ്ഞു നിന്നവര്‍ക്കും പ്രവേശനം നല്‍കി. സുധീര്‍ഘ കാലമായി ആര്‍ എസ് എസിലൂടെ വളര്‍ന്നുവന്നവരെ കവച്ചുവച്ചാണ് അടുത്തകാലത്ത് പാര്‍ട്ടിയില്‍ ചേക്കേറിയവര്‍ നായക സ്ഥാനങ്ങള്‍ കൈയ്യടക്കിയത്. പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ കൂടാതെ മുന്‍ ഐ പി എസ് ഓഫീസര്‍ ശ്രീലേഖ, പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, കോണ്‍ഗ്രസ്സില്‍ നിന്ന് ബി ജെ പിയില്‍ ചേക്കേറിയ കെ എസ് രാധാകൃഷ്ണന്‍ തുടങ്ങി സംഘപരിവാര്‍ പാരമ്പര്യമില്ലാത്തവര്‍ നേതൃത്വത്തില്‍ എത്തുന്നതോടെ കേരളത്തില്‍ ബി ജെ പിയുടെ പ്രതിച്ഛായ മാറ്റാന്‍ കഴിയുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഭാരവാഹി പട്ടികയില്‍ പരമ്പരാഗത സംഘപരിവാറുകാര്‍ക്ക് അതൃപ്തിയുണ്ട്. അവഗണിക്കപ്പെട്ട മുരളീധര പക്ഷവും അസംതൃപ്ത സംഘപരിവാറുകാരും വരും നാളുകളില്‍ നീക്കം കടുപ്പിച്ചേക്കും. ഭാരവാഹി പട്ടിക വന്നതു പിന്നാലെ മീഡിയാ പാനലിസ്റ്റ് ലിസ്റ്റില്‍ നിന്ന് ലെഫ്്റ്റഡിച്ച് പി ആര്‍ ശിവശങ്കര്‍ വെടിക്ക് തിരികൊളുത്തി.

പ്രഫഷണല്‍ നേതൃത്വത്തെ കൊണ്ടുവരുവാനാണ് രാജീവ് ചന്ദ്രശേഖറിന്റെ വിശ്വസ്തരെ മാത്രം ഉള്‍പ്പെടുത്തി പുതിയ ഭാരവാഹികളെ തയ്യാറാക്കുന്നതെന്നും ഇതിനെതിരെ ശബ്ദിക്കരുതെന്നുംകേന്ദ്ര നേതൃത്വം നേരത്തെ തന്നെ താക്കീ നല്‍കിയിട്ടുണ്ട്. 10 വൈസ് പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരും 10 സെക്രട്ടറികളുമാണുള്ള പുതിയ ഭാരവാഹി പട്ടികയില്‍. മുന്‍ സംസ്ഥാന അധ്യക്ഷരായ വി മുരളീധരന്‍, കെ സുരേന്ദ്രന്‍ എന്നിവരുടെ അനുയായികളെ സമ്പൂര്‍ണമായി തഴഞ്ഞു. എന്നാല്‍ സുരേന്ദ്രന്റെ കാലത്ത് അവഗണന നേരിട്ട എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ് എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായി. ഇവര്‍ പി കെ കൃഷ്ണദാസ് പക്ഷത്തുള്ളവരാണ്. നിലവിലുള്ളവരില്‍ എം ടി രമേശ് തുടര്‍ന്നത് സുരേന്ദ്രന്‍ പക്ഷത്തിന് തിരിച്ചടിയായി.

കോണ്‍ഗ്രസ്സ് വിട്ട് ബി ജെ പിയില്‍ എത്തിയ ഡോ. കെ എസ് രാധാകൃഷ്ണനെ കൂടാതെ സി സദാനന്ദന്‍, പി സുധീര്‍, സി കൃഷ്ണകുമാര്‍, അഡ്വ. ബി ഗോപാലകൃഷ്ണന്‍, ഡോ. അബ്ദുള്‍ സലാം, കെ സോമന്‍, അഡ്വ. കെ കെ അനീഷ് കുമാര്‍ എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാര്‍.
രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി വന്നശേഷം ബി ജെ പിയില്‍ ഉരുത്തിരിഞ്ഞ സമവാക്യങ്ങള്‍ പി കെ കൃഷ്ണദാസ് പക്ഷത്തിന് അനുകൂലമാണ്. ഏറെക്കാലം അവഗണിക്കപ്പെട്ട കൃഷ്ണദാസ് രാജീവ് ചന്ദ്രശേഖറിനെ മുന്നില്‍ നിര്‍ത്തി കാര്യങ്ങള്‍ ചെയ്യുകയാണെന്ന പ്രതീതി പാര്‍ട്ടിയില്‍ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു.

തൃശ്ശൂരില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ വി മുരളീധരനേയും കെ സുരേന്ദ്രനേയും ക്ഷണിക്കാത്തതുമുതല്‍ ം പാര്‍ട്ടിയ്ക്കുള്ളില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ തലപൊക്കിയിയിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്‍ പക്ഷത്തെ വെട്ടിയൊതുക്കിക്കൊണ്ടുള്ള ഒരു ഭാരവാഹി പട്ടിക പുറത്തെത്തിയിരിക്കുന്നത്.

 

---- facebook comment plugin here -----

Latest