ahmedabad flight tragedy
അഹമ്മദാബാദ് വിമാനദുരന്തം: ടൈംലൈൻ പുറത്ത്; മൂന്ന് സെക്കൻഡിനുള്ളിൽ സംഭവിച്ചത് ഇങ്ങനെ
ടേക്ക് ഓഫ് ചെയ്ത് മൂന്ന് സെക്കൻഡിനുള്ളിൽ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 'ഡ്രീംലൈനർ' വിമാനത്തിന്റെ രണ്ട് എഞ്ചിനിലേക്കുമുള്ള ഇന്ധന വിതരണം നിലച്ചതാണ് ദുരന്തത്തിന് ഇടയാക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ന്യൂഡൽഹി | ജൂൺ 12-ന് അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നുകഴിഞ്ഞു. ടേക്ക് ഓഫ് ചെയ്ത് മൂന്ന് സെക്കൻഡിനുള്ളിൽ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ‘ഡ്രീംലൈനർ’ വിമാനത്തിന്റെ രണ്ട് എഞ്ചിനിലേക്കുമുള്ള ഇന്ധന വിതരണം നിലച്ചതാണ് ദുരന്തത്തിന് ഇടയാക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ധനം വിച്ഛേദിക്കുന്ന സ്വിച്ചുകൾ (‘Fuel Cut-off Switches’) ഒരു സെക്കൻഡിന്റെ വ്യത്യാസത്തിൽ ‘RUN’ എന്നതിൽ നിന്ന് ‘CUTOFF’ സ്ഥാനത്തേക്ക് മാറിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്.
ശനിയാഴ്ച പുറത്തുവിട്ട 15 പേജുള്ള റിപ്പോർട്ടിൽ ദുരന്തം ഉണ്ടായ സാഹചര്യം വിശദമായി പറയുന്നുണ്ട്. അതിന്റെ ചുരുക്കം ഇങ്ങനെ:
ടൈംലൈൻ
- രാവിലെ 11:17: ഗാറ്റ്‌വിക്കിലേക്ക് പറക്കേണ്ട VT-ANB വിമാനം ഡൽഹിയിൽ നിന്ന് അഹമ്മദാബാദിൽ ലാൻഡ് ചെയ്യുന്നു. ‘STAB POS XDCR’ (സ്റ്റെബിലൈസർ പൊസിഷൻ ട്രാൻസ്‌ഡ്യൂസർ) സംബന്ധിച്ച് പൈലറ്റ് ഡിഫെക്റ്റ് റിപ്പോർട്ട് നൽകുന്നു.
- രാവിലെ 11:55: ഗാറ്റ്‌വിക് വിമാനത്തിലെ ക്രൂ വിമാനത്താവളത്തിൽ എത്തിച്ചേരുന്നു.
- ഉച്ചയ്ക്ക് 12:10: പ്രശ്നങ്ങൾ പരിഹരിക്കുകയും വിമാനം യാത്രയ്ക്ക് തയ്യാറാക്കുകയും ചെയ്തു.
- ഉച്ചയ്ക്ക് 12:35: ക്രൂ ബോർഡിംഗ് ഗേറ്റിൽ എത്തിച്ചേരുന്നു.
- ഉച്ചയ്ക്ക് 1:13: പൈലറ്റുമാർ പുഷ്‌ബാക്കിനും സ്റ്റാർട്ട്-അപ്പിനും അനുമതി തേടുന്നു; ATC പുഷ്‌ബാക്കിന് അംഗീകാരം നൽകുന്നു.
- ഉച്ചയ്ക്ക് 1:18: വിമാനം ബേയിൽ നിന്ന് പുറപ്പെടുന്നു.
- ഉച്ചയ്ക്ക് 1:17: ATC സ്റ്റാർട്ട്-അപ്പിന് അനുമതി നൽകി.
- ഉച്ചയ്ക്ക് 1:19: റൺവേ-23 പൂർണ്ണമായി ഉപയോഗിക്കണമെന്ന് പൈലറ്റുമാർ ATC-യെ അറിയിക്കുന്നു.
- ഉച്ചയ്ക്ക് 1:25: പൈലറ്റുമാരുടെ അഭ്യർത്ഥനപ്രകാരം ടാക്സി ക്ലിയറൻസ് ATC അനുവദിക്കുന്നു.
- ഉച്ചയ്ക്ക് 1:32: വിമാനം ഗ്രൗണ്ട് കൺട്രോളിൽ നിന്ന് ടവർ കൺട്രോളിലേക്ക് മാറ്റുന്നു.
- ഉച്ചയ്ക്ക് 1:33: റൺവേ 23-ൽ വിമാനം ലൈൻ അപ്പ് ചെയ്യാൻ നിർദ്ദേശിക്കുന്നു.
- ഉച്ചയ്ക്ക് 1:37: റൺവേ 23-ൽ നിന്ന് ടേക്ക് ഓഫിന് അനുമതി നൽകുന്നു. കാറ്റിന്റെ ദിശയും വേഗതയും (Wind 240°/06 Kts) രേഖപ്പെടുത്തുന്നു.
- ഉച്ചയ്ക്ക് 1:38: വിമാനം 180 നോട്ട്സ് എന്ന പരമാവധി വേഗതയിലെത്തുന്നു. ഒരു സെക്കൻഡിന്റെ ഇടവേളയിൽ എഞ്ചിൻ 1-ന്റെയും എഞ്ചിൻ 2-ന്റെയും ഫ്യൂവൽ കട്ട്ഓഫ് സ്വിച്ചുകൾ ‘Run’ എന്നതിൽ നിന്ന് ‘Cutoff’ സ്ഥാനത്തേക്ക് മാറുന്നു.
- ഉച്ചയ്ക്ക് 1:39: പൈലറ്റുമാരിലൊരാൾ ‘മെയ്‌ഡേ’ (അടിയന്തര സാഹചര്യം) കോൾ നൽകുന്നു; ATC കോൾ സൈൻ അന്വേഷിച്ചെങ്കിലും പ്രതികരണമൊന്നുമില്ല; നിമിഷാർധങ്ങൾക്കുള്ളിൽ വിമാനം വിമാനത്താവളത്തിന്റെ അതിർത്തിക്ക് പുറത്ത് തകന്നുവീഴുന്നു.
- ഉച്ചയ്ക്ക് 1:44: എമർജൻസി ഫയർ ടെൻഡർ വിമാനത്താവള പരിസരത്ത് നിന്ന് പുറപ്പെടുന്നു.
വിമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ
- നിർമ്മിച്ച വർഷം: 2013
- മൊത്തം പ്രവർത്തന സമയം: 41,868 മണിക്കൂർ
- എയർവർത്തിനെസ് നിർദ്ദേശങ്ങളും അലേർട്ട് സർവീസ് ബുള്ളറ്റിനുകളും പാലിച്ചിട്ടുണ്ട്.
വിമാനത്തിലുണ്ടായിരുന്നത്
- 54,200 കി.ഗ്രാം ഇന്ധനം.
- 2,13,401 കി.ഗ്രാം ടേക്ക്-ഓഫ് ഭാരം (പരമാവധി അനുവദിച്ചത്: 2,18,183 കി.ഗ്രാം).
- വിമാനത്തിൽ ‘അപകടകരമായ വസ്തുക്കൾ’ ഉണ്ടായിരുന്നില്ല.
കോക്ക്പിറ്റ് വോയിസ് റെക്കോർഡിംഗിൽ നിന്ന്
ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് എന്തുകൊണ്ടാണ് ഇന്ധനം കട്ട് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നു. താൻ അത് ചെയ്തില്ലെന്ന് രണ്ടാമത്തെ പൈലറ്റ് മറുപടി പറയുന്നു.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
ടേക്ക് ഓഫ് ചെയ്ത ഉടൻ, റാം എയർ ടർബൈൻ (Ram Air Turbine – RAT) വിന്യസിക്കപ്പെട്ടു. വിമാനത്തിന്റെ യാത്രാപാതയ്ക്ക് സമീപം പക്ഷികളുടെ സാന്നിധ്യം കാര്യമായി നിരീക്ഷിക്കപ്പെട്ടില്ല. വിമാനത്താവളത്തിന്റെ അതിർത്തി മതിൽ കടക്കുന്നതിന് മുൻപ് വിമാനം താഴ്ന്ന് പറക്കാൻ തുടങ്ങി.
ബ്ലാക്ക് ബോക്സുകൾ
- ജൂൺ 13-നും 16-നും കണ്ടെടുത്തു
- ജൂൺ 24-ന് ഡൽഹിയിലെത്തിച്ചു.
- യു.എസ്.സിലെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിൽ നിന്ന് ‘ഗോൾഡൻ ചേസിസ്’, ഡൗൺലോഡ് കേബിളുകൾ എന്നിവ സംഘടിപ്പിച്ചതിന് ശേഷം ഡാറ്റ ഡൗൺലോഡ് ചെയ്തു.
- ദുരന്തസമയത്തെ വിമാനം ഉൾപ്പെടെ ആറ് വിമാനങ്ങളുടെ 49 മണിക്കൂർ ഫ്ലൈറ്റ് ഡാറ്റ വീണ്ടെടുത്തു. ഓഡിയോ രണ്ട് മണിക്കൂറിന്റേതാണ്.
- ഓഡിയോയുടെയും ഫ്ലൈറ്റ് ഡാറ്റയുടെയും പ്രാഥമിക വിശകലനം പൂർത്തിയായി.
- വിമാനത്തിന്റെ ടെയിൽ ഭാഗത്തെ ബ്ലാക്ക് ബോക്സിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതിനാൽ സാധാരണ രീതിയിൽ ഡൗൺലോഡ് ചെയ്യാൻ കഴിഞ്ഞില്ല. മെമ്മറി കാർഡ് പരിശോധിക്കാൻ തുറന്നെങ്കിലും കേടുപാടുകൾ കണ്ടെത്തി.
ഫ്യൂവൽ കൺട്രോൾ സ്വിച്ച്
- ഫ്യൂവൽ കൺട്രോൾ സ്വിച്ച് ലോക്കിംഗ് സംവിധാനവുമായി ബന്ധപ്പെട്ട് 2018 ഡിസംബറിൽ FAA (ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ) ഒരു പ്രത്യേക എയർവർത്തിനെസ് ഇൻഫർമേഷൻ ബുള്ളറ്റിൻ (SAIB) പുറത്തിറക്കിയിരുന്നു.
- FAA ഇത് എയർവർത്തിനെസ് നിർദ്ദേശം ആവശ്യമായ അപകടകരമായ അവസ്ഥയായി കണക്കാക്കിയില്ല.
- SAIB ഉപദേശം മാത്രമായതിനാൽ നിർദ്ദേശിച്ച പരിശോധനകൾ നടത്തിയില്ലെന്ന് എയർ ഇന്ത്യ.
- മെയിന്റനൻസ് രേഖകൾ പരിശോധിച്ചപ്പോൾ, ത്രോട്ടിൽ കൺട്രോൾ മൊഡ്യൂൾ 2019-ലും 2023-ലും മാറ്റിസ്ഥാപിച്ചതായി കണ്ടെത്തി.
- മാറ്റിസ്ഥാപിച്ചതിന്റെ കാരണം ഫ്യൂവൽ കൺട്രോൾ സ്വിച്ചുമായി ബന്ധപ്പെട്ടതല്ല.
- 2023 മുതൽ ഫ്യൂവൽ കൺട്രോൾ സ്വിച്ചുമായി ബന്ധപ്പെട്ട് ഒരു തകരാറും റിപ്പോർട്ട് ചെയ്തിട്ടില്ല.
അന്വേഷണം ഇതുവരെ
- ഡ്രോൺ ഫോട്ടോഗ്രാഫിയും വീഡിയോയും ഉൾപ്പെടെ തകർന്ന സ്ഥലത്തെ പരിശോധനകൾ പൂർത്തിയാക്കി. തകർന്ന ഭാഗങ്ങൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
- രണ്ട് എഞ്ചിനുകളും വീണ്ടെടുത്ത് വിമാനത്താവളത്തിലെ ഒരു ഹാങ്ങറിൽ സൂക്ഷിക്കുന്നു.
- വിമാനത്തിന് ഇന്ധനം നിറയ്ക്കാൻ ഉപയോഗിച്ച ഇന്ധനത്തിന്റെ സാമ്പിളുകൾ പരിശോധിക്കുകയും തൃപ്തികരമെന്ന് കണ്ടെത്തുകയും ചെയ്തു.
- APU ഫിൽട്ടറിൽ നിന്നും ഇടത് ചിറകിലെ റീഫ്യൂവൽ/ജെറ്റിസൺ വാൽവിൽ നിന്നും വളരെ പരിമിതമായ അളവിലുള്ള ഇന്ധന സാമ്പിളുകൾ മാത്രമേ വീണ്ടെടുക്കാൻ കഴിഞ്ഞുള്ളൂ. അനുയോജ്യമായ സൗകര്യങ്ങളിൽ പരിശോധന നടത്തും.
- ബ്ലാക്ക് ബോക്സിൽ നിന്ന് ഡൗൺലോഡ് ചെയ്ത കോക്ക്പിറ്റ് ഡാറ്റ വിശകലനം ചെയ്തുകൊണ്ടിരിക്കുന്നു.
- സാക്ഷികളുടെയും അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരന്റെയും മൊഴികൾ രേഖപ്പെടുത്തി.
- പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളുടെ പൂർണ്ണമായ വിശകലനം എയറോമെഡിക്കൽ കണ്ടെത്തലുകളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നു.
- പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നു.
- വിമാന നിർമ്മാതാക്കളായ ബോയിംഗിനോ എഞ്ചിൻ നിർമ്മാതാക്കളായ ജനറൽ ഇലക്ട്രിക്കൽസിനോ നിലവിൽ ശുപാർശ ചെയ്ത നടപടികളൊന്നുമില്ല.
- അന്വേഷകർ കൂടുതൽ തെളിവുകളും രേഖകളും വിവരങ്ങളും പരിശോധിക്കും.