Connect with us

Kerala

ഇനി കേരളത്തില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ്സിന്റെ മരണം: ദീപാ ദാസ് മുന്‍ഷി

വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം 'ഡു ഓര്‍ ഡൈ'

Published

|

Last Updated

കോട്ടയം | വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടാല്‍കേരളത്തില്‍ പിന്നെ കോണ്‍ഗ്രസ് ഉണ്ടാവില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ചൂണ്ടിക്കാട്ടി.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ‘ഡു ഓര്‍ ഡൈ’ (പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക) പോരാട്ടമാണെന്നും അവര്‍ പറഞ്ഞു. കോട്ടയത്ത് കെ പി സി സി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന ഭാരവാഹികളും ഡി സി സി ഭാരവാഹികളും പങ്കെടുത്ത സ്‌പെഷ്യല്‍ ജനറല്‍ ബോഡി യോഗത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് ദീപ ദാസ് മുന്‍ഷിയുടെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ മരിക്കുമെന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പ്രവര്‍ത്തകരും നേതാക്കളും തിരിച്ചറിയണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഗൗരവത്തോടെ കാണുന്നുണ്ടെങ്കില്‍ അടിസ്ഥാനകാര്യങ്ങള്‍ പൂര്‍ത്തിയാക്കണം. 2026-ല്‍ ഇടതുമുന്നണി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെങ്കില്‍ ഇക്കാര്യങ്ങളെല്ലാം ചെയ്‌തേ പറ്റൂ.

കോട്ടയം ജില്ലയില്‍ മണ്ഡലം, വാര്‍ഡ് കമ്മിറ്റികളുടെ പുനഃസംഘടന പൂര്‍ത്തിയായിട്ടില്ല. 76 ശതമാനം വാര്‍ഡ് കമ്മിറ്റികള്‍ മാത്രമാണ് പുനഃസംഘടിപ്പിച്ചത്. ജൂലൈയില്‍ തന്നെ ഇത് പൂര്‍ത്തിയാക്കണം. കുടുംബയോഗങ്ങളും ഇതുവരെ തുടങ്ങിയിട്ടില്ല. ഇവിടെ എല്ലാവരും ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പറയുന്നു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പ്രവര്‍ത്തനത്തിലുണ്ടായിരുന്ന ആവേശം വീണ്ടെടുക്കണമെന്നും പറഞ്ഞു.

കേരളത്തില്‍ വര്‍ധിച്ചുവരുന്ന ലഹരിവിപത്തിനെതിരേ കോണ്‍ഗ്രസ് പാര്‍ട്ടി മുന്നിട്ടിറങ്ങണം. കേരളത്തില്‍ യുവാക്കള്‍ക്ക് ജോലി കിട്ടുന്നില്ല. യുവാക്കള്‍ ഇവിടം വിട്ടുപോകുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ഇവരെ കേരളത്തില്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് പദ്ധതി വേണം. പുതിയ കേരളത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെയും യുഡി എഫിന്റെയും കാഴ്ചപ്പാടും പദ്ധതികളും ജനങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കാന്‍ കഴിയണമെന്ന് ദീപ ദാസ് മുന്‍ഷി നിര്‍ദേശിച്ചു.

കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷനായി. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റുമാരായ എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ, കെ സി ജോസഫ്, കുര്യന്‍ ജോയ്, ജോസഫ് വാഴയ്ക്കന്‍, ടോമി കല്ലാനി തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest