Connect with us

Kerala

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് വി ഡി സതീശന്‍; പ്രതിപക്ഷ നേതാവിന്റെ ജാഥ തന്നെ വര്‍ഗീയതയെ വെള്ള പൂശാനാണെന്ന് എം വി ഗോവിന്ദന്‍

മതനിരപേക്ഷ ഉള്ളടക്കമുള്ള കേരളത്തിലെ ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്നും ഗോവിന്ദന്‍

Published

|

Last Updated

കാസര്‍കോട് | നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജമാഅത്തെ ഇസ്ലാമി അമീര്‍ തന്നെ മതരാഷ്ട്രവാദത്തെ തള്ളിപ്പറഞ്ഞതാണ്, പിന്നെ പിന്തുണ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റെന്നും വി ഡി സതീശന്‍ ചോദിച്ചു.

ഇത്തരം വാദങ്ങള്‍ അവര്‍ കൂടെ കൊണ്ടുനടന്നിരുന്ന കാലത്ത്, ഏകദേശം നാലു പതിറ്റാണ്ട് കാലത്തോളം അവര്‍ സി പി എമ്മിന്റെ കൂടെയായിരുന്നു എന്ന കാര്യം മറക്കരുത്. അപ്പോഴൊന്നും ആര്‍ക്കും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സി പി എമ്മിന്റെ കൂടെ നില്‍ക്കുമ്പോള്‍ എല്ലാവരും മതേതരവാദികളും സി പി എം വിട്ടുകഴിഞ്ഞാല്‍ ഉടന്‍ വര്‍ഗീയവാദികളും ആകും. ആ നിലപാടിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇതെല്ലാം പ്രശ്നമാകുന്നത്. ആ നിലപാട് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയനസഭാ തിരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സ്വീകരിക്കുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തുവന്നു. പ്രതിപക്ഷ നേതാവിന്റെ ജാഥ തന്നെ ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാനാണ് എന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു. വര്‍ഗീയതയെ വെള്ളപൂശാനും രണ്ട് വോട്ട് കിട്ടാനും സതീശന്‍ എന്തും ചെയ്യുമെന്നും വര്‍ഗീയവാദികള്‍ക്ക് ഒപ്പം ചേരാനുള്ള നിലപാടാണ് വി ഡി സതീശന്‍ ഇപ്പോള്‍ എടുത്തിരിക്കുന്നത് എന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

ശൈഖ് മുഹമ്മദ് കാരക്കുന്നും ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പരസ്യമായി പറഞ്ഞത് ഇസ്ലാം മതരാഷ്ട്രം എന്ന സങ്കല്പം മാറ്റാനാവില്ലെന്നാണ്. പച്ചമലയാളം അറിയുന്നവര്‍ക്കെല്ലാമറിയാം അത് അവരുടെ വര്‍ഗീയമായ നിലപാടാണ് എന്ന്.
ന്യൂനപക്ഷ വര്‍ഗീയതയുടെ പ്രമുഖ സ്ഥാനത്തുള്ള ജമാഅത്തെ ഇസ്ലാമിയെ ഒപ്പം ചേര്‍ക്കാനുള്ള തത്രപ്പാടിലാണ് ഈ പ്രചരണം. മതനിരപേക്ഷ ഉള്ളടക്കമുള്ള കേരളത്തിലെ ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്നും വര്‍ഗീയ സമീപനത്തെ ജനങ്ങള്‍ തള്ളിക്കളയും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

 

 

Latest