Kerala
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തില്‍
സംസ്ഥാന ഭാരവാഹി പുനഃസംഘടനയ്ക്ക് ശേഷം ആദ്യത്തെ നേതൃയോഗത്തില്‍ അദ്ദേഹം പങ്കെടുക്കും

തിരുവനന്തപുരം | സംസ്ഥാന ബി ജെ പി ഭാരവാഹികളെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള കടുത്ത അസംതൃപ്തി നിലനില്‍ക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍. തിരുവനന്തപുരത്ത് ബി ജെ പിനിര്‍മിച്ച സംസ്ഥാന കമ്മിറ്റി കാര്യാലയം അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ബി ജെ പി സംസ്ഥാന ഭാരവാഹി പുനഃസംഘടനയ്ക്ക് ശേഷം ആദ്യത്തെ നേതൃയോഗമാണ് ഇന്നു നടക്കുന്നത്. പുതുതായി പാര്‍ട്ടിയില്‍ എത്തിയവരെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുകയും കാലങ്ങളായി സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ അകറ്റുകയും ചെയ്യുന്ന രീതിക്കെതിരെ ശക്തമായ എതിര്‍പ്പ്് നിലനില്‍ക്കുകയാണ്. കാലങ്ങളായി പാര്‍ട്ടി പിന്‍തുടരുന്ന പ്രവര്‍ത്തന രീതിക്കുപകരം ബിസിനസ് രീതിയില്‍ പാര്‍ട്ടിയെ കൊണ്ടുപോകാനുള്ള ശ്രമമാണ് പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നടത്തുന്നതെന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കുകയാണ്.
എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ പിന്തുണയോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ഭാരവാഹി പട്ടിക തയ്യാറാക്കിയത് എന്നതിനാല്‍ മുറുമുറുപ്പ് ഉള്ളില്‍ സൂക്ഷിക്കുകയാണ് വലിയൊരു വിഭാഗം. ഇത്തരം വിഷയങ്ങള്‍ അമിത്ഷാക്കു മുമ്പാകെ ഉയര്‍ത്താന്‍ ആലോചന നടക്കുന്നുണ്ട്.
സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പികെ കൃഷ്ണദാസ് പക്ഷത്തെ ഏറ്റെടുത്തുവെന്നാണ് വി മുരളീധരന്‍ പക്ഷത്തിന്റെ പ്രധാന വിമര്‍ശനം. പുനഃസംഘടനാ പട്ടികയില്‍ 90 ശതമാനവും കൃഷ്ണദാസ് വിഭാഗമെന്നും മുരളി പക്ഷം കുറ്റപ്പെടുത്തുന്നു. വി മുരളീധര പക്ഷത്തെ തീര്‍ത്തും ഒതുക്കിയുള്ളതാണ് പുതിയ നേതൃ നിരയെ പ്രഖ്യാപിച്ചത്.
തുടര്‍ന്ന് തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ അമിത് ഷാ സന്ദര്‍ശനം നടത്തും. സന്ദര്‍ശനത്തോടനുബന്ധിച്ച് തളിപ്പറമ്പ് താലൂക്കില്‍ കടുത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. തളിപ്പറമ്പ് താലൂക്കില്‍ ജൂലൈ 11ന് രാവിലെ മുതല്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍, ആളില്ലാത്ത വ്യോമ വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ച് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉത്തരവിട്ടു.
ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023 പ്രകാരമാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. പോലീസ്, പാരാമിലിറ്ററി, എയര്‍ഫോഴ്സ്, എസ് പി ജി തുടങ്ങിയവയ്ക്ക് നിരോധനം ബാധകമല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്തെത്തിയ അമിത് ഷാ രാവിലെ ബിജെപി സംസ്ഥാന ഓഫീസ് ഉദ്ഘാടനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ കഴിഞ്ഞ് വൈകുന്നേരം അഞ്ച് മണിയോടെയാണ് കണ്ണൂരിലെത്തുന്നത്.
അമിത്ഷാ എത്തുന്നതിന് 10 മിനിട്ടു മുമ്പ് ക്ഷേത്രത്തില്‍ നിന്ന് മുഴുവന്‍ പേരെയും ഒഴിപ്പിക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ടവരൊഴികെ മറ്റ് ആര്‍ക്കും ഈ സമയത്ത് പ്രവേശനമുണ്ടാകില്ല. അമിത്ഷായെ തിരുവനന്തപുരത്തുനിന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും അനുഗമിക്കും. അമിത്ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്നു വൈകുന്നേരം നാല് മണി മുതല്‍ ഏഴ് മണിവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
എയര്‍പോര്‍ട്ട് റോഡ്, മട്ടന്നൂര്‍, ചാലോട്, കൊളോളം, വടുവന്‍കുളം, മയ്യില്‍, നണിച്ചേരി കടവ് ഭാഗത്താണ് നിയന്ത്രണം. കണ്ണൂരില്‍ നിന്ന് എയര്‍പോര്‍ട്ട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മേലെ ചൊവ്വ, താഴെ ചൊവ്വ, ചക്കരക്കല്‍, അഞ്ചരക്കണ്ടി വഴി മട്ടന്നൂരിലേക്ക് പോവേണ്ടതാണ്. തളിപ്പറമ്പില്‍ നിന്ന് എയര്‍ പോര്‍ട്ട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ തളിപ്പറമ്പ്, ചിറവക്ക്, ധര്‍മ്മശാല വഴി കണ്ണൂരിലേക്ക് പോകണം.