Connect with us

Gulf

പ്രവാസത്തിന്റെ 32 വര്‍ഷങ്ങള്‍; വെണ്ണിയോട് സഖാഫി നാടണയുന്നു

1993ല്‍ ഷാര്‍ജയിലാണ് പ്രവാസത്തിന്റെ തുടക്കം

Published

|

Last Updated

അല്‍ഐന്‍ |പ്രവാസത്തിന്റെ മൂന്ന് പതിറ്റാണ്ട് പിന്നിട്ട രാവിരവുകള്‍ക്ക് വിരാമം കുറിച്ച് എ വി കുഞ്ഞി മുഹമ്മദ് സഖാഫി വെണ്ണിയോട് നാടണയുന്നു. വയനാട് ജില്ലയിലെ കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് ദേശത്ത് നിന്ന് കരിപ്പൂര്‍ വഴി വിമാനം കയറി 1993 ജൂണ്‍ 23ന് ഷാര്‍ജയില്‍ വന്നിറങ്ങി. ഒരാഴ്ച പിന്നിട്ട ശേഷം അല്‍ ഐനില്‍ ജോലി ചെയ്തിരുന്ന ഭാര്യാ സഹോദരന്‍ ജഅ്ഫറിന്റെ അടുത്ത് വന്നു. അവിടെ നിന്ന് എസ് വൈ എസിന്റെ മുദരിസായി കുറഞ്ഞ മാസങ്ങള്‍ വിവിധ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. പീന്നീട് പള്ളികളില്‍ പകരം ഇമാമായി ജോലി ചെയ്തു വരുന്നതിനിടയില്‍ യു എ ഇ മതകാര്യ വകുപ്പിന് കീഴില്‍ രണ്ടാം ഇമാമായി 1994 മാര്‍ച്ച് ഒന്നിന് ഊദ് ഒതോബയിലെ മര്‍ഹൂം ശൈഖ് ഖലീഫയുടെ ഉമ്മ ശൈഖാ ഹസ്സയുടെ പള്ളിയില്‍ നിയമിതനായി. ഒരേ പള്ളിയില്‍ 31 വര്‍ഷവും നാല് മാസവും ഇമാമായി സേവനം പൂര്‍ത്തിയാക്കി ഈ കഴിഞ്ഞ ജൂണ്‍ മുപ്പതിനാണ് പടിയിറങ്ങിയത്..

നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മര്‍ഹൂം ഇബ്രാഹീം മുസ്ലിയാരുടെ അടുത്ത് നിന്ന് തുടങ്ങിയ മത പഠനം യു പി അബൂബക്കര്‍ കുട്ടി മുസ്ലിയാരുടെ കീഴില്‍ പൂര്‍ത്തീകരിക്കുകയും ശേഷം ഉപരി പഠനത്തിനായി മര്‍ക്കസില്‍ പോവുകയും അവിടെ നിന്ന് 1990-ല്‍ ബിരുദം നേടി പുറത്തിറങ്ങി.ശേഷം പത്ത് വിദ്യാര്‍ത്ഥികളുമായി മാനന്തവാടി പള്ളിക്കലിനടുത്തുള്ള പാലമുക്കില്‍ മുദ്ദരിസായി ജോലിയില്‍ പ്രവേശിച്ചു. ഇതിനിടയിലാണ് പ്രവാസം ആരംഭിച്ചത്.

പരേതനായ അടുവാട്ട് സൂപ്പിയുടെയും- കുഞ്ഞാമിയുടെയും മകനായ കുഞ്ഞി മുഹമ്മദ് സഖാഫിക്ക് ഏഴ് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. സ്വന്തമായി വീടുപണിയാനും അഞ്ച് സഹോദരിമാരെ കെട്ടിച്ചയക്കാനും പള്ളി കേന്ദ്രീകരിച്ച് മയ്യിത്ത് നിസ്‌ക്കാരങ്ങളും വിദ്യാര്‍ഥികള്‍ക്ക് മദ്‌റസാ പഠന സംവിധാനങ്ങളും ഒരുക്കാനം ഇതിനിടയില്‍ സാധിച്ചു. കേരളത്തിലെ ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായ നിരവധി പണ്ഡിതന്‍മാരുമായും ആത്മബന്ധം സൂക്ഷിക്കാന്‍ കഴിഞ്ഞത് പ്രവാസത്തിലെ വലിയ അനുഗ്രഹമായി കാണുന്നുവെന്നും വെണ്ണിയോട് പറഞ്ഞു.

സംഘടനാ രംഗത്ത് എസ് വൈ എസിന്റെ വൈസ് പ്രസിഡന്റായും ,സെക്രട്ടറിയായും മര്‍ക്കസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കുറ്റ്യാടി സിറാജുല്‍ഹുദാ അല്‍ ഐന്‍ കമ്മിറ്റി പ്രസിഡന്റ്്, ജാമിഅ സഅദിയ്യ പ്രസിഡന്റ്, ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ്, ഐ സി എഫ് റീജ്യന്‍ സെനറ്റ് അംഗം തുടങ്ങി വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം നിലവില്‍ വയനാട് ജില്ലയിലെ കണിയാമ്പറ്റയിലാണ് താമസം.

കാസര്‍കോട് പെരുമ്പട്ടയിലെ മര്‍ഹൂം അബ്ദുല്‍ ഖാദര്‍ ഹാജി- ബീഫാത്വിമ ദമ്പദികളുടെ മകള്‍ നസീബയാണ് പത്‌നി. മക്കള്‍: അബൂദാബി മുസഫയില്‍ ടൈപ്പിസ്റ്റായി ജോലി ചെയ്യുന്ന ഉവൈസ്, നുസൈബ, നുസ്‌റത്ത്. ഇളയ മകന്‍ അനസ് സിറാജുല്‍ ഹുദയാല്‍ ജൂനിയര്‍ ദഅ്‌വാ വിദ്യാര്‍ഥിയാണ്. വയനാട് പരിയാരം സ്വദേശി സുഹൈല്‍ നിസാമി മരുമകനാണ്.

 

---- facebook comment plugin here -----

Latest