Kerala
അങ്കമാലിയിലെ ആറുമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; മുത്തശ്ശിയുടെ അറസ്റ്റ് രേഖപ്പെടുത്തി
അങ്കമാലി പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്
കൊച്ചി|അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ മുത്തശ്ശി റോസ്ലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അങ്കമാലി പോലീസ് ആണ് റോസ്ലിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. റോസ്ലി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. റോസ്ലിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതിന് പിന്നാലെയാണ് റോസ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുഞ്ഞിനെ റോസ്ലി കൊലപ്പെടുത്തിയതാണെന്ന് പോലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കൊലപാതകത്തിനു ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.കുടുംബാംഗങ്ങളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. ആത്മഹത്യക്ക് ശ്രമിച്ച മുത്തശ്ശി നിലവില്‍ പോലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആലുവ ഡിവൈ എസ് പിക്കാണ് അന്വേഷണ ചുമതല.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കുട്ടിയുടെ സംസ്‌ക്കാരം നടക്കും. ആന്റണി-റൂത്ത് ദമ്പതികളുടെ മകള്‍ ഡല്‍ന ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 9.30 ഓടെയാണ് അങ്കമാലിയെ നടുക്കിയ കൊലപാതകം നടന്നത്. ആന്റണിയും റൂത്തും കറുകുറ്റി ചീനിയിലുള്ള റൂത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവരെ കൂടാതെ റൂത്തിന്റെ മാതാപിതാക്കളും വീട്ടില്‍ ഉണ്ടായിരുന്നു.
ആറുമാസം പ്രായമായ കുഞ്ഞിനെ അടുക്കളയില്‍ കഞ്ഞിയെടുക്കാന്‍ പോകുമ്പോള്‍ റൂത്ത് മാതാവ് റോസ്ലിക്ക് അരികില്‍ കിടത്തിയതായിരുന്നു.അല്‍പസമയത്തിനുള്ളില്‍ തിരിച്ചുവന്നു നോക്കിയപ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന കുട്ടിയെ ആണ് കണ്ടത്. നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി കുഞ്ഞിനെ അങ്കമാലി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കഴുത്തില്‍ മുറിവുണ്ടായിരുന്നു. വിഷാദ രോഗത്തിന് ചികിത്സ തേടുന്നയാളാണ് മാതാവ് റോസ്ലി.


