ahmedabad flight tragedy
വിമാനദുരന്തം: അന്വേഷണ റിപ്പോർട്ടിൽ പൈലറ്റുമാരുടെ പിഴവെന്ന് ദുസ്സൂചന; റിപ്പോർട്ട് തള്ളി പൈലറ്റ്‌സ് അസോസിയേഷൻ
അന്വേഷണത്തിൽ സുതാര്യതയില്ലെന്നും, യോഗ്യതയുള്ള, പരിചയസമ്പന്നരായ പൈലറ്റുമാരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പൈലറ്റ്സ് അസോസിയേഷൻ

ന്യൂഡൽഹി | ജൂൺ 12-ന് അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) റിപ്പോർട്ടിനെ തള്ളി ഇന്ത്യൻ പൈലറ്റുമാരുടെ സംഘടനയായ എയർലൈൻ പൈലറ്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ALPAI). പൈലറ്റുമാരുടെ പിഴവാണ് ദുരന്തത്തിനിടയാക്കിയത് എന്ന ദുസ്സൂചന നൽകുന്നതാണ് റിപ്പോർട്ടെന്ന് സംഘടന കുറ്റപ്പെടുത്തി. നീതിയുക്തവും വസ്തുതാപരവുമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ ഒപ്പോട് കൂടിയല്ലാതെയാണ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർന്നതെന്ന് എ എൽ പി എ ഐ ആരോപിച്ചു. അന്വേഷണത്തിൽ സുതാര്യതയില്ലെന്നും, യോഗ്യതയുള്ള, പരിചയസമ്പന്നരായ പൈലറ്റുമാരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
എഎഐബി റിപ്പോർട്ട് പ്രകാരം, ടേക്ക് ഓഫ് ചെയ്ത് മൂന്ന് സെക്കൻഡിനുള്ളിൽ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം നിലച്ചതാണ് ദുരന്തത്തിന് കാരണം. ഇന്ധനം വിച്ഛേദിക്കുന്ന സ്വിച്ചുകൾ (Fuel cut-off switches) ‘RUN’ എന്നതിൽ നിന്ന് ‘CUTOFF’ സ്ഥാനത്തേക്ക് മാറിയതാണ് ഇതിന് ഇടയാക്കിയത്.
കോക്ക്പിറ്റ് വോയിസ് റെക്കോർഡിംഗിൽ ഒരു പൈലറ്റ് മറ്റൊരാളോട് ഇന്ധനം എന്തുകൊണ്ട് കട്ട് ഓഫ് ചെയ്തു എന്ന് ചോദിക്കുന്നത് കേൾക്കാം. എന്നാൽ താൻ അത് ചെയ്തില്ലെന്ന് രണ്ടാമത്തെ പൈലറ്റ് മറുപടി നൽകുന്നതായും റിപ്പോർട്ടിൽ പറയുന്നു.